പ്രധാനമന്ത്രിക്കും വി.വി.ഐ.പികൾക്കും വേണ്ടി തെരുവുകളും ഫുട്പാത്തും വൃത്തിയാക്കാം, എന്തുകൊണ്ട് സാധാരക്കാർക്കായി ചെയ്യുന്നില്ല? ഹൈക്കോടതി
India
പ്രധാനമന്ത്രിക്കും വി.വി.ഐ.പികൾക്കും വേണ്ടി തെരുവുകളും ഫുട്പാത്തും വൃത്തിയാക്കാം, എന്തുകൊണ്ട് സാധാരക്കാർക്കായി ചെയ്യുന്നില്ല? ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 24th June 2024, 4:24 pm

മുംബൈ: പ്രധാനമന്ത്രിക്കും മറ്റ് വി.വി.ഐ.പികൾക്കുമായി ഒരു ദിവസത്തേക്ക് തെരുവുകളും ഫുട്പാത്തും വൃത്തിയാക്കാമെങ്കിൽ എന്തുകൊണ്ട് സാധാരണക്കാർക്കായി എല്ലാ ദിവസവും ഇത് ചെയ്യുന്നില്ലെന്ന ചോദ്യവുമായി മുംബൈ ഹൈക്കോടതി.

വൃത്തിയുള്ള നടപ്പാതയും സുരക്ഷിതമായി നടക്കാൻ സാധിക്കുന്ന തെരുവുകളും ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ അധികാരികൾ ഇത് ജനങ്ങൾക്കായി ചെയ്തുകൊടുക്കാൻ ബാധ്യസ്ഥരാണെന്നും ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ എം.എസ്.സൊനകും കമൽ ഖട്ടയും പറഞ്ഞു.

ഈ പ്രശ്നം ഗുരുതരമാണെന്നും സംസ്ഥാനത്തിന്റെ പൗര സമിതിയുൾപ്പടെയുള്ള മറ്റ് അധികാരികൾക്കെതിരെയും കർശന നടപടികളെടുക്കുമെന്നും ബെഞ്ച് പറഞ്ഞു.

‘പ്രധാനമന്ത്രിയോ മറ്റ് വി.വി.ഐ.പികളോ വരുമ്പോൾ തെരുവുകളും നടപ്പാതകളും ഉടനടി വൃത്തിയാക്കുന്നു. അവർ അവിടെയെത്തുന്നത് വരെ അതേ വൃത്തിയുണ്ടാകും. എന്നാൽ അതിന് ശേഷമോ? എന്തുകൊണ്ട് തെരുവുകളും നടപ്പാതയും സാധാരണ പൗരന്മാർക്ക് വേണ്ടിയും വൃത്തിയാക്കിക്കൂടാ? ഇത് ഓരോ പൗരന്റെയും അവകാശമാണ്. അവർക്ക് വൃത്തിയുള്ള നടപ്പാതകളും നഗരങ്ങളും നൽകുക തന്നെ വേണം

നമ്മൾ നമ്മുടെ കുട്ടികളോട് ഫുട്പാത്തിലൂടെ നടക്കാൻ പറയുന്നു എന്നാൽ ഫുട്പാത്ത് വൃത്തിയുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതില്ലേ? അവർക്ക് നടക്കാൻ വൃത്തിയുള്ള നടപ്പാതയില്ലെങ്കിൽ നമ്മളവരോടെന്താണ് പറയുക. കച്ചവടക്കാർക്ക് ഇരിക്കാനുള്ളതല്ല ഫുട്പാത്ത് ,’ കോടതി പറഞ്ഞു.

അതോടൊപ്പം സംസ്ഥാനം ഈ വിഷയത്തിൽ കർശനമായ നടപടികൾ എടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വഴിയോരക്കച്ചവടക്കാർക്കെതിരെയും നടപ്പാതകൾ വൃത്തികേടാക്കുന്ന മറ്റ് കച്ചവടക്കാർക്കെതിരെയും നടപടികളെടുത്തിട്ടുണ്ടെങ്കിലും അവർ പിന്നെയും തിരികെ വരികയാണെന്ന് ബ്രിഹാൻമുംബൈ മുൻസിപ്പൽ കോർപറേഷൻ സീനിയർ കൗൺസിലർ എസ്.യു. കാമദാർ പറഞ്ഞു.

എന്നാൽ ഈ വിഷയത്തെ മുൻസിപ്പൽ കോർപറേഷൻ കാര്യമായിട്ടെടുക്കുന്നില്ലെന്ന് കോടതി വിമർശിച്ചു. അതോടൊപ്പം ഈ വിഷയം പതിയെ കുഴിച്ച് മൂടാനാണ് കോർപറേഷൻ ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു.

 

നഗരത്തിലെ നടപ്പാതകളിൽ വഴിയോര കച്ചവടക്കാർ കച്ചവടം നടത്തി പാത വൃത്തികേടാക്കുന്ന വിഷയത്തിൽ കഴിഞ്ഞ വർഷം ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. കോടതി കേസ് ജൂലൈ 22 ലേക്ക് മാറ്റി വെച്ചു.

 

Content Highlight: Streets, footpaths cleared for PM and VVIPs, why not for everyone: HC