Film News
അന്ന് ഇന്ത്യക്ക് വേറെ ഓപ്ഷനില്ലായിരുന്നു, ഇന്നങ്ങനെ ചെയ്യുന്നത് മറ്റ് താരങ്ങളെ തഴയും; മുന്‍ താരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Feb 23, 11:06 am
Thursday, 23rd February 2023, 4:36 pm

മാര്‍ച്ച് ഒന്നിന് ഇന്‍ഡോറില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരം നടക്കാനിരിക്കുകയാണ്. ഫോം ഔട്ടായ ഓപ്പണര്‍ കെ.എല്‍. രാഹുല്‍ ഇത്തവണയും ടീമിലിടം നേടുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ഇക്കാര്യത്തെ പറ്റി ഇന്ത്യന്‍ മാനേജ്‌മെന്റില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

തുടര്‍ച്ചയായി മോശം പ്രകടനം കാഴ്ച വെക്കുന്ന രാഹുലിനെ ഓസ്‌ട്രേലിക്കെതിരായ രണ്ടാം ടെസ്റ്റിന് ശേഷം വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തിരുന്നു. എന്നാല്‍ രാഹുലിനെ പിന്തുണക്കുന്ന സമീപനമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും സ്വീകരിക്കാറുള്ളത്. വിരേന്ദര്‍ സേവാഗിന് ശേഷം ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളില്‍ സെഞ്ച്വറി നേടിയ ഏക താരം രാഹുലാണെങ്കിലും കഴിഞ്ഞ 44 ടെസ്റ്റുകള്‍ പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ റണ്‍ ശരാശരി വെറും 33 ആണ്. പ്രകടനത്തില്‍ പിന്നോട്ട് പോയിട്ടും രാഹുലിനെ ടീമില്‍ നിലനിര്‍ത്തുന്ന ദ്രാവിഡിന്റേയും രോഹിത്തിന്റെയും നിലപാടിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.

രാഹുലിനെ വീണ്ടും പരിഗണിക്കുന്നതില്‍ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട് ടീമിന്റെ ഹെഡ് കോച്ചും ഇന്ത്യന്‍ ടീമിന്റെ മാനേജരുമായ സുനില്‍ സുബ്രമഹ്ണ്യം. രാഹുലിനെ ടീമിലെടുക്കാന്‍ തീരുമാനിക്കുന്ന സമയത്ത് ഇന്ത്യക്ക് വേറെ ഓപ്ഷന്‍സില്ലായിരുന്നുവെന്നും എന്നാല്‍ ഇന്ന് അതല്ല സ്ഥിതിയെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സുനില്‍ പറഞ്ഞു.

‘ആ സമയത്ത് രാഹുല്‍ വളരെ ചെറുപ്പമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല കാര്യങ്ങള്‍. ആ സമയത്ത് ഇന്ത്യക്ക് വേറെ ഓപ്ഷനുകള്‍ ഇല്ലായിരുന്നു എന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ അന്നുള്ളവര്‍ പൃഥ്വി ഷായുടെയും മായങ്ക് അഗര്‍വാളിയന്റേയും നിലവാരം പുലര്‍ത്തിയിരുന്നില്ല. മുരളി വിജയ്ക്ക് പകരം രാഹുല്‍ ടീമില്‍ ഇടംപിടിച്ചു. ശിഖര്‍ ധവാന്റെ ടെസ്റ്റിലെ കളിയുടെ നിലവാരവും താഴേക്കായിരുന്നു.

എന്നാല്‍ ഇന്ന് ഗില്ലും ഷായും വളരെ ചെറുപ്പമാണ്. ടീമിലേക്ക് പ്രവേശിക്കാനായി ഗില്ലിനെ പോലെയുള്ള കളിക്കാര്‍ ഇന്ത്യന്‍ ടീമിന്റെ വാതിലില്‍ വെറുതെ മുട്ടുകയല്ല, ശക്തിയായി ഇടിക്കുകയാണ്. അതുപോലെ പൃഥ്വി ഷായും ഒരു വശത്തുണ്ട്. ടീമിലിടം നേടാന്‍ ഏറ്റവും യോഗ്യമായ ഇവരുടെ അവകാശത്തെ അത്ര നാള്‍ അവഗണിക്കും?,’ സുനില്‍ പറഞ്ഞു.

Content Highlight:Sunil Subramanian has come forward criticizing Rahul’s reconsideration