തിരുവനന്തപുരം: താന്‍ ആക്രമിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ സര്‍ക്കാരിനെ അറിയിച്ചെങ്കിലും സംരക്ഷണം നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രത്യേക അഭിമുഖ പരിപാടിയായ പോയിന്റ് ബ്ലാങ്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും 2015ലെ വിധിയില്‍ പറഞ്ഞ നഷ്ടപരിഹാരമായ എട്ട് ലക്ഷം രൂപ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ കരുതുന്ന പ്രതികള്‍ അക്രമിക്കാന്‍ തീരുമാനമെടുത്തവരാണ്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയോ വിചാരണ നേരിടുകയോ ചെയ്യുന്നില്ല. അവരെല്ലാം കാണാമറയത്താണ്.
എനിക്ക് സംരക്ഷണം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടായിരുന്നു. സംരക്ഷണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിട്ട് പോലും അതിന് തയ്യാറായില്ല. അതുകൊണ്ട് എനിക്കുണ്ടായ അക്രമത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിയാണ്.
എനിക്ക് നഷ്ടങ്ങള്‍ സംഭവിച്ചത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചകൊണ്ടാണ്. സര്‍ക്കാര്‍ ആരില്‍ നിന്ന് സ്വരൂപിച്ചാലും, എനിക്ക് അത് അറിയേണ്ട കാര്യമില്ല. എനിക്ക്
നഷ്ടപരിഹാരം കിട്ടണം. 2015ലെ വിധിയില്‍ എട്ട് ലക്ഷം രൂപ നല്‍കാന്‍ വിധിച്ചിരുന്നു, അത് ഇതുവരെ കിട്ടിയിട്ടില്ല. പ്രതികളില്‍ നിന്ന് അതില്‍ കൂടുതല്‍ ഈടാക്കിയിരുന്നു. അത് മുഴുവനും എനിക്ക് തരുന്നൊന്നുമില്ല,’ ടി.ജെ. ജോസഫ് പറഞ്ഞു.
അതേസമയം, മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസില്‍ രണ്ടാംഘട്ട വിധിയില്‍ ആദ്യ മൂന്ന് പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്ന് കണ്ടെത്തിയ സജില്‍, നാസര്‍, നജീബ് എന്നീ മൂന്ന് പ്രതികള്‍ക്കാണ് കൊച്ചിയിലെ എന്‍.ഐ. കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നത്. കേസിലെ 2,3,5 പ്രതികള്‍ക്കാണ് ജീവപര്യന്തം. വധശ്രമം, ഭീകരപ്രവര്‍ത്തനം, ഗൂഢാലോചന എന്നിവ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദിനും മൊയ്ദീന്‍ കുഞ്ഞിനും അയ്യൂബിനും മൂന്ന് വര്‍ഷവും ശിക്ഷ വിധിച്ചിരുന്നു.