Entertainment
ഞാനോ സൂര്യയോ അല്ല, തമിഴില്‍ ആദ്യമായി സിക്‌സ് പാക്ക് സ്വന്തമാക്കിയത് ആ നടന്‍: വിശാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 25, 03:18 am
Friday, 25th April 2025, 8:48 am

തമിഴ് സിനിമയില്‍ ആദ്യമായി സിക്‌സ് പാക്ക് സ്വന്തമാക്കിയ നടന്‍ സൂര്യയാണെന്ന് താരത്തിന്റെ പിതാവും പഴയകാല നടനുമായ ശിവകുമാര്‍ അടുത്തിടെ പറഞ്ഞിരുന്നു. സൂര്യയെപ്പോലെ സിനിമക്ക് വേണ്ടി കഷ്ടപ്പെടുന്ന നടന്മാര്‍ വെറെയുണ്ടാകില്ലെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ തമിഴ് സിനിമാപേജുകളില്‍ ശിവകുമാറിന്റെ വാക്കുകള്‍ ചര്‍ച്ചാവിഷയമായി മാറുകയും ചെയ്തു.

സൂര്യക്ക് മുമ്പ് വിശാല്‍ സിക്‌സ് പാക്ക് വരുത്തിയിരുന്നെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വാദമുയര്‍ത്തിയിരുന്നു. ഇപ്പോഴിതാ തമിഴ് സിനിമയില്‍ ആദ്യമായി സ്‌ക്‌സ് പാക്ക് സ്വന്തമാക്കിയ നടന്‍ ആരാണെന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്നിരിക്കുകയാണ് തമിഴ് താരം വിശാല്‍. താനോ സൂര്യയോ അല്ല, ധനുഷാണ് ആദ്യമായി സിക്‌സ് പാക്ക് വെച്ച് അഭിനയിച്ചതെന്ന് വിശാല്‍ പറഞ്ഞു.

വെട്രിമാരന്‍ സംവിധാനം ചെയ്ത് 2007ല്‍ പുറത്തിറങ്ങിയ പൊല്ലാതവന്‍ എന്ന സിനിമക്ക് വേണ്ടിയാണ് ധനുഷ് സിക്‌സ് പാക്ക് സ്വന്തമാക്കിയതെന്നും അതിന് ശേഷമാണ് താന്‍ സിക്‌സ് പാക്ക് വെച്ച് അഭിനയിച്ചതെന്നും വിശാല്‍ കൂട്ടിച്ചേര്‍ത്തു. 2008ല്‍ റിലീസായ സത്യം എന്ന സിനിമക്ക് വേണ്ടിയാണ് താന്‍ സിക്‌സ് പാക്ക് വരുത്തിയതെന്ന് വിശാല്‍ പറഞ്ഞു.

സത്യം റിലീസായ അതേ വര്‍ഷം തന്നെയാണ് വാരണം ആയിരം റിലീസായതെന്നും ആ സിനിമക്ക് വേണ്ടി സൂര്യയും സിക്‌സ് പാക്ക് വരുത്തിയെന്നും വിശാല്‍ പറയുന്നു. പിന്നീട് മദഗജരാജ എന്ന സിനിമക്ക് താന്‍ എയ്റ്റ് പാക്ക് വരുത്തി അഭിനയിച്ചെന്നും ഇപ്പോള്‍ അതിന്റെയെല്ലാം പേരില്‍ ചര്‍ച്ചകള്‍ വരുമെന്ന് പ്രതീക്ഷിച്ചില്ലെന്നും വിശാല്‍ പറഞ്ഞു. ഗലാട്ടാ എക്‌സ്‌ക്ലൂസീവിനോട് സംസാരിക്കുകയായിരുന്നു വിശാല്‍.

‘ഞാനോ സൂര്യയോ അല്ല, എന്റെ അറിവില്‍ തമിഴ് സിനിമയില്‍ ആദ്യമായി സിക്‌സ് പാക്ക് പരിചയപ്പെടുത്തിയ നടന്‍ ധനുഷാണ്. 2007ല്‍ റിലീസായ പൊല്ലാതവന്‍ എന്ന പടത്തില്‍ ധനുഷ് സിക്‌സ് പാക്ക് കാണിച്ച് അഭിനയിക്കുന്നുണ്ട്. വെട്രിമാരന്റെ ആദ്യത്തെ സിനിമയാണ് അത്. പിന്നീടാണ് സത്യം എന്ന സിനിമക്ക് വേണ്ടി ഞാന്‍ സിക്‌സ് പാക്ക് വരുത്തിയത്.

ആ സിനിമ റിലീസായത് 2008ലായിരുന്നു. ഏതാണ്ട് അതേ സമയത്ത് തന്നെയാണ് സൂര്യയുടെ വാരണം ആയിരവും റിലീസായത്. ഞങ്ങള്‍ രണ്ടുപേരും ഈ സിനിമകള്‍ക്ക് വേണ്ടി സിക്‌സ് പാക്ക് വരുത്തിയിരുന്നു. അതിന് ശേഷം സുന്ദര്‍ സിയുടെ മദഗജരാജക്ക് വേണ്ടി ഞാന്‍ എയ്റ്റ് പാക്ക് വരുത്തിയിരുന്നു. ഇതൊക്കെ ഇപ്പോള്‍ ചര്‍ച്ചയാകുമെന്ന് അപ്പോള്‍ വിചാരിച്ചിരുന്നില്ല,’ വിശാല്‍ പറഞ്ഞു.

Content Highlight: Vishal saying Dhanush was the first actor Tamil Actor who owned six pack before him and Suriya