World News
ഇസ്രഈല്‍ ആക്രമണം; ഇന്റനെറ്റ്,വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ നിലച്ച് ഗസ
ജെറുസലേം: ഇസ്രഈല്‍ ആക്രമണം ശക്തമായതോടെ ഗസയിലെ ടെലികമ്മ്യൂണികേഷന്‍ സേവനങ്ങള്‍ വിച്ഛേദിച്ചതായി ഫലസ്തീന്‍ ടെലികോം കമ്പനിയായ പാല്‍ടെല്‍. വെടിനിര്‍ത്തല്‍ കരാറുകള്‍ അവസാനിപ്പിച്ച് ഇസ്രഈല്‍ ഗസയില്‍ ശക്തമായ ആക്രമണം ആരംഭിച്ചതോടെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായത്.
‘മുമ്പ് പുനസ്ഥാപിച്ച ആശയവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടതിനാല്‍ ഗസ മുനമ്പിലേക്കുള്ള ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായി നിര്‍ത്തിയതായി പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നു,’ പാല്‍ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഗസയില്‍ പൂര്‍ണമായി ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതായും ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായതായും സൈബര്‍ സെക്യൂരിറ്റി പോര്‍ട്ടലായ നെറ്റ് ബ്ലോക്ക്‌സ് സ്ഥിരീകരിച്ചു.
ഗസയിലെ ഒരാഴ്ച നീണ്ട് നിന്ന വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതോടെ ഇസ്രഈല്‍ ഗസയില്‍ കര,വ്യോമാക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെക്കന്‍ ഗസയില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാന്‍ ഇസ്രഈല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു.
വടക്കന്‍ ഗസയുടെ നിയന്ത്രണം പിടിച്ചടുത്ത ശേഷം ഇസ്രഈല്‍ സേന തെക്കന്‍ ഗസയിലേക്ക് ആക്രമണങ്ങള്‍ ശക്തമാക്കി. ആശുപത്രികള്‍ക്കും അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കും നേരെ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായി നവംബര്‍ 24 മുതല്‍ 30 വരെ ഗസയില്‍ ഒരാഴ്ച നീണ്ട വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഉടമ്പടിയുടെ ഭാഗമായി 70 ഇസ്രഈലി ബന്ദികളെയും 210 ഫലസ്തീന്‍ തടവുകാരെയും കൈമാറിയിരുന്നു. ഡിസംബര്‍ ഒന്നു മുതല്‍ ഇസ്രഈല്‍ ഗസയില്‍ ആക്രമണം പുനരാരംഭിച്ചിരുന്നു.യുദ്ധം പൂര്‍ണമായി അവസാനിച്ചാല്‍ മാത്രമേ ബാക്കിയുള്ള ബന്ധുകളെ വിട്ടുനല്‍കുയെന്ന് ഹമാസ് പറഞ്ഞിരുന്നു.