2024ല്‍ എന്തിനാ 2020ലെ ഫോട്ടോ ഇടുന്നേ; വൈറലായി മമ്മൂട്ടിയുടെ ന്യൂ ഇയര്‍ പിക്
Film News
2024ല്‍ എന്തിനാ 2020ലെ ഫോട്ടോ ഇടുന്നേ; വൈറലായി മമ്മൂട്ടിയുടെ ന്യൂ ഇയര്‍ പിക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st January 2024, 10:22 am

ആഘോഷ ആരവങ്ങളോടെ പുതുവര്‍ഷത്തെ വരവേറ്റിരിക്കുകയാണ് ലോകം. മലയാള സിനിമക്കും വലിയ പ്രതീക്ഷയാണ് 2024ല്‍. മുന്‍നിര താരങ്ങളുടെ വമ്പന്‍ ചിത്രങ്ങളെല്ലാം 2024ല്‍ റിലീസിനൊരുങ്ങുകയാണ്. എമ്പുരാനും ബറോസും മലൈക്കോട്ടൈ വാലിബനുമായി മോഹന്‍ലാലും എ.ആര്‍.എമ്മുമായി ടൊവിനോയും ആവേശവുമായി ഫഹദും കത്തനാരുമായി ജയസൂര്യയും ആടുജീവിതവുമായി പൃഥ്വിരാജുമെല്ലാം അണിയറയില്‍ ഒരുങ്ങുകയാണ്.

പുതുചിത്രങ്ങളുടെ കാര്യത്തില്‍ മമ്മൂട്ടിയും ഒട്ടും പിന്നിലല്ല. പുതുചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നതിനൊപ്പം പുതിയ ഫോട്ടോയുമായാണ് മമ്മൂട്ടി പുതുവര്‍ഷത്തെ വരവേറ്റത്. മമ്മൂട്ടി പങ്കുവെച്ച ന്യൂ ഇയര്‍ പിക് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കൂളിങ് ഗ്ലാസ് വെച്ച് ടര്‍ബോ ലുക്കിലാണ് മമ്മൂട്ടിയുടെ പുതിയ ഫോട്ടോ. അതേസമയം രസകരമായ കമന്റും ചിത്രത്തിന് വരുന്നുണ്ട്.

2024ഉും ഇങ്ങെടുക്കുവാ, 2024ല്‍ എന്തിനാ 2020ലെ ഫോട്ടോ ഇടുന്നേ, പുതിയ വര്‍ഷത്തില്‍ ഫേസ്ബുക്ക് തുറന്നപ്പോഴേ പോസിറ്റീവ് വൈബ് എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം തെരഞ്ഞെടുപ്പുകളിലെ വ്യത്യസ്തത കൊണ്ട് മമ്മൂട്ടി സ്‌കോര്‍ ചെയ്ത വര്‍ഷമാണ് കടന്നുപോയത്. ക്രിസ്റ്റഫര്‍ പരാജയപ്പെട്ടെങ്കിലും നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ ദി കോര്‍ എന്നീ ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക പ്രശംസ നേടാനും തിയേറ്ററില്‍ ആളെ കയറ്റാനും മമ്മൂട്ടിക്കായി.

2024ലും വമ്പന്‍ പ്രതീക്ഷയുള്ള ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ, രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം, ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്നിവയാണ് ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍.

Content Highlight: The New Year pic shared by Mammootty is going viral on social media