നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലയില്‍ തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് സുന്ദര്‍. സി. വാഴ്കൈ ചക്രം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ കരിയര്‍ ആരംഭിച്ച സുന്ദര്‍ സി, 1995ല്‍ മുറൈ മാമന്‍ എന്ന ചിത്രത്തിലൂടെയാണ് സംവിധായകകുപ്പായമണിഞ്ഞത്. രജിനികാന്ത്, കമല്‍ ഹാസന്‍, കാര്‍ത്തിക്, വിശാല്‍ എന്നിവരുടെ കരിയറിലെ മികച്ച ചിത്രങ്ങളെല്ലാം ഒരുക്കിയത് സുന്ദര്‍ സിയാണ്.
തന്റെ ആദ്യകാല സിനിമാനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സുന്ദര്‍ സി. തമിഴിലെ മികച്ച നടന്മാരില്‍ ഒരാളും സംവിധായകനുമായ മണിവണ്ണന്റെ സംവിധാനസഹായിയായാണ് താന്‍ സിനിമയിലേക്കെത്തിയതെന്ന് സുന്ദര്‍ സി പറഞ്ഞു. മണിവണ്ണന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഗവണ്മെന്റ് മാപ്പിളൈയിലാണ് താന്‍ ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായതെന്നും ആദ്യദിവസത്തെ ഷൂട്ടിങ് അനുഭവം ഒരിക്കലും മറക്കില്ലെന്നും സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു.
ഷൂട്ടിന് വേണ്ടി ആര്‍ട്ടിസ്റ്റുകളെല്ലാം സ്‌പോട്ടിലെത്തിയെന്നും ക്രൗഡിനെ ക്ലിയര്‍ ചെയ്യിക്കാനും സ്‌പോട്ടില്‍ എല്ലാം കറക്ടാണോ എന്ന് നോക്കാനും മണിവണ്ണന്‍ തന്നെയായിരുന്നു ഏല്പിച്ചതെന്ന് സുന്ദര്‍ സി പറയുന്നു. ഷോട്ട് എടുക്കുന്നതിന് മുമ്പ് ഫ്രെയിമില്‍ പശുവിന്റെ ചാണകം എടുത്തറിഞ്ഞിരുന്നെന്നും അത് കോരിക്കളയാന്‍ മണിവണ്ണന്‍ തന്നോട് ആവശ്യപ്പെട്ടെന്നും സുന്ദര്‍ സി പറഞ്ഞു.
ആദ്യത്തെ ദിവസം തന്നെ ചാണകം കോരണമോ എന്ന കണ്‍ഫ്യൂഷനില്‍ താന്‍ നിന്നപ്പോള്‍ അത് കോരാന്‍ വീട്ടില്‍ നിന്ന് ആരെങ്കിലും വരുമോ എന്ന് മണിവണ്ണന്‍ തന്നോട് ചോദിച്ചെന്ന് സുന്ദര്‍ സി കൂട്ടിച്ചേര്‍ത്തു. താന്‍ തന്നെ അത് വൃത്തിയാക്കിയെന്നും പിന്നീട് എന്ത് പണിയും ചെയ്യാന്‍ തനിക്ക് മടി തോന്നാത്തത് മണിവണ്ണന്‍ കാരണമാണെന്നും സുന്ദര്‍ സി പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു സുന്ദര്‍ സി.
‘മണിവണ്ണന്‍ സാറിന്റെ അസിസ്റ്റന്റായാണ് ഞാന്‍ സിനിമയിലേക്കെത്തുന്നത്. എങ്ങനെയെങ്കിലും സിനിമയില്‍ കയറണം എന്ന ആഗ്രഹമായിരുന്നു അന്ന്. ഗവണ്മെന്റ് മാപ്പിളൈയായിരുന്നു എ.ഡിയായിട്ടുള്ള ആദ്യത്തെ സിനിമ. ഫസ്റ്റ് ഡേ സെറ്റിലെത്തിയപ്പോള്‍ ക്രൗഡിനെ ക്ലിയര്‍ ചെയ്യാനും സ്‌പോട്ടിലെ പ്രോപ്പര്‍ട്ടികള്‍ കറക്ടാണോ എന്ന് നോക്കാനും മണിവണ്ണന്‍ സാര്‍ എന്നെ എല്പിച്ചു.
ഷോട്ട് എടുക്കുന്നതിന് മുമ്പ് ഫ്രെയിമില്‍ ചാണകം കണ്ടിരുന്നു. അത് കോരിക്കളയാന്‍ സാര്‍ എന്നോട് പറഞ്ഞു. ആദ്യത്തെ ദിവസം തന്നെ ചാണകം കോരണോ എന്ന് ആലോചിച്ച് ഞാന്‍ നിന്നു. ‘അത് കോരിക്കളയാന്‍ പിന്നെ നിന്റെ വീട്ടില്‍ നിന്ന് ആരെങ്കിലും വരുമോ’ എന്ന് ചോദിച്ച് സാര്‍ ചൂടായി. ഞാന്‍ തന്നെ അത് വൃത്തിയാക്കി. ഇന്ന് സിനിമക്ക് വേണ്ടി എന്ത് പണിയും ചെയ്യാന്‍ മടി തോന്നാത്തതിന് കാരണം അന്ന് മണിവണ്ണന്‍ സാര്‍ ചൂടായതാണ്,’ സുന്ദര്‍. സി പറഞ്ഞു.
Content Highlight: Sundar C shares his first day experience as Assistant Director in Manivannan’s movie