ഒന്റാരിയോ: അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഇന്ത്യയുമായുള്ള ബന്ധം പുനസ്ഥാപിക്കുമെന്ന് സൂചന നല്‍കി കാനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ശനിയാഴ്ച രാവിലെ ഒന്റാരിയോയിലെ കിങ് സിറ്റിയില്‍ നടന്ന ഒരു റാലിയില്‍ സംസാരിക്കവെയാണ് കാര്‍ണി ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ വൈ മീഡിയ നെറ്റ്‌വര്‍ക്കിന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കാര്‍ണി ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യയുമായുള്ള ബന്ധം കാനഡയ്ക്ക് പ്രധാനപ്പെട്ടതാണെന്നും കാര്‍ണി പറഞ്ഞു.
‘പല തലങ്ങളിലും കാനഡ-ഇന്ത്യ ബന്ധം വളരെ പ്രധാനപ്പെട്ട ഒന്നാണ്. വ്യക്തിപരമായ തലത്തിലും സാമ്പത്തികമായും തന്ത്രപരമായും കനേഡിയക്കാര്‍ക്ക് ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധമുണ്ട്,’ മാര്‍ക്ക് കാര്‍ണി പറഞ്ഞു.
കാര്‍ണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഇന്ത്യയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതിന്റെ പ്രധാന സൂചനയാണ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള കാര്‍ണിയുടെ പ്രതികരണമെന്ന വിലയിരുത്തലുണ്ട്. ഇത്തരം അഭിപ്രായങ്ങള്‍ കാര്‍ണി മുമ്പും പ്രകടിപ്പിച്ചിരുന്നു.
മാര്‍ച്ച് ഒന്നിന് ഗ്രേറ്റര്‍ ടൊറോന്റോ ഏരിയയില്‍ പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള മത്സരത്തിനിടെ കാനഡയ്ക്ക് പുതിയ സുഹൃത്തുക്കളെയും പുതിയ സഖ്യകക്ഷികളെയും ആവശ്യമാണെന്ന് കാര്‍ണി പറഞ്ഞിരുന്നു. ഈ പ്രസംഗത്തില്‍ കാര്‍ണി ഇന്ത്യയെ പരാമര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മൂന്ന് ദിവസത്തിന് ശേഷം ഇതൊരു ഒറ്റപ്പെട്ട പരാമര്‍ശമല്ലെന്ന് ആല്‍ബര്‍ട്ടയിലെ കാല്‍ഗറിയില്‍ വെച്ച് കാര്‍ണി മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി. കൂടാതെ സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായുള്ള നമ്മുടെ വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് കാനഡ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും ഇന്ത്യയുമായുള്ള ബന്ധം പുനര്‍നിര്‍മിക്കാനുള്ള അവസരങ്ങളുണ്ടെന്നും കാര്‍ണി കൂട്ടിച്ചേര്‍ത്തു.
‘സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായുള്ള നമ്മുടെ വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവല്‍ക്കരിക്കുക എന്നതാണ് കാനഡ ചെയ്യാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധവും പുനര്‍നിര്‍മിക്കാനുള്ള അവസരങ്ങളുണ്ട്,’ കാര്‍ണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ട്രംപ് അമേരിക്കയുടെ പ്രസിഡന്റായതോടെ കാനഡയെ ആശങ്കപ്പെടുന്ന പല തീരുമാനങ്ങളും അവരുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്ക എടുത്തിരുന്നു. ഇതോടെ അമേരിക്ക-കാനഡ ബന്ധത്തില്‍ വിള്ളല്‍ വന്നതോടെയാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോടുള്ള കാനഡയുടെ സമീപനത്തില്‍ മാറ്റം വന്നത്.
‘ലോക സമ്പദ്വ്യവസ്ഥയും ആഗോള വ്യവസ്ഥയും പുനര്‍നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളുമായി കാനഡയ്ക്ക് തുറന്ന സമ്പദ്വ്യവസ്ഥ, ഊഷ്മളമായ ബന്ധം എന്നിവ കെട്ടിപ്പടുക്കുന്നതില്‍ വലിയ പങ്കു വഹിക്കാന്‍ കഴിയുമെന്ന് അനുഭവത്തില്‍ നിന്ന് ഞാന്‍ പറയുകയാണ്. വ്യാപാര യുദ്ധം പോലുള്ള നെഗറ്റീവ് സംഭവങ്ങള്‍ കാരണം അതിനുള്ള അവസരം കൂടുതലാണെന്ന് ഞാന്‍ കരുതുന്നു,’ കാര്‍ണി പറഞ്ഞു.
കാര്‍ണിക്ക് പുറമെ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരിലും ഈ മാറ്റം പ്രകടമായിരുന്നു. കാര്‍ണിക്ക് ന്യൂദല്‍ഹിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാറിലും ധാരാളം സുഹൃത്തുക്കളുണ്ടെന്നും ആ ബന്ധങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമെന്നും മന്ത്രിമാരില്‍ ഒരാള്‍ അടുത്തിടെ പറഞ്ഞിരുന്നു. കാര്‍ണിയുടെ ഭരണത്തില്‍ കാനഡ പല ബന്ധങ്ങളും പുനഃസ്ഥാപിക്കുമെന്ന് മറ്റൊരു മന്ത്രി പറഞ്ഞിരുന്നു.
2023 ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേ പട്ടണത്തില്‍വെച്ച് ഖാലിസ്ഥാന്‍ നേതാവായ ഹര്‍ദീപ് സിങ് നിജ്ജറെ വെടിവെച്ച് കൊലപ്പെടുത്തിയതോടെയാണ് കാനഡ-ഇന്ത്യ ബന്ധത്തില്‍ വിള്ളല്‍ വീണത്. അതിനുശേഷം കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ തകര്‍ന്ന് പോയ ഈ ബന്ധം പുനസ്ഥാപിക്കാന്‍ ഇരു രാജ്യങ്ങള്‍ക്ക് മുന്നിലും പുതിയ വഴികളുണ്ടെന്ന് പിന്നീട് പ്രധാനമന്ത്രിയായി ചുമതലയേറ്റ കാര്‍ണി അഭിപ്രായപ്പെട്ടിരുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് തിരികെയെത്താനായി ഇരുപക്ഷവും പലതരത്തിലുള്ള കൂടിയാലോചനകള്‍ നടത്തിയിരുന്നു. വാന്‍കൂവറിലുള്ള ഏഷ്യ പസഫിക് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് റിസര്‍ച്ച് ആന്‍ഡ് സ്ട്രാറ്റജി വിന നദ്ജിബുള്ളയും സൗത്ത് ഏഷ്യ പ്രോഗ്രാം മാനേജര്‍ സുവോലക്ഷ്മി ദത്ത ചൗധരിയും ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
ഈ വര്‍ഷത്തെ ജി7 ഉച്ചകോടിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കാന്‍ സഹായകരമായേക്കാം എന്ന നിര്‍ദേശവും ഇവര്‍ മുന്നോട്ട് വെച്ചിരുന്നു.
കൂടാതെ 2023ല്‍ അമേരിക്കയില്‍വെച്ച് സിഖ് ഫോര്‍ ജസ്റ്റിസ് ജനറല്‍ കൗണ്‍സല്‍ ഗുര്‍പത്വന്ത് പന്നൂനെതിരെ നടന്ന വധശ്രമത്തിന് സമാനമായി നിജ്ജാര്‍ കൊലപാതകത്തിലും ന്യൂദല്‍ഹിക്ക് ഉന്നതതല അന്വേഷണം നടത്താമെന്നും ഇരുവരും നിര്‍ദ്ദേശിച്ചു.
ഒട്ടാവയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചയുടനെ ഇരു രാജ്യങ്ങളും ഹൈക്കമ്മീഷണര്‍മാരെ നിയമിക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൂടാതെ കാനഡയ്ക്ക് പുറമെ ഇന്ത്യയും ഉഭയകക്ഷി ബന്ധം പുനര്‍നിര്‍മിക്കാന്‍ തയ്യാറാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞിരുന്നു. പരസ്പര വിശ്വാസത്തിന്റെയും സംവേദനക്ഷമതയുടെയും അടിസ്ഥാനത്തില്‍ ബന്ധങ്ങള്‍ പുനര്‍നിര്‍മക്കാന്‍ കഴിയുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Will restore ties with India if returned to power: Canadian Prime Minister Mark Carney