Advertisement
national news
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചത് വഞ്ചനയിലൂടെ: മല്ലികാർജുൻ ഖാർഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 09, 08:32 am
Wednesday, 9th April 2025, 2:02 pm

പൂനെ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചത് വഞ്ചനയിലൂടെയാണെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. അഹമ്മദാബാദിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ബി.ജെ.പി വഞ്ചനാപരമായാണ് ജയിച്ചതെന്ന് പറഞ്ഞ അദ്ദേഹം ബാലറ്റ് പേപ്പറിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശക്തമായി വാദിച്ചു.

മോദി സർക്കാർ തന്റെ ചങ്ങാതിമാരായ മുതലാളിമാർക്ക് നേട്ടമുണ്ടാക്കാൻ സർക്കാർ ആസ്തികൾ വിൽക്കുകയും ജനാധിപത്യത്തെ പതുക്കെ ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

‘ലോകം മുഴുവൻ ഇ.വി.എമ്മുകളിൽ നിന്ന് ബാലറ്റ് പേപ്പറിലേക്ക് മാറുകയാണ്. പക്ഷേ നമ്മൾ ഇ.വി.എമ്മുകൾ ഉപയോഗിക്കുന്നു . ഇതെല്ലാം തട്ടിപ്പാണ്. എന്നാൽ ഈ രാജ്യത്തെ യുവാക്കൾ എഴുന്നേറ്റു നിന്ന് ഞങ്ങൾക്ക് ബാലറ്റ് പേപ്പർ വേണമെന്ന് പറയും.

മഹാരാഷ്ട്രയിൽ എന്താണ് സംഭവിച്ചത്. ഞങ്ങൾ എല്ലായിടത്തും ഈ വിഷയം ഉന്നയിച്ചു, രാഹുൽ ഗാന്ധി ഈ വിഷയം ശക്തമായി ഉന്നയിച്ചു. അവർ ഏതുതരം വോട്ടർ പട്ടികയാണ് ഉണ്ടാക്കിയത്? മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഒരു തട്ടിപ്പായിരുന്നു. ഹരിയാനയിലും ഇതുതന്നെ സംഭവിച്ചു,’ ഖാർഗെ പറഞ്ഞു.

മഹാരാഷ്ട്രയിൽ ബിജെപി 90 ശതമാനം സീറ്റുകളും നേടിയെന്ന് ചൂണ്ടിക്കാട്ടിയ ഖാർഗെ ഇത് മുമ്പ് ഒരിക്കലും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ സംഭവിച്ചതുപോലുള്ള ഒരു തട്ടിപ്പ് ഇതിനുമുമ്പ് ഉണ്ടായിട്ടില്ലെന്നും ഇത്തരം തട്ടിപ്പുകൾ ജനാധിപത്യത്തെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ഖാർഗെ ആരോപിച്ചു.

ഈ വിഷയത്തിൽ വ്യക്തത വരുത്തുമെന്നും തങ്ങളുടെ അഭിഭാഷകരും നേതാക്കളും അതിനായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒപ്പം കഴിഞ്ഞ 11 വർഷമായി ഭരണകക്ഷി, ഭരണഘടനയെ ആക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.

‘ഭരണഘടനാ സ്ഥാപനങ്ങളും തത്വങ്ങളും ആക്രമിക്കപ്പെടുന്നു, അവയെ സംരക്ഷിക്കാൻ നമ്മൾ പോരാടേണ്ടതുണ്ട്. സർക്കാർ അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം നടത്തിയത്. പ്രതിപക്ഷ നേതാവിനെ സ്പീക്കർ സംസാരിക്കാൻ അനുവദിച്ചില്ല. അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കാത്ത ഭരണകൂടം ജനങ്ങളെ ശബ്ദമുയർത്താൻ അനുവദിക്കുമോ?,’ ഖാർഗെ ചോദിച്ചു.

 

Content Highlight: There has never been a fraud like this: Kharge at ‘Nyaypath’ session