40ാം വയസിലും ഫുട്‌ബോള്‍ ലോകത്ത് ഐതിഹാസികമായ പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ് റൊണാള്‍ഡോ. ഇതിനോടകം തന്നെ ഫുട്‌ബോള്‍ കരിയറില്‍ വ്യത്യസ്തത ടീമുകള്‍ക്ക് വേണ്ടി കളിച്ചുകൊണ്ട് 934 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയിട്ടുള്ളത്. 66 ഗോളുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ 1000 ഗോളുകള്‍ എന്ന ഐതിഹാസിക നേട്ടം കൈവരിക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കും.
പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്കിന് വേണ്ടി കളിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ലിവര്‍പൂള്‍ താരം ഡയറ്റ്മര്‍ ഹാമാന്‍.
2009ല്‍ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് റയല്‍ മാഡ്രിഡിലേക്ക് പോയ സമയങ്ങളില്‍ ബയേണ്‍ മ്യൂണിക് റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയെന്നും ഡയറ്റ്മര്‍ ഹാമാന്‍ പറഞ്ഞു. ഇന്‍സ്റ്റന്റ് കാസിനോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകായായിരുന്നു മുന്‍ ലിവര്‍പൂള്‍ താരം.
‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട സമയങ്ങളില്‍ ബയേണ്‍ മ്യൂണിക് അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹം ബുണ്ടസ്‌ലിഗയില്‍ കളിക്കുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. ഇംഗ്ലീഹ് പ്രീമിയര്‍ ലീഗ്, ലാ ലിഗ ഏറ്റവും മികച്ച ഈ രണ്ട് ലീഗുകളില്‍ അദ്ദേഹം കളിക്കുകയും വിജയിക്കുകയും ചെയ്തു. എന്നാല്‍ ജര്‍മന്‍ ക്ലബ്ബുകള്‍ക്ക് വേതനവും ട്രാന്‍സ്ഫര്‍ ഫീസും എപ്പോഴും വലിയ ചോദ്യം ഉയര്‍ത്തിയ ഒന്നായിരുന്നു,’ ഡയറ്റ്മര്‍ ഹാമാന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ യൊക്കോഹാമ എം.എമ്മിനെ പരാജയപ്പെടുത്തി അല്‍ നസര്‍ സെമി ഫൈനലിലേക്ക് മുന്നേറിയിരുന്നു. യൊക്കോഹാമയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റൊണാള്‍ഡോയും സംഘവും പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ റൊണാള്‍ഡോയും അല്‍ നസറിന് വേണ്ടി ഗോള്‍ നേടി തിളങ്ങിയിരുന്നു. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിന്റെ ഈ സീസണില്‍ എട്ട് ഗോളുകളാണ് ഇതുവരെ റൊണാള്‍ഡോ നേടിയിട്ടുള്ളത്.
Content Highlight: Dietmar Hamann Talking About Cristiano Ronaldo