കോഴിക്കോട്: സംഘപരിവാര്‍ നിയന്ത്രണമുള്ള ജനം ടി.വിയിലൂടെ നടന്‍ പൃഥ്വിരാജിനെതിരെ നടത്തിയ വ്യക്തിഹത്യക്കെതിരെ പ്രതിഷേധമറിയിച്ച് ജനം ടി.വി ചെയര്‍മാന്‍ കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍.
ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നടന്‍ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭ്യതാ എന്നത് ഒരു സംസ്‌കാരമാണ്, താന്‍ ആ സംസ്‌കാരത്തോട് ഒപ്പമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
‘ ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് നടന്‍ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, തീര്‍ച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ വയ്യ.
പൃഥിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്,’ പ്രിയദര്‍ശന്‍ പറഞ്ഞു.
അതേസമയം, ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ഇതിനിടെ ജീവനക്കാരുടെ അധ്യാപകരുടെയും കുറവ് ചൂണ്ടിക്കാട്ടി 15ഓളം സ്‌കൂളുകളാണ് ലക്ഷദ്വീപില്‍ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം അഞ്ച് സ്‌കൂളുകള്‍ പൂട്ടി. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ മറ്റു ദ്വീപുകളിലേക്ക് അടിയന്തരമായി സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.
ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.
കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.
മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.
കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.
അതേസമയം ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്.
കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.