1984ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ കരിയര്‍ ആരംഭിച്ച നടനാണ് ജഗദീഷ്. നായകനായും കോമഡി നടനായും ഒരുകാലത്ത് സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു ജഗദീഷ്. സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത ശേഷം ജഗദീഷ് അടുത്തിടെ ഗംഭീര തിരിച്ചുവരവാണ് നടത്തുന്നത്. വില്ലനായും സ്വഭാവനടനായും മികച്ച സിനിമകളുടെ ഭാഗമാകുന്ന ജഗദീഷിനെയാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി കാണാന്‍ സാധിക്കുന്നത്.
ഈയടുത്ത് ചെയ്തതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ജഗദീഷ്. നിതീഷ് സഹദേവ് സംവിധാനം ചെയ്ത ഫാലിമിയാണ് താന്‍ കുറച്ചധികം കഷ്ടപ്പെട്ട് ചെയ്ത സിനിമയെന്ന് ജഗദീഷ് പറഞ്ഞു. ആ സിനിമയില്‍ ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയറേണ്ട സീന്‍ ചിലത് ഉണ്ടായിരുന്നെന്നും അത് തനിക്ക് ചെറിയ ബുദ്ധിമുട്ടായിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
അതുപോലെ ബേസിലിനൊപ്പം ഓടേണ്ട സീനുകളും ഫാലിമിയില്‍ ഉണ്ടായിരുന്നെന്നും ആ സീനില്‍ ബേസിലിന്റെ കൂടെ ഓടിയെത്താന്‍ പാടുപെട്ടിരുന്നെന്നും ജഗദീഷ് പറഞ്ഞു. ഫിസിക്കലായി അത്തരം ഒരുപാട് സ്‌ട്രെയിന്‍ എടുത്തിട്ടുണ്ടെന്നും അതിനോടൊപ്പം ഇമോഷണലി ഒരുപാട് നല്ല സീനുകള്‍ ആ സിനിമയില്‍ ഉണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.
ആ സിനിമയില്‍ താന്‍ സംതൃപ്തനാണെന്നും അത് പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ജഗദീഷ് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ആളുകള്‍ നല്ലത് പറയുമ്പോള്‍ സന്തോഷമുണ്ടെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ ആഭ്യന്തര കുറ്റവാളിയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തിലാണ് ജഗദീഷ് ഇക്കാര്യം പറഞ്ഞത്.
‘ഒരു ആക്ടര്‍ എന്ന നിലയില്‍ ശാരീരികമായി കുറച്ചധികം ബുദ്ധിമുട്ടി ചെയ്തത് ഫാലിമി എന്ന സിനിമയിലാണ്. ആ പടത്തില്‍ ട്രെയിനിന് പിന്നാലെ ഒടുന്നതും ചാടിക്കയറുന്നതുമായ സീനുകള്‍ കുറച്ച് ഉണ്ടായിരുന്നു. ഈ പ്രായത്തില്‍ എനിക്ക് അത്തരം സീനുകള്‍ ചെയ്യാന്‍ പാടായിരുന്നു. പക്ഷേ, ആ സിനിമക്ക് വേണ്ടി അതെല്ലാം ചെയ്യേണ്ടി വന്നു.
അത് മാത്രമല്ല, ബേസിലിന്റെ കൂടെ ഓടുന്ന സീനും ഉണ്ടായിരുന്നു. കുറച്ചധികം ദൂരം ഓടേണ്ടി വന്നു. ആ സീനിലൊക്കെ ബേസിലിന്റെ കൂടെ ഓടിയെത്താന്‍ പാടുപെട്ടു. അങ്ങനെ ഫിസിക്കലി ഒരുപാട് സ്‌ട്രെയിന്‍ ആ സിനിമക്ക് വേണ്ടി എടുത്തിട്ടുണ്ട്. അതിനോടൊപ്പം കുറച്ച് ഇമോഷണല്‍ പരിപാടികളും ആ പടത്തിലുണ്ടായിരുന്നു. പ്രേക്ഷകരില്‍ നിന്ന് ആ സിനിമക്ക് പോസിറ്റീവ് റെസ്‌പോണ്‍സ് കിട്ടിയത് സന്തോഷം തന്ന കാര്യമാണ്,’ ജഗദീഷ് പറയുന്നു.
Content Highlight: Jagadeesh saying he strained physically a lot for Falimy movie