Advertisement
World News
പഹല്‍ഗാം ആക്രമണം; ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
5 days ago
Friday, 25th April 2025, 9:03 am

ന്യൂയോർക്: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് നിലനിൽക്കുന്ന സംഘർഷാവസ്ഥ കൂടുതൽ വഷളാകാതിരിക്കാൻ ഇന്ത്യയും പാകിസ്ഥാനും പരമാവധി സംയമനം പാലിക്കണമെന്ന് നിർദേശിച്ച് ഐക്യരാഷ്ട്രസഭ. 26 പേരുടെ മരണത്തിനിടയായ ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.

‘ഇരുരാജ്യങ്ങളും പരമാവധി സംയമനം പാലിക്കണം. സ്ഥിതിഗതികളും നിലവിലെ സംഭവങ്ങളും കൂടുതല്‍ വഷളാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ, പാകിസ്ഥാൻ സർക്കാരുകളോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കപ്പെടേണ്ടതുണ്ട്,’ സ്റ്റീഫന്‍ ദുജ്ജാറിക് പറഞ്ഞു.

26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന് ബന്ധം ഉണ്ടെന്നുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ 1960 ലെ സിന്ധു നദീജല കരാർ ഇന്ത്യ ബുധനാഴ്ച താൽക്കാലികമായി നിർത്തിവയ്ക്കുകയും പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധങ്ങളും വിച്ഛേദിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

പാക് പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തി വച്ച ഇന്ത്യ, വാഗ-അട്ടാരി ചെക്ക് പോസ്റ്റ് അടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ ഒരാഴ്ചക്കുള്ളിൽ പുറത്താക്കാനും ഇന്ത്യയുടെ ഉദ്യോഗസ്ഥരെ പിന്‍വലിക്കാനും തീരുമാനിച്ചു.

തൊട്ട് പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വിസ പാകിസ്ഥാനും റദ്ദാക്കിയിരുന്നു. വ്യോമമേഖല അടച്ച പാകിസ്ഥാന്‍ ഷിംല അടക്കമുള്ള കരാറുകള്‍ അവസാനിപ്പിക്കുമെന്നും വാഗ അതിര്‍ത്തി അടയ്ക്കുമെന്നും ഇന്നലെ അറിയിച്ചിരുന്നു.

ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ വ്യാപാരവും നിര്‍ത്തിവെയ്ക്കുമെന്നും പാകിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും വരുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വ്യാപാര-വിനിമയങ്ങളെല്ലാം നിര്‍ത്തലാക്കുമെന്നും പാകിസ്ഥാന്‍ തീരുമാനിച്ചിട്ടുണ്ട്.

അന്താരാഷ്ട്രതലത്തിൽ നിരോധിക്കപ്പെട്ട പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രാദേശിക ശാഖയായ റെസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക പൗന്മാര്‍ക്ക് നിര്‍ദേശം നല്‍കി. ജമ്മു കശ്മീരില്‍ തീവ്രവാദ ആക്രമണങ്ങളും സിവിലിയന്‍ കലാപങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ ഈ പ്രദേശത്തേക്ക്‌ യാത്ര ചെയ്യരുതെന്നാണ് യു.എസ് പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

Content Highlight: Pahalgam terror attack: UN urges India and Pakistan to exercise ‘maximum restraint’