മൈക്കിളും ഭീഷ്മരും തമ്മിലെന്ത്?; മഹാഭാരതം ഭീഷ്മ പര്‍വത്തിലെത്തുമ്പോള്‍
Film News
മൈക്കിളും ഭീഷ്മരും തമ്മിലെന്ത്?; മഹാഭാരതം ഭീഷ്മ പര്‍വത്തിലെത്തുമ്പോള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th February 2022, 7:08 pm

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഫെബ്രുവരി 11നാണ് മമ്മൂട്ടി നായകനാകുന്ന ഭീഷ്മപര്‍വത്തിന്റെ ടീസര്‍ എത്തിയത്. പ്രതീക്ഷിച്ചതുപോലെ ആരാധകരെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഒരു മിനിട്ട് 19 സെക്കന്റ് നീണ്ടുനിന്ന ടീസര്‍ വിഷ്വല്‍സ് കൊണ്ടും സുഷിന്‍ ശ്യാമിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കൊണ്ടും മമ്മൂട്ടിയുടെ മാസ് ലുക്ക് കൊണ്ടും ദൃശ്യവിരുന്നു തന്നെയായിരുന്നു.

ഇനി മാര്‍ച്ച് മൂന്നിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രത്തിലെ പ്രമേയത്തെ പറ്റി പല ചര്‍ച്ചകളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിലൊന്ന് മഹാഭരതവുമായുള്ള ചിത്രത്തിന്റെ ബന്ധമാണ്. മഹാഭാരതത്തിലെ ഭീഷ്മപര്‍വത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

ടീസറില്‍ ഭീഷ്മ എന്നെഴുതിയ ടൈറ്റിലില്‍ അമ്പുകള്‍ ഉയര്‍ന്നു നില്‍ക്കുന്നത് കാണാനാവും. കുരുക്ഷേത്ര യുദ്ധത്തിനിടയില്‍ ഭീഷ്മര്‍ മരിക്കുന്നതും ശരശയ്യയില്‍ കിടന്നാണ്.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മൈക്കിള്‍ എന്നാണ്. മൈക്കിളും ഭീഷ്മരും എത്രത്തോളം കണക്ട് ചെയ്യുന്നു എന്നാണ് ഇനി അറിയേണ്ടത്.

ചിത്രത്തെ പറ്റി പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പഴയകാല ഡോണ്‍ ആയിട്ടാണ് മമ്മൂട്ടിയെത്തുന്നത്. ഡോണായിരുന്ന നായകന്‍ ചില കാരണങ്ങളാല്‍ തന്റെ ഗ്യാംങ്സ്റ്റര്‍ ജീവിതം അവസാനിപ്പിച്ച് ബിസിനസുകാരനാവുകയും, തുടര്‍ന്ന് വരുന്ന സംഭവവികാസങ്ങള്‍ കാരണം വീണ്ടും ഭൂതകാലത്തിലേക്ക് പോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇതും മഹാഭാരതവും ഭീഷ്മരുമായി തമ്മില്‍ എന്ത് ബന്ധം എന്ന ആശയകുഴപ്പവും ഇവിടെ ഉയരുന്നുണ്ട്. മഹാഭാരത്തിലെ ആറാം പര്‍വമാണ് ഭീഷ്മപര്‍വം. കൗരവരും പാണ്ഡവരും തമ്മില്‍ 18 ദിവസം നീണ്ടുനിന്ന യുദ്ധത്തിലെ 10 ദിവസങ്ങളാണ് ഭീഷ്മപര്‍വത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

പാണ്ഡവപ്പടയില്‍ നാശം വിതച്ച ഭീഷ്മരെ തടയാന്‍ പാണ്ഡവര്‍ക്കാവുന്നില്ല. ഒടുവില്‍ പാണ്ഡവര്‍ തന്നെ ഭീഷ്മരോട് തന്നെ അദ്ദേഹത്തെ തോല്‍പിക്കാനുള്ള വഴി ചോദിക്കുന്നു. തന്നെ തടയാനുള്ള ഏകമാര്‍ഗം ശിഖണ്ഡി ആണെന്നും ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തിയാല്‍ താന്‍ യുദ്ധം ചെയ്യില്ലെന്നും ഭീഷ്മര്‍ ഉപോദേശിക്കുന്നു.

പിറ്റേ ദിവസം ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യുന്ന പാണ്ഡവര്‍ക്ക് മുന്നില്‍ ഭീഷ്മര്‍ ആയുധം താഴെ വെക്കുന്നു. ഉടന്‍ തന്നെ അര്‍ജുനനന്റെ അമ്പുകള്‍ അദ്ദേഹത്തിന്‍ ദേഹമാസകലം തുളച്ചു പുറത്തേക്ക് വരുന്നു. നിലത്തു വീഴുന്ന ഭീഷ്മര്‍ ഒരു ശയ്യയിലെന്ന പോലെ ശരങ്ങളുടെ മുകളില്‍ കിടന്നാണ് മരിക്കുന്നത്.

ഇനി മഹാഭാരതത്തിലെ ഭീഷമപര്‍വത്തെ എങ്ങനെ അമല്‍ നീരദ് സിനിമയിലേക്ക് കൊണ്ടുവരും എന്നാണ് അറിയേണ്ടത്. അതോ ടൈറ്റിലില്‍ മാത്രമുള്ള ഒന്നാണോ ഈ മഹാഭാരത ബന്ധം. സംശയങ്ങളെല്ലാം തീരാന്‍ മാര്‍ച്ച് മൂന്ന് കാത്തിരുന്നേ മതിയാകൂ.


Content Highlight: the connection between bheeshma parvam and mahabharata