നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന വിസ്മയമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയർ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം തുടരും ഇന്ന് (ഏപ്രിൽ 25) തിയേറ്ററുകളിലെത്തി.
തന്റെ നടക്കാതെ പോയ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. റേസിങ്ങിനെ അടിസ്ഥാനമാക്കി ഒരു സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നുവെന്ന് മോഹൻലാൽ പറയുന്നു. ഓസ്‌ട്രേലിയ എന്നായിരുന്നു ആ സിനിമക്ക് നിശ്ചയിച്ച പേരെന്നും എന്നാൽ പല കാരണങ്ങളാൽ ആ ചിത്രം നടന്നില്ലെന്നും മോഹൻലാൽ പറഞ്ഞു.
എന്നാൽ അതിന് ശേഷം ബട്ടർഫ്ലൈസ് എന്ന സിനിമ താൻ ചെയ്തിരുന്നുവെന്നും ആ ചിത്രത്തിൽ താൻ റേസിങ് ചെയ്യുന്ന ഭാഗങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീ പെരുമ്പത്തൂർ റേസ് ട്രാക്കിൽ വെച്ചാണ് ബട്ടർഫ്ലൈസ് എന്ന ചിത്രത്തിലെ റേസിങ് ഭാഗങ്ങളെല്ലാം ചിത്രീകരിച്ചതെന്നും താൻ തന്നെയാണ് റേസിങ് കാർ ഓടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
‘ഞാൻ റേസിങ് എല്ലാം ചെയ്യുന്ന ഓസ്ട്രേലിയ എന്ന സിനിമയുടെ പ്ലാൻ ഉണ്ടായിരുന്നു. എന്നാൽ പല കാരണങ്ങൾ കൊണ്ട് അത് നടന്നില്ല. അതിന് പകരമാണ് ഞാൻ ബട്ടർഫ്ലൈസ് എന്ന സിനിമ ചെയ്തത്. അതിൽ റേസിങ് ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഞങ്ങൽ അത് ഇവിടെ ശ്രീ പെരുമ്പത്തൂർ റേസ് ട്രാക്കിൽ വെച്ചാണ് ഷൂട്ട് ചെയ്തത്. ഞാൻ തന്നെയാണ് ആ സിനിമയിൽ റേസിങ് കാർ ഓടിച്ചതും,’ മോഹൻലാൽ പറയുന്നു.
ബട്ടർഫ്ലൈസ്
രാജീവ് അഞ്ചലിന്റെ സംവിധാനത്തിൽ മോഹൻലാൽ, നാസർ, ജഗദീഷ്, ഐശ്വര്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1993ൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ബട്ടർഫ്ലൈസ്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സാജൻ ആണ്.
Content Highlight: Mohanlal talks about Butterflies Movie