ആറ് തവണ വിളിച്ചാല്‍ ആര്‍ക്കും ദേഷ്യം വരില്ലേ?, അതുകൊണ്ട് കുഴപ്പമൊന്നുമില്ല; പ്രതികരിച്ച് മുകേഷിനെ ഫോണില്‍ വിളിച്ച പത്താംക്ലാസുകാരന്‍
Kerala News
ആറ് തവണ വിളിച്ചാല്‍ ആര്‍ക്കും ദേഷ്യം വരില്ലേ?, അതുകൊണ്ട് കുഴപ്പമൊന്നുമില്ല; പ്രതികരിച്ച് മുകേഷിനെ ഫോണില്‍ വിളിച്ച പത്താംക്ലാസുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 5th July 2021, 12:39 pm

ഒറ്റപ്പാലം: ഫോണില്‍ വിളിച്ച് സംസാരിച്ചപ്പോള്‍ മുകേഷ് എം.എല്‍.എ. ദേഷ്യപ്പെട്ട് സംസാരിച്ചതില്‍ വിഷമം തോന്നിയെങ്കിലും അത് കാര്യമാക്കുന്നില്ലെന്ന് മുകേഷിനെ വിളിച്ച കുട്ടി. മാധ്യമങ്ങളോടായിരുന്നു കുട്ടിയുടെ പ്രതികരണം.

ആറ് തവണയൊക്കെ വിളിക്കുമ്പോള്‍ ആര്‍ക്കും ദേഷ്യം വരില്ലേ എന്നും അതുകൊണ്ട് കുഴപ്പമില്ലെന്നുമാണ് കുട്ടി പറഞ്ഞത്. തന്റെ ഫോണില്‍ നിന്നു തന്നെയാണ് വിളിച്ചതെന്നും താന്‍ തന്നെയാണ് കോള്‍ റെക്കോര്‍ഡ് ചെയ്തതെന്നും കുട്ടി പറഞ്ഞു.

കോള്‍ റെക്കോര്‍ഡ് ചെയ്തത് ദുരുദ്ദേശപരമായല്ല എന്നും കുട്ടി പറഞ്ഞു.

‘വിഷമം തോന്നിയെങ്കിലും കുഴപ്പമില്ല. അപ്പോള്‍ തന്നെ ആറ് തവണ വിളിക്കുമ്പോള്‍ ആര്‍ക്കും ദേഷ്യം വരുമല്ലോ. അതുകൊണ്ട് കുഴപ്പമില്ല. പരാതി ഒന്നും വേണ്ട. ഇത് ഇവിടെ തന്നെ നിര്‍ത്താം.

എന്റെ ഫോണില്‍ നിന്ന് തന്നെ ആണ് വിളിച്ചത്. ഞാന്‍ തന്നെ ആണ് കോള്‍ റെക്കോര്‍ഡ് ചെയ്തത്. അവന്‍ പറഞ്ഞിട്ടുണ്ടായിരുന്നു ഒന്ന് കേള്‍ക്കണം എന്ന്. അപ്പോള്‍ ഞാന്‍ അവന് ഷെയര്‍ ചെയ്ത് കൊടുത്തതാണ്. ഞാന്‍ അവന് മാത്രമേ കൊടുത്തുള്ളു. അവന്‍ പിന്നെ രണ്ട് പേര്‍ക്ക് ഷെയര്‍ ചെയ്തു. അങ്ങനെ പോവാണ് ചെയ്തത്. അതാണ് ഉണ്ടായത്,’ കുട്ടി പറഞ്ഞു.

ഏകദേശം നാല് ദിവസം മുമ്പാണ് മുകേഷിനെ വിളിച്ചതെന്നും കുട്ടി പറഞ്ഞു.

പാര്‍ട്ടി കുടുംബമാണെന്നും അവര്‍ ഇങ്ങോട്ട് അന്വേഷിച്ച് വരികയാണെന്നും കുട്ടിക്ക് യാതൊരു ദേഷ്യവും ഇതുകാരണം ഇല്ലെന്നും മുന്‍ എം.എല്‍.എ. ഹംസ പറഞ്ഞു. കുട്ടി മുകേഷിന്റെ ഒരു ആരാധകന്‍ കൂടിയാണ്. കൂട്ടുകാരന് ഫോണ്‍ വേഗത്തില്‍ കിട്ടാന്‍ വേണ്ടിയാണ് വിളിച്ചത്. ആ പ്രശ്‌നം പരിഹരിക്കുമെന്നും സി.പി.ഐ.എം. പറഞ്ഞു.

ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുകേഷിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ മുകേഷ് കുട്ടിയോട് പ്രതികരിക്കുന്ന ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുകയായിരുന്നു.

ഞായറാഴ്ച രാവിലെ മുതലാണ് മുകേഷ് എം.എല്‍.എയെ വിളിച്ച് സംസാരിക്കുന്ന കുട്ടിയുടെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു തുടങ്ങിയത്. ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ മുകേഷിനെ വിളിച്ച കുട്ടിയെ കണ്ടെത്താന്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു.

പാലക്കാട്ടു നിന്നാണെന്നും പത്താംക്ലാസുകാരനാണെന്നും പറഞ്ഞാണ് കുട്ടി മുകേഷിനോട് സംസാരിച്ചത്. ആറു പ്രാവശ്യമൊക്കെ വിളിച്ചതെന്തിനാണ് എന്നാണ് മുകേഷ് തിരിച്ചു ചോദിക്കുന്നത്. ഒരു മീറ്റിംഗില്‍ ആണെന്ന് പറഞ്ഞിട്ടും തന്നെ വിളിച്ചതെന്തിനാണെന്നും മുകേഷ് ചോദിക്കുന്നുണ്ട്.

ഒരു അത്യാവശ്യകാര്യത്തിനാണെന്ന് പറഞ്ഞപ്പോള്‍ അത് പാലക്കാട് എം.എല്‍.എയോട് അല്ലേ പറയേണ്ടതെന്നായിരുന്നു മുകേഷ് ചോദിച്ചത്.

എന്ത് അത്യാവശ്യമെന്ന് പറഞ്ഞാലും അവിടെ പറഞ്ഞാല്‍ മതിയല്ലോ, എന്തിനാണ് തന്നെ വിളിച്ചതെന്നും മുകേഷ് ചോദിക്കുന്നുണ്ട്.

ഫോണ്‍ നമ്പര്‍ ഒരു കൂട്ടുകാരന്‍ തന്നതാണെന്ന് കുട്ടി പറയുമ്പോള്‍ നമ്പര്‍ തന്നവന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണമായിരുന്നു എന്നും മുകേഷ് പറയുന്നുണ്ട്. തന്റെ മുന്നില്‍ വെച്ചായിരുന്നു സംഭവമെങ്കില്‍ ചൂരല്‍ വെച്ച് അടിക്കുമായിരുന്നു എന്നും മുകേഷ് പറഞ്ഞു.

ഓഡിയോ വിവാദമായതോടെ വിശദീകരണവുമായി മുകേഷ് തന്നെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് വീഡിയോയിലൂടെ ആയിരുന്നു മുകേഷിന്റെ വിശദീകരണം.

പ്രധാന മീറ്റിംഗില്‍ ഇരിക്കുന്ന സമയത്ത് ആറു തവണ വിളിച്ചപ്പോഴാണ് പാലക്കാട് എം.എല്‍.എയെ അറിയുമോ എന്ന തരത്തില്‍ ചോദിച്ചതെന്നും മുകേഷ് പറഞ്ഞു.

തന്നെ പ്രകോപിപ്പിക്കാന്‍ ആരൊക്കെയോ കരുതിക്കൂട്ടി ചെയ്യിപ്പിക്കുന്നതാണെന്നും താന്‍ നേരത്തെ ഇത്തരം വിഷയങ്ങളില്‍ ഇരൈവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതല്‍ ട്രെയിന്‍ ലേറ്റ് ആണോ, കറണ്ടു പോയി എന്നൊക്കെ പറഞ്ഞാണ് പലരും വിളിക്കുന്നത്. ചിലര്‍ കുട്ടികളെ കൊണ്ട് വിളിപ്പിക്കുന്നുണ്ടെന്നും റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന് മനസിലായെന്ന് പറയുമ്പോള്‍ ഫോണ്‍ കട്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് ആസൂത്രണം ചെയ്ത് ആരോ ചെയ്തതാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. ഈ വിഷയത്തില്‍ സൈബര്‍ സെല്ലിലും പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കാന്‍ പോവുകയാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Student who called Mukesh MLA talks to media