തിരുവനന്തപുരം: എസ്.യു.സി.ഐ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ഐ.എന്‍.ടി.യു.സി. ലൈക്കും ഷെയറും ഓണറേറിയവുമല്ല, ആശാവര്‍ക്കര്‍മാര്‍ക്ക് വേണ്ടത് സ്ഥിര വേതനം എന്ന തലക്കെട്ടോടുകൂടി പുറത്തിറക്കിയ മുഖ മാസികയിലൂടെയാണ് ഐ.എന്‍.ടി.യു.സി എതിര്‍പ്പ് വ്യക്തമാക്കിയത്.
സമരം ചിലര്‍ക്ക് സെല്‍ഫി പോയിന്റാണെന്നും സമര കേരളത്തിന്റെ കപടത ലൈക്കും ഷെയറും റീച്ചും അന്വേഷിച്ച് പോവുകയാണെന്നും ഐ.എന്‍.ടി.യു.സി വിമര്‍ശിക്കുന്നു.
ആശാവര്‍ക്കര്‍മാര്‍ക്ക് സര്‍ക്കാര്‍ തോന്നും പടി കൊടുക്കുന്ന സമ്മാന പൊതി പോലുള്ള ഓണറേറിയമെന്ന ഔദാര്യമല്ല കൊടുക്കേണ്ടതെന്നും ലേഖനത്തില്‍ പറയുന്നു. സമരത്തിന് പിന്തുണ അറിയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും മുഖമാസിക വിമര്‍ശനമുന്നയിക്കുന്നുണ്ട്.
ഫാന്‍സ് ക്ലബ് രാഷ്ട്രീയം പോലെ, അത്തരം ആള്‍ക്കൂട്ടങ്ങള്‍ സമരത്തെ വിജയിപ്പിക്കുകയല്ല, സമരത്തിന്റെ ലക്ഷ്യം തെറ്റിക്കുകയാണ് ചെയ്യുന്നതെന്നും സമരം ഒരു കൂട്ടയോട്ട മത്സരമല്ലെന്നും മറിച്ച്, താന്‍ ഉള്‍പ്പെടുന്ന വ്യവസ്ഥിതിയില്‍നിന്നുള്ള ഇറങ്ങിപ്പോക്കാണെന്നും മുഖമാസികയില്‍ പറയുന്നു.
ഇന്ത്യന്‍ തൊഴിലാളി എന്ന ഐ.എന്‍.ടി.യു.സി മുഖമാസികയിലൂടെ സംഘടനയിലെ യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി നയരൂപീകരണ ഗവേഷണ വിഭാഗം യൂത്ത് കണ്‍വീനറുമായ അനൂപ് മോഹനാണ് ലേഖനം എഴുതിയിരിക്കുന്നത്.
11ാം ശമ്പളകമ്മീഷന്‍ പ്രകാരം ആരോഗ്യവകുപ്പിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ചെയ്യുന്ന അതേ സ്വഭാവത്തിലുള്ള ജോലിയാണ് ആശാവര്‍ക്കര്‍മാര്‍ ചെയ്യുന്നതെന്നും അതിനേക്കാള്‍ പ്രയാസമേറിയ സാഹചര്യത്തില്‍ ജോലി ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ സ്ഥിരം വേതനം ലഭിക്കുന്ന തൊഴിലാളികളായി അംഗീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ഐ.എന്‍.ടി.യു.സി മുഖമാസികയില്‍ പറയുന്നു.
Content Highlight: The strike is a selfie point, comment and share for some; INTUC says it does not support the strike of Asha workers