തിരുവനന്തപുരം: പി.ജി ഡോക്ടര്‍മാരുടെ സ്‌റ്റൈപന്റ് വര്‍ധന ഇപ്പോള്‍ സാധ്യമാവില്ലെന്ന് ധനകാര്യവകുപ്പ്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് രണ്ട് തവണ ആരോഗ്യവകുപ്പിലേക്ക് ഇതുമായി ബന്ധപ്പെട്ട ഫയല്‍ തിരിച്ചയക്കേണ്ടി വന്നതെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
മെച്ചപ്പെട്ട ധനസ്ഥിതി വരുമ്പോള്‍ വിഷയം പരിശോധിക്കും. നിലവിലെ നിലപാടില്‍ മാറ്റമുണ്ടാകില്ല.
സാമ്പത്തിക പ്രതിസന്ധിമൂലം സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ കുടിശികയുടെ രണ്ടുഗഡു പോലും നല്‍കാനാവാതെ മാറ്റിവെച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ കേരളത്തിലുള്ളത്രയും സ്റ്റൈപെന്റ് കൊടുക്കുന്നില്ലെന്ന കാര്യവും ധനകാര്യവകുപ്പ് പരിഗണിക്കുന്നുണ്ട്. കേരളത്തിലെ ഒന്നാം വര്‍ഷ പി.ജി ഡോക്ടര്‍മാര്‍ക്ക് 55,120 രൂപ കിട്ടുമ്പോള്‍ തമിഴ്‌നാട്ടില്‍ 48,000 രൂപയേ കിട്ടുന്നുള്ളു.
അതേസമയം, പി.ജി ഡോക്ടര്‍മാര്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആവശ്യപ്പെട്ടു. സമരക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്ന് മന്ത്രി പറഞ്ഞു.
നോണ്‍ അക്കാദമിക് ജൂനിയര്‍ റസിഡന്റുമാരുടെ നിയമനം തുടങ്ങിയിട്ടുണ്ട്. ഒന്നാം വര്‍ഷ പി.ജി പ്രവേശനം വൈകുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.
പി.ജി ഡോക്ടര്‍മാരുടെ സ്റ്റൈപെന്റ് നാല് ശതമാനം വര്‍ധിപ്പിക്കുക, നീറ്റ് പി.ജി ഒന്നാം വര്‍ഷ പ്രവേശന നടപടികളില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തി പ്രവേശനം വേഗത്തിലാക്കുക, കൂടുതല്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പി.ജി ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.