Entertainment
മതിലുകളിൽ അടൂർ സാർ എന്തുകൊണ്ട് ലളിതയെകൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു എന്ന സംശയം എനിക്കുണ്ടായിരുന്നു, അദ്ദേഹത്തിന്റെ മറുപടി....കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 03:00 am
Friday, 25th April 2025, 8:30 am

പകരക്കാരിയില്ലാത്ത നടിയാണ് കെ.പി.എ.സി ലളിത. നാടക വേദികളിൽ നിന്ന് സിനിമയിലെത്തിയ കെ.പി.എ.സി ലളിത മലയാളത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായിരുന്നു. സത്യൻ അന്തിക്കാട്, കമൽ, ഭരതൻ തുടങ്ങിയ സംവിധായകരുടെ സിനിമയിൽ സ്ഥിര സാന്നിധ്യമായിരുന്നു കെ.പി.എ.സി ലളിത. കെ.പി.എ.സി ലളിതയുടെ ശബ്‌ദത്തിലൂടെ ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു മതിലുകൾ എന്ന ചിത്രത്തിലെ നാരായണി. ബഷീറിന്റെ മതിലുകൾ എന്ന കഥയുടെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ മതിലുകൾ.

മതിലുകൾ എന്ന ചിത്രത്തിൽ എന്തുകൊണ്ടാണ് കെ.പി.എ.സി ലളിതയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതെന്ന് താൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനോട് ചോദിച്ചിട്ടുണ്ടെന്ന് കമൽ പറയുന്നു. മതിലുകൾ താൻ മലയാളികൾക്ക് വേണ്ടിയെടുത്ത സിനിമയല്ലെന്ന് പറഞ്ഞെന്നും പുറത്തുള്ളവർക്ക് കെ.പി.എ.സി ലളിതയെ അറിയില്ലെന്ന് അടൂർ പറഞ്ഞെന്നും കമൽ പറയുന്നു.

അത്രയും മനോഹരമായ മോഡുലേഷനിൽ നാരായണിയെ അവതരിപ്പിക്കാൻ മറ്റൊരാളുണ്ടായിരുന്നില്ലെന്നും പത്തോ പന്ത്രണ്ടോ ശബ്ദങ്ങൾ പരീക്ഷിച്ചിട്ട് അവസാനം ലളിതയിലേക്ക് എത്തുകയായിരുന്നുവെന്ന് അടൂർ പറഞ്ഞെന്നും കമൽ കൂട്ടിച്ചേർത്തു. അമൃത ടി.വിയിലെ ഓർമയിൽ എന്നും എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മതിലുകൾ എന്ന സിനിമയിൽ കെ.പി.എ.സി ലളിത അഭിനയിച്ചിട്ടില്ല. അവരുടെ മുഖം വരുന്നേയില്ല. അങ്ങനെതന്നെയാണ് ബഷീർ നോവലിലും എഴുതിയത്. കഥയിലും ബഷീർ നാരായണിയുടെ മുഖം കാണുന്നില്ല, അറിയുന്നില്ല. സങ്കൽപ്പിക്കുകയാണ്. അതിസുന്ദരിയായ സ്ത്രീയെ സങ്കൽപ്പിച്ചിട്ടാണ് ബഷീർ ഈ കഥ എഴുതിയിരിക്കുന്നത്.

അത്രയും മനോഹരമായ മോഡുലേഷനിൽ എൻ്റെയും വൈക്കം മുഹമ്മദ് ബഷീറിൻ്റെയും നാരായണിയെ അവതരിപ്പിക്കാൻ കഴിയുന്ന മറ്റൊരു ശബ്ദം എനിക്ക് വേറെ ലഭിച്ചില്ല

സിനിമയിലേക്ക് വന്നപ്പോൾ അടൂർ സാർ എന്തുകൊണ്ട് ലളിതയെകൊണ്ട് അത് ഡബ്ബ് ചെയ്യിപ്പിച്ചു എന്ന സംശയം എനിക്കുണ്ടായിരുന്നു. പിന്നീട് അടൂർ ഗോപാലകൃഷ്ണൻ സാറിനോട് ഞാൻ ഇതേകുറിച്ച് ചോദിച്ചു. കാരണം സിനിമ കാണുമ്പോൾ എനിക്ക് അപ്പുറത്ത് ലളിത ചേച്ചിയെ കാണാമായിരുന്നു. എന്നാൽ ലളിത ചേച്ചി അതിമനോഹരമായി ഡബ്ബ് ചെയ്തിട്ടുണ്ട്.

ഞാൻ ചോദിച്ചപ്പോൾ സാർ പറഞ്ഞത്, ‘കമലിന് ലളിതയെ അറിയാം, മലയാളികൾക്ക് ലളിതയെ അറിയാം. എന്നാൽ ഞാൻ ലോകത്തുള്ള എല്ലാവർക്കും വേണ്ടിയാണ് ഈ സിനിമയെടുത്തിരിക്കുന്നത്. അപ്പോൾ അവർക്ക് എല്ലാവർക്കും ലളിതയുടെ ശബ്ദം അറിയില്ല. അത്രയും മനോഹരമായ മോഡുലേഷനിൽ എൻ്റെയും വൈക്കം മുഹമ്മദ് ബഷീറിൻ്റെയും നാരായണിയെ അവതരിപ്പിക്കാൻ കഴിയുന്ന മറ്റൊരു ശബ്ദം എനിക്ക് വേറെ ലഭിച്ചില്ല. ഞാൻ പത്തോ പന്ത്രണ്ടോ ശബ്ദങ്ങൾ പരീക്ഷിച്ചിട്ട് അവസാനം ലളിതയിലേക്ക് എത്തുകയായിരുന്നു’ എന്നാണ് സാർ എന്നോട് പറഞ്ഞത്,’ കമൽ പറയുന്നു.

Content Highlight: Director Kamal Talks About K.P.A.C Lalitha In Mathilukal Movie