ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. രാജസ്ഥാന്റെ തട്ടകമായ സവായി മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഏഴ് പരാജയങ്ങള്‍ വഴങ്ങിയാണ് രാജസ്ഥാന്‍ മത്സരത്തിന് ഒരുങ്ങുന്നത്.
അതേ സമയം പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് വിജയക്കുതിപ്പ് തുടരാനും പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കാനുമാണ് ലക്ഷ്യം വെക്കുന്നത്. വിജയം ഉറപ്പാക്കിയ മത്സരങ്ങളില്‍ പോലും രാജസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത് ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ വിജയിച്ച് തിരിച്ചുവരാനാണ് രാജസ്ഥാന്‍ ഒരുങ്ങുന്നത്.
ഇപ്പോള്‍ രാജസ്ഥാന്‍ ടീമിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരം രാജസ്ഥാന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണെന്നും ഈ സമയത്തും തങ്ങളുടെ കുഴപ്പമെന്താണെന്നും അതെങ്ങനെ നേരിടണമെന്നും ടീമിന് ഒരു ധാരണയില്ലെന്നും ചോപ്ര പറഞ്ഞു.
സമീപകാലത്ത് രാജസ്ഥാന്‍ ഇത്ര മോശമായിരുന്നില്ലെന്നും ടീമിന് എങ്ങനെയാണ് ലേലം ഇത്ര മോശമായി പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര.
‘രാജസ്ഥാന്‍ ഈ മത്സരത്തില്‍ തോറ്റാല്‍ അവര്‍ സാങ്കേതികമായും ഗണിതപരമായും പുറത്താകും. മേധാവിത്വത്തെക്കുറിച്ച് മറക്കുക, ഇപ്പോള്‍ അത് അവരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.
എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ക്ക് മനസിലാകുന്നില്ല. ഈ സമയത്തും അവര്‍ക്ക് അത് എങ്ങനെ നേരിടണമെന്നും പരിഹരിക്കണമെന്നും ഒരു ധാരണയുമില്ല. രാജസ്ഥാന്‍ അസാധാരണമായ എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍ ഈ സീസണ്‍ അവര്‍ക്ക് ഒരു പേടിസ്വപ്നമായി മാറും.
സമീപകാലത്ത് രാജസ്ഥാന്‍ ഇത്ര മോശമായിരുന്നില്ല. പെട്ടെന്ന്, ഇതുപോലൊന്ന് സംഭവിച്ചാല്‍, ലേലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുക. നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്ര തെറ്റായി പോയത്?’ ചോപ്ര പറഞ്ഞു.
സമീപകാല സീസണുകളിലൊന്നുമില്ലാത്ത വിധം മോശം ഫോമിലൂടെയാണ് രാജസ്ഥാന്‍ റോയല്‍സ് കടന്നു പോവുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് ജയം മാത്രമാണ് ടീമിന് നേടാന്‍ സാധിച്ചത്. നിലവില്‍ പിങ്ക് ആര്‍മി ഏഴ് തോല്‍വിയും നാല് പോയിന്റുമായി പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്.
ബെഞ്ച് സ്‌ട്രെങ്ത് ഇല്ലാത്തതും ഏറെ പ്രതീക്ഷയോടെ നിലനിര്‍ത്തിയ താരങ്ങള്‍ ഫോമിലെത്താത്തതുമാണ് ടീമിന് വിനയായത്. രാജസ്ഥാന്റെ നെടും തൂണായ ക്യാപ്റ്റന്‍ സഞ്ജു സാംസണിന് പരിക്കേറ്റതും ടീമിന് തിരിച്ചടിയായി.
Content Highlight: IPL 2025: Akash Chopra talks about Rajasthan Royals