പൊലീസ് കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് നടക്കുന്ന സംഭവവികാസങ്ങളിലൂടെ പോകുന്ന സിനിമയാണ് ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച വേല.
ശ്യാം ശശി സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് എം. സജാസാണ്. പൊലീസ് സേനയിലെ അഴിമതിയും സവര്‍ണ മനോഭാവവും ജാതീയതയും ഈഗോയുമെല്ലാം കാണിച്ചുകൊണ്ടാണ് വേല ചിത്രീകരിച്ചിരിക്കുന്നത്.
സി.പി.ഒ ഉല്ലാസ് എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയ്ന്‍ നിഗം അവതരിപ്പിച്ചിരിക്കുന്നത്. പൊലീസ് യൂണിഫോമിനോട് ആത്മാര്‍ത്ഥയും കൂറും ഉള്ള മാതൃക പൊലീസ് ഉദ്യോഗസ്ഥനാണ് ഉല്ലാസ്. അതിനൊപ്പം സാധാരണക്കാരെ സഹായിക്കാനുള്ള മനസും അദ്ദേഹത്തിന് ഉണ്ട്. ആ മനുഷ്യത്വം അദ്ദേഹത്തിന് വിനയുമാവുന്നുണ്ട്.
ഇഷ്ടപ്പെട്ട ജോലി സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ചെയ്യാന്‍ പറ്റണം എന്നതാണ് ഉല്ലാസിന്റെ പക്ഷം. അത് ബുദ്ധിമുട്ടാണെന്നും സിസ്റ്റം മുഴുവനും തനിക്കെതിരെ നില്‍ക്കുകയാണെന്നും ഉല്ലാസിന് അറിയാം. എന്നിട്ടും അതിനെതിരെ പോരാടാന്‍ തന്നെയാണ് ഉല്ലാസിന്റെ തീരുമാനം. മര്യാദക്ക് ചെയ്യുന്ന ജോലി പോവുകയാണെങ്കില്‍ സഹിച്ചോളാം എന്നാണ് ഉല്ലാസ് പറയുന്നത്. ആ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
തുടക്കകാലം മുതല്‍ തന്നെ ലഭിച്ച കഥാപാത്രങ്ങള്‍ക്കെല്ലാം മികച്ച പ്രകടനങ്ങള്‍ നല്‍കുന്ന നടനാണ് ഷെയ്ന്‍ നിഗം. മോശം പ്രകടനം എന്ന് പറയാവുന്ന ഒരു കഥാപാത്രം പോലും അദ്ദേഹത്തിന്റെ കരിയറില്‍ ഉണ്ടായിട്ടില്ല. കുമ്പളങ്ങി നൈറ്റ്‌സിലും ഭൂതകാലത്തിലും അതിന്റെ വേറെ ഒരു തലം തന്നെ പ്രേക്ഷകര്‍ കണ്ടതാണ്. അടുത്തിടെ പുറത്ത് വന്ന ആര്‍.ഡി.എക്‌സില്‍ ഇതുവരെ കാണാത്ത ഷെയ്‌നിന്റെ പ്രകടനമാണ് കണ്ടത്.
അതേപോലെ വേലയിലെ ഉല്ലാസിനേയും മികച്ച രീതിയിലാണ് ഷെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നത്. അയാളുടെ വിഷമങ്ങളും ഫ്രസ്‌ട്രേഷനും ധൈര്യവും ആശങ്കകളുമെല്ലാം മനോഹരമായി ഷെയ്ന്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
പ്രകടനത്തിലേക്ക് വന്നാല്‍ ചിത്രത്തിലെ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ പോലും നന്നായി ചെയ്തിട്ടുണ്ട്. വില്ലനായ മല്ലികാര്‍ജുനെ സണ്ണി വെയ്‌നും എസ്.ഐ. അശോക് കുമാറിനെ സിദ്ധാര്‍ത്ഥ് ഭരതനും മികച്ചതാക്കിയിട്ടുണ്ട്. ഒരു പിടി മികച്ച പ്രകടനങ്ങള്‍ കൂടിയാണ് വേല നല്‍കുന്നത്.
Content Highlight: The character and performance of shane nigum in vela movie