Kerala News
'ആക്ടിവിസം അത്ര എളുപ്പമല്ല; കുടുംബത്തെ ഓര്‍ത്ത് വേണ്ടെന്ന് വെച്ചാലോ എന്ന് വരെ കരുതിയതാണ്'; തുറന്ന് പറച്ചിലുകളുമായി ടി.എം കൃഷ്ണ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 28, 10:19 am
Thursday, 28th January 2021, 3:49 pm

കോഴിക്കോട്: ആക്ടിവിസം അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് വിഖ്യാത സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. മലയാള മനോരമ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തെ ഓര്‍ത്ത് എല്ലാം അവസാനിപ്പിച്ചാലോ എന്ന് കരുതിയതാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ എടുത്ത രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് വ്യക്തമാക്കുകയായിരുന്നു ടി.എം കൃഷ്ണ.

‘ആക്ടിവിസം അത്ര എളുപ്പമല്ല. രണ്ട് വര്‍ഷം മുന്‍പ് കച്ചേരിക്ക് അവസരം നിഷേധിച്ച സംഭവത്തെ തുടര്‍ന്ന് നിരവധി ഭീഷണികളുണ്ടായി. പൊലീസ് സംരക്ഷണത്തിലായിരുന്നു കുറെ കാലം ജീവിതം. കുടുംബത്തെ ഓര്‍ത്ത് ഇതൊക്കെ നിര്‍ത്തിയാലോ എന്ന് കരുതിയിട്ടുണ്ട്. എന്നാല്‍ എനിക്കങ്ങനെ സാധിക്കുമായിരുന്നില്ല,’ ടി. എം കൃഷ്ണ പറയുന്നു.

രാജ്യത്തിന്റെ ആത്മാവിനായാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും താനൊരു ഇടത് സോഷ്യലിസ്റ്റ് ആണെന്നും ടി.എം കൃഷ്ണ പറഞ്ഞു.

2018ല്‍ തീവ്ര വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംഘാടകരായ എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ ടി.എം കൃഷ്ണയുടെ കച്ചേരി വേണ്ടെന്ന് വെച്ചിരുന്നു.

പണ്ട് അവനവനെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന വരേണ്യനായിരുന്ന ഒരാളായിരുന്നു താനെന്നും ചില തിരിച്ചറിവുകളില്‍ നിന്നാണ് തനിക്ക് മാറ്റമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ചില തിരിച്ചറിവുകളില്‍ നിന്നാണ് മാറ്റങ്ങള്‍ ആരംഭിക്കുന്നത്. പത്തോ ഇരുപതോ വര്‍ഷം മുമ്പ് തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു വരേണ്യനായ സംഗീതകാരനായിരുന്നു ഞാന്‍. എന്നാല്‍ കലയില്‍ ജാതിയുണ്ടെന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു,’ ടി. എം കൃഷ്ണ പറഞ്ഞു.

ഉയര്‍ന്ന സംഗീതം താഴ്‌സന്ന സംഗീതം എന്ന തരം തിരിവുകളൊക്കെ സൃഷ്ടിച്ചത് ആരാണ്? നമ്മുടേതല്ലാത്ത സമൂഹങ്ങളുടെ സംഗീതം വെറും ശബ്ദങ്ങളായി മാത്രമാകും നമുക്ക് തോന്നുക. എന്നാല്‍ അതിനെ വെറും സംഗീതമായി തന്നെ കാണാന്‍ സാധിക്കുമ്പോഴാണ് നാം യഥാര്‍ത്ഥ മനുഷ്യനാവുക എന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി പ്രതിഷേധ വേദിയില്‍ ടി. എം കൃഷ്ണ

ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തിന്റെ അടിത്തറ തകര്‍ക്കുന്നവരാണെന്നും ബി.ജെ.പി സര്‍ക്കാര്‍ നല്‍കുന്ന ഒരു പുരസ്‌കാരവും സ്വീകരിക്കില്ലെന്നും ടി. എം കൃഷ്ണ പറഞ്ഞിരുന്നു.

കര്‍ണാടക സംഗീതത്തിന്റെ പാരമ്പര്യ ചട്ടക്കൂടുകള്‍ക്ക് പുറത്ത് കടന്ന സംഗീതജ്ഞനാണ് ടി.എം കൃഷ്ണ. പൗരത്വ പ്രതിഷേധത്തോടനുബന്ധിച്ച് ഷഹീന്‍ ബാഗിലെത്തി അദ്ദേഹം കച്ചേരി നടത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: TM Krishna explains that activism is not as much as simple