ന്യൂയോർക്ക്: അമേരിക്കയിൽ ഫലസ്തീൻ അനുകൂല പോസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണങ്ങൾ തള്ളി വീഡിയോ ആപ്പ് ആയ ടിക്ടോക്.
അമേരിക്കൻ യുവാക്കളുടെ മനസ്സുമാറ്റുക എന്ന ലക്ഷ്യത്തോടെ ടിക്ടോക് മനപൂർവം ഫലസ്തീൻ അനുകൂല ഉള്ളടക്കം പ്രോത്സാഹിപ്പിക്കുകയാണ് എന്ന ആരോപണവുമായി റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ രംഗത്ത് വന്നിരുന്നു.
നേരത്തെ ഉണ്ടായിരുന്ന ‘ഫ്രീ ഫലസ്തീൻ,’ ‘സ്റ്റാൻഡ് വിത്ത് ഫലസ്തീൻ’ ഹാഷ്ടാഗുകൾക്ക് കൂടുതൽ റീച്ച് ലഭിക്കുമെന്നും ‘സ്റ്റാൻഡ് വിത്ത് ഇസ്രഈൽ’ പുതിയ ഹാഷ്ടാഗ് ആണെന്നും ടിക്ടോക് ചൂണ്ടിക്കാണിക്കുന്നു. യു.എസിൽ കഴിഞ്ഞ 30 ദിവസങ്ങളിൽ മാത്രമാണ് ഇസ്രഈൽ അനുകൂല ഹാഷ്ടാഗിൽ നിന്ന് പോസ്റ്റുകൾ ഉണ്ടായതെന്നും ടിക്ടോക് പങ്കുവെച്ച വാർത്താകുറിപ്പിൽ പറയുന്നു.
അതേസമയം അമേരിക്കൻ യുവാക്കൾക്കിടയിൽ ഇസ്രഈൽ അനുകൂല നിലപാട് ഫലസ്തീനോടുള്ള താത്പര്യത്തെ അപേക്ഷിച്ച് കുറവാണെന്നും ടിക്ടോക് ചൂണ്ടിക്കാണിക്കുന്നു.
‘കുറച്ച് കാലമായി അമേരിക്കൻ യുവാക്കൾ ഇസ്രഈലിന് നൽകുന്ന പിന്തുണ കുറവാണ് (ഫലസ്തീനോടുള്ള അനുകമ്പയുമായി താരതമ്യം ചെയ്യുമ്പോൾ). ടിക്ടോക് രൂപപ്പെടുന്നതിനും എത്രയോ മുമ്പ് 2010ൽ പുറത്തുവന്ന ഗാലപ്പ് പോളിങ് ഡാറ്റ ഇതിനെ സാധൂകരിക്കുന്നു.
യുദ്ധം ആരംഭിക്കുന്നതിനും മുമ്പ് 2023 മാർച്ചിൽ നടന്ന ഗാലപ്പ് പോളിൽ ഇസ്രഈൽ-ഫലസ്തീൻ സംഘർഷത്തോടുള്ള യുവാക്കളുടെ മനോഭാവം വലിയ രീതിയിൽ മാറുന്നതായി കണ്ടെത്തിയിരുന്നു.
അതേസമയം 2023 ഒക്ടോബർ 26ലെ ഇച്ചെലോൺ പോൾ യു.എസിലെ 40 വയസിന് താഴെയുള്ള ടിക്ടോക് ഉപയോക്താക്കൾ കൂടുതലും ഇസ്രഈലിനെ പിന്തുണക്കുന്നതായി പറയുന്നു (ഇസ്രഈൽ 33%, ഫലസ്തീൻ 28%).
പ്യൂ റിസേർച്ച് ഡാറ്റ പ്രകാരം 1980ന് ശേഷം ജനിച്ച അമേരിക്കക്കാർക്കിടയിൽ ഫലസ്തീൻ പിന്തുണ വർധിക്കുകയാണ്. ഇത് പുതിയതല്ലെന്നും ടിക്ടോക് വരുന്നതിന് മുമ്പേ ഈ രീതി ഉണ്ടെന്നുമാണ് ഡാറ്റ പറയുന്നത്. അതുകൊണ്ട് ടിക്ടോകിനെതിരെ ഏകപക്ഷീയമായി ആരോപണം ഉന്നയിക്കുന്നത് ശരിയല്ല,’ ടിക്ടോക് വാർത്താ കുറിപ്പിൽ അറിയിച്ചു.
അതേസമയം തങ്ങളുടെ മാധ്യമത്തിൽ ആന്റി സെമിറ്റിക് ആയതും ഇസ്‌ലാമോഫോബിക് ആയതുമായ ഉള്ളടക്കങ്ങൾ അനുവദിക്കില്ലെന്നും ടിക്ടോക് പറഞ്ഞു.
ടിക്ടോകിൽ മാത്രമല്ല ഫലസ്തീൻ അനുകൂല ഹാഷ്ടാഗുകളിൽ കൂടുതൽ പോസ്റ്റുകൾ വരുന്നതെന്നും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും സമാന സാഹചര്യമാണെന്നും ടിക്ടോക് പറയുന്നു.
Content Highlight: TikTok Says It’s Not the Algorithm, Teens Are Just Pro-Palestine