ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് വിജയം. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 11 റണ്‍സിന്റെ വിജയമാണ് ഹോം ടീം സ്വന്തമാക്കിയത്.
ആര്‍.സി.ബി ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
സീസണില്‍ ഇതാദ്യമായാണ് ആര്‍.സി.ബി ഹോം ഗ്രൗണ്ടില്‍ വിജയിക്കുന്നത്. ബെംഗളൂരുവില്‍ ഇതിന് മുമ്പ് കളിച്ച മൂന്ന് മത്സരത്തിലും പരാജയപ്പെട്ട ശേഷമാണ് ആര്‍.സി.ബി ചിന്നസ്വാമിയില്‍ പെരിയ വിജയം സ്വന്തമാക്കിയത്. വിജയശതമാനം രാജസ്ഥാനൊപ്പമായിരുന്നിട്ടും കഴിഞ്ഞ മത്സരങ്ങളിലെ പോലെ വിക്കറ്റ് തകര്‍ച്ചയാണ് രാജസ്ഥാന് വിനയായത്.
എന്നാല്‍ മത്സരത്തില്‍ ആര്‍.സി.ബി താരം സുയാഷ് ശര്‍മ നടത്തിയ നിയമവിരുദ്ധമായ ഒരു ഫീല്‍ഡിങ്ങാണിപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നത്. മത്സരത്തിന്റെ ഒമ്പതാം ഓവറില്‍ രാജസ്ഥാന്‍ താരം ധ്രുവ് ജുറാളിന്റെ ഷോട്ടില്‍ സുയാഷ് ശര്‍മ ഫൈന്‍ ലെഗ്ഗില്‍ പന്ത് തടഞ്ഞു നിര്‍ത്തിയത് തന്റെ തൊപ്പി ഉപയോഗിച്ചായിരുന്നു. ഐ.സി.സിയുടെ നിയമപ്രകാരം ഇത് തെറ്റായ ഒരു കാര്യമാണ്.
നിയമ പ്രകാരം ഇത്തരത്തില്‍ കൈകള്‍ക്ക് പകരം മറ്റൊരു വസ്തുകൊണ്ട് ഫീല്‍ഡ് ചെയ്താല്‍ എതിര്‍ ടീമിന് പെനാല്‍റ്റിയായി അഞ്ച് റണ്‍സ് നല്‍കും. എന്നാല്‍ അമ്പയര്‍ രാജസ്ഥാന് അനുകൂലമായ വിധി പറയുകയോ അഞ്ച് റണ്‍സ് അധികമായി നല്‍കുകയോ ചെയ്തിരുന്നില്ല. മത്സരത്തില്‍ കമന്റേറ്റര്‍മാര്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
Suyash Sharma Collected The Ball With Cap But Umpire Didn’t Given 5 Runs Penalty…Looks Like Yesterday HaaRCB Team Used Umpire As Their 13th Impact Player pic.twitter.com/QvJ7sqF7bA
— CB (@PokkiriYedhava) April 25, 2025
ബെംഗളൂരുവിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് വിരാട് കോഹ്ലിയും ദേവ്ദത്ത് പടിക്കലുമാണ്. വിരാട് 42 പന്തില്‍ 70 റണ്‍സ് നേടിയപ്പോള്‍ പടിക്കല്‍ 27 പന്തില്‍ നിന്ന് 50 റണ്‍സും നേടി. ഓപ്പണര്‍ ഫില്‍ സാള്‍ട്ട് 26 റണ്‍സും നേടി.
രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റെടുത്തപ്പോള്‍ വാനിന്ദു ഹസരങ്കയും ജോഫ്രാ ആര്‍ച്ചറും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
യശസ്വി ജെയ്സ്വാളാണ് രാജസ്ഥാന് വേണ്ടി മികവ് പുലര്‍ത്തിയത്. 19 പന്തില്‍ 49 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ധ്രുവ് ജുറെല്‍ 34 പന്തില്‍ 47 റണ്‍സും നിതീഷ് റാണ 22 പന്തില്‍ 28 റണ്‍സും നേടി. ബെംഗളൂരുവിന് വേണ്ടി 33 റണ്‍സ് വിട്ടുനല്‍കി നാല് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് ബൗളിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത്. ക്രുണാല്‍ പാണ്ഡ്യ രണ്ട് വിക്കറ്റും യാഷ് ദയാല്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
Content Highlight: IPL 2025: RR VS RCB: An illegal fielding by Suyash Sharma