Entertainment
രാഷ്ട്രീയത്തെയും മതത്തെയും പേടിച്ചിട്ടാണ് ഇപ്പോള്‍ ഹ്യൂമര്‍ ഒന്നും ചെയ്യാത്തത്: കോട്ടയം നസീര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 03:42 am
Friday, 25th April 2025, 9:12 am

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് കോട്ടയം നസീര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറുതും വലുതുമായ ഹാസ്യ വേഷങ്ങള്‍ ചെയ്ത കോട്ടയം നസീര്‍ ഇപ്പോള്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് മലയാളികളെ വിസ്മയിപ്പിക്കുകയാണ്. കഥപറയുമ്പോള്‍, മാണിക്യക്കല്ല്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഹാസ്യ വേഷങ്ങള്‍ അധികവും ചെയ്തു കൊണ്ടിരുന്ന അദ്ദേഹത്തിന് ഒരു ബ്രേക്ക് ത്രൂ നല്‍കിയ ചിത്രമായിരുന്നു റോഷാക്. വാഴ യിലെ അച്ഛന്‍ കഥാപാത്രവും ഏറെ ജന ശ്രദ്ധ നേടി കൊടുത്തിരുന്നു.

എന്തുകൊണ്ട് മിമിക്രിയും മറ്റ് സ്‌കിറ്റ്കളും ഒന്നും താനിപ്പോള്‍ ചെയ്യുന്നില്ല എന്നതിനെ കുറിച്ച സംസാരിക്കുകയാണ്. കോട്ടയം നസീര്‍.

തന്നെ കൊണ്ട് പറ്റാത്തതുകൊണ്ടല്ല അത്തരം വേഷങ്ങള്‍ ചെയ്യാത്തതെന്നും ഇനിയും പഠിച്ച് ചെയ്യാനൊക്കെ തന്നെ കൊണ്ട് സാധിക്കുമെന്നും കോട്ടയം നസീര്‍ പറയുന്നു. ഇപ്പോള്‍ രാഷ്ട്രിയത്തിനെയോ, മതത്തിനെയോ, ഒന്നും തന്നെ നമ്മുക്ക് വിമര്‍ശിക്കാനോ കളിയാക്കാനോ സാധിക്കുകയില്ലെന്നും പേടിച്ചിട്ടാണ് ഒന്നും ചെയ്യാത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഒരു പ്രൊഫഷനെയോ, മതപണ്ഡിതന്മാരയോ കളിയാക്കാതെയും വിമര്‍ശിക്കാന്‍ പറ്റാതെയും നമുക്ക് എങ്ങനെ ഹ്യൂമര്‍ ചെയ്യാന്‍ സാധിക്കുമെന്നും കോട്ടയം നസീര്‍ കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ കൊണ്ട് പറ്റാത്തതുകൊണ്ടല്ല ഒന്നും ചെയ്യാത്തത്. ഇപ്പോഴും പുതിയത് പഠിച്ച് ചെയ്യാനൊക്കെ പറ്റും. പുതിയ ഐറ്റംസ് ഒക്കെ എനിക്ക് ചെയ്യാന്‍ പറ്റും. നമ്മള്‍ മുമ്പ് ചെയ്തിട്ടുള്ള ആള്‍ തന്നെയാണ്. വോയ്‌സ് രജിസ്റ്റര്‍ ആയി പോയത് കൊണ്ട് എത്രത്തോളം പെര്‍ഫക്ഷന്‍ ഉണ്ടാകുമെന്നുള്ളത് അറിയില്ല. അതിന്റെ ഒരു പരിമിതി ഉണ്ട്.

പിന്നെ ഒന്ന് പേടിച്ചിട്ടാണ്, നമ്മള്‍ എന്ത് പറയും. രാഷ്ട്രീയത്തിനെ എടുത്ത് പറയാന്‍ പറ്റില്ല. മതത്തിനെ തൊട്ട് കളിക്കാന്‍ പറ്റില്ല. ഏതെങ്കിലും ഒരു തൊഴിലിനെ എടുത്ത് വെയ്ക്കാന്‍ പറ്റില്ല. നമ്മള്‍ പിന്നെ എങ്ങനെ ഹ്യൂമര്‍ ഉണ്ടാക്കും. നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. എല്ലാത്തിനെയും വെച്ച് നമ്മള്‍ തമാശ പറയാറില്ലേ? പോലീസുകാരെ കളിയാക്കി കൊണ്ട് എത്ര സ്‌കിറ്റുകള്‍ വന്നിട്ടുണ്ട്. ഡോക്ടര്‍മാരെയും, വക്കീലന്മാരെയും ഒക്കെ കളിയാക്കി കൊണ്ടുള്ള എത്രയെത്ര സ്‌കിറ്റുകള്‍ വന്നിട്ടുണ്ട്. മതപണ്ഡിതന്‍ന്മാരെയൊക്കെ വിമര്‍ശിച്ചിട്ടുള്ള എത്ര സ്‌കിറ്റുകള്‍ വന്നിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ നമ്മള്‍ ആലോചിക്കണം,’ കോട്ടയം നസീര്‍ പറയുന്നു.

Content Highlight:  I don’t do any humor now because I’m afraid of politics and religion: Kottayam Nazir