2025 IPL
സാക്ഷാല്‍ സച്ചിനെ വെട്ടാന്‍ സഞ്ജുവിന്റെ വജ്രായുധം; വേണ്ടത് വെറും 37 റണ്‍സ്!
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 28, 09:47 am
Monday, 28th April 2025, 3:17 pm

 

ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരമാണ് ഇന്ന് നടക്കുന്നത്. രാജസ്ഥാന്റെ തട്ടകമായ സവായി മാന്‍സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഏഴ് പരാജയങ്ങള്‍ വഴങ്ങിയാണ് രാജസ്ഥാന്‍ സീസണിലെ 10ാം മത്സരത്തിന് ഒരുങ്ങുന്നത്.

അതേ സമയം പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് വിജയക്കുതിപ്പ് തുടരാനാണ് ലക്ഷ്യം വെക്കുന്നത്. വിജയം ഉറപ്പാക്കിയ മത്സരങ്ങളില്‍ പോലും രാജസ്ഥാന്‍ പരാജയം ഏറ്റുവാങ്ങിയത് ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ ഹോം ഗ്രൗണ്ടില്‍ വിജയിച്ച് തിരിച്ചുവരാനാണ് രാജസ്ഥാന്‍ കച്ചമുറുക്കുന്നത്. അതേസമയം ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പരിക്ക് ടീമിനെ ആശങ്കപ്പെടുത്തുന്നതാണ്.

ഈ നിര്‍ണായകമായ മത്സരത്തില്‍ രാജസ്ഥാന്‍ താരം യശ്വസി ജെയ്സ്വാളിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്. ഐ.പി.എല്ലില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കാനുള്ള അവസരമാണ് ജെയ്സ്വാളിന്റെ മുന്നിലുള്ളത്. മത്സരത്തില്‍ 37 റണ്‍സ് കൂടി നേടിയാല്‍ ജെയ്സ്വാളിന് ഈ നേട്ടം സ്വന്തമാക്കാം. ഗുജറാത്തിനെതിരെ 37 റണ്‍സ് നേടിയാല്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിനെ മറികടക്കാനും ജെയ്സ്വാളിന് സാധിക്കും.

ഐ.പി.എല്ലില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്താനാണ് ജെയ്‌സ്വാളിന് സാധിക്കുക. സച്ചിന്‍ 63 മത്സരങ്ങളില്‍ നിന്നുമാണ് 2000 റണ്‍സ് സ്വന്തമാക്കിയത്. ജെയ്‌സ്വാള്‍ ഇതിനോടകം തന്നെ 61 മത്സരങ്ങളില്‍ നിന്നും 1963 റണ്‍സാണ് നേടിയിട്ടുള്ളത്.

സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 356 റണ്‍സാണ് താരം നേടിയത്. 75 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 39.56 എന്ന ആവറേജും 148.95 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. നിലവില്‍ സീസണില്‍ നാല് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെയാണ് താരം മികവ് പുലര്‍ത്തുന്നത്.

Content Highlight: IPL 2025: Yashaswi Jaiswal Need 37 Runs To Achieve Great Record In IPL