Tamilnadu
ഡി.എം.കെയുടെ യൂത്ത് വിങ് കോണ്‍ഫറന്‍സില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കാനുള്ള ശ്രമം; ഉദയനിധി ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 13, 12:36 pm
Saturday, 13th January 2024, 6:06 pm

ചെന്നൈ: തമിഴ്‌നാട് യുവജനക്ഷേമ കായിക വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്‍ സംസ്ഥാനത്തിന്റെ ഉപമുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

ഉദയനിധിയുടെ നേതൃത്വത്തില്‍ ജനുവരി 21ന് സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് വിങ് കോണ്‍ഫറന്‍സിനെ എതിര്‍ക്കുന്നവരാണ് ഇത്തരത്തിലുള്ള കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതെന്ന് എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കി. സമ്മേളനത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക എന്നതാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തുടനീളമുള്ള യുവാക്കള്‍ സേലത്ത് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് എതിര്‍കക്ഷികള്‍ വ്യാജ പ്രചരണം നടത്തി സംസ്ഥാനത്ത് രാഷ്ട്രീയമായ അരക്ഷിതാവസ്ഥക്ക് നേതൃത്വം നല്‍കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

യൂത്ത് വിങ് കോണ്‍ഫറന്‍സിന്റെ ശ്രദ്ധ തിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുവദിക്കരുതെന്നും സംസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളിയാണ് പരിപാടിയെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ അവകാശങ്ങളും ഫെഡറലിസവും സംരക്ഷിക്കുക എന്നതാണ് സമ്മേളനത്തിന്റെ ഉദ്ദേശമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി നിലവില്‍ ആരോഗ്യവാനല്ല അതിനാലാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കുന്നതെന്ന വ്യാജ പ്രചാരണത്തിനെതിരെയും എം.കെ. സ്റ്റാലിന്‍ ആഞ്ഞടിച്ചു. താന്‍ ആരോഗ്യവാനും സന്തോഷവാനുമാണെന്നും 70 വയസായ താന്‍ കൃത്യമായ തന്റെ ജോലികള്‍ ചെയ്യുന്നുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ തന്റെ കഴിവിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയെ സഹായിക്കുകയാണെന്നും പ്രശ്‌ന പരിഹാരങ്ങളാണ് തങ്ങളുടെ ലക്ഷ്യമെന്നും അഭ്യൂഹങ്ങളോട് ഉദയനിധി നേരത്തെ പ്രതികരിച്ചിരുന്നു.

Content Highlight: Stalin denies reports of Udayanidhi becoming Deputy Chief Minister