സുരേഷ് ഗോപി ഇപ്പോഴും കമ്മീഷണർ സിനിമയിലെ പൊലീസ്; ഗവർണറെ അപമാനിച്ചെന്ന് മന്ത്രിമാർ
keralanews
സുരേഷ് ഗോപി ഇപ്പോഴും കമ്മീഷണർ സിനിമയിലെ പൊലീസ്; ഗവർണറെ അപമാനിച്ചെന്ന് മന്ത്രിമാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2024, 7:49 am

തിരുവനന്തപുരം: ഗവര്‍ണര്‍ പങ്കെടുത്ത വേദിയില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പ്രോട്ടോകോള്‍ ലംഘിച്ച് ഇറങ്ങിപ്പോയെന്ന് ആക്ഷേപം. തിരുവനന്തപുരം മാനവീയം വീഥിയില്‍ നടന്ന ഒളിംമ്പിക്‌സ് ദിനാഘോഷ ചടങ്ങിലാണ് സംഭവം. സുരേഷ് ഗോപി ഗവർണറെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയെന്ന് മന്ത്രിമാരായ വി.ശിവൻ കുട്ടിയും ജി.ആർ അനിലും ആരോപിച്ചു.

കേരള ഒളിംമ്പിക്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഒളിംമ്പിക്‌സ് ദിനാഘോഷത്തിന്റെ ഭാഗമായ കൂട്ടയോട്ടം പരിപാടിയില്‍ പരിപാടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആയിരുന്നു ഉദ്ഘാടകന്‍.

ഗവര്‍ണര്‍ പങ്കെടുക്കുന്ന വേദിയില്‍ പ്രേട്ടോകോള്‍ പ്രകാരം മറ്റു അതിഥികള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഉണ്ട്. ഇത് പാലിക്കാതെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് മന്ത്രിമാരുടെ ആക്ഷേപം.

ഗവർണർ പ്രസംഗിക്കുന്നതിനിടയിൽ വേദിയിലുണ്ടായിരുന്ന സുരേഷ് ഗോപി സദസിലെ വിദ്യാർത്ഥികളടക്കമുള്ള ജനക്കൂട്ടത്തിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു.

ഇതോടെ സദസിൽ നിന്നും ആഘോഷാരവം ഉയരുകയും ഗവർണറുടെ പ്രസംഗം കേൾക്കാൻ പറ്റാതെ വരികയും ചെയ്തു.

ഗവർണറും മന്ത്രിമാരും വേദിയിൽ നിന്ന് ഫ്ലാഗ് ഓഫ് നടത്തിയപ്പോൾ, സുരേഷ് ഗോപി പുറത്തു നിന്ന് വിദ്യാർത്ഥികൾക്കൊപ്പമാണ് ഫ്ലാഗ്ഓഫിൽ പങ്കാളിയായത്.

കമ്മീഷണർ സിനിമയിലെ പൊലീസ് ആണെന്ന തോന്നലാണ് സുരേഷ് ഗോപിക്കെന്നും താനൊരു ജനപ്രതിനിധിയാണെന്ന തോന്നൽ അദ്ദേഹത്തിനില്ലെന്നും മന്ത്രിമാർ ആരോപിച്ചു.

Content Highlight: The governor left the stage while he was speaking; Suresh Gopi violated protocol