Kerala News
മനുഷ്യനെന്ന പദത്തിൻ്റെ അർത്ഥം അറിയാത്ത കീടജന്മങ്ങളെ കൊണ്ട് ഭൂമി നിറയുമ്പോൾ ആരതീ, നിങ്ങൾ വലിയൊരു പ്രതീക്ഷയാണ്: ശാരദക്കുട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 25, 03:10 am
Friday, 25th April 2025, 8:40 am

തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിദ്വേഷകമന്റുകളിൽ രൂക്ഷവിമർശനവുമായി എഴുത്തുകാരി എസ്‌. ശാരദക്കുട്ടി. വിദ്വേഷ പ്രചാരണങ്ങൾക്കിടയിൽ ആരതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട് ശാരദക്കുട്ടി. അച്ഛന്റെ മരണത്തെ കുറിച്ച് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിന്റെ പേരിലാണ് ഒരു വിഭാഗം ആരതിക്കെതിരെ വിദ്വേഷ കമന്റുകളുമായി രംഗത്തെത്തിയത്.

അച്ഛന്‍ മരണപ്പെട്ടിട്ടും മരണത്തെയും ഭീകരവാദികളുടെ ആക്രമണത്തെയും മുന്നില്‍ കണ്ട് മക്കളെയും അമ്മയെയും രക്ഷപ്പെടുത്തി ഓടിയെന്നും അച്ഛന്റെ മരണത്തെ കുറിച്ച് പറയുമ്പോള്‍ കരയുന്നില്ലെന്നും ഇത്തരം കമന്റുകളില്‍ പറയുന്നു. മകളെന്നതിലുപരി ആരതി അമ്മയായി പ്രവര്‍ത്തിച്ചുവെന്നും കമന്റ് ചെയ്തവര്‍ കുറ്റപ്പെടുത്തുന്നു.

കരച്ചിലിന്റെ അളവ് നോക്കി വെറുപ്പും വിദ്വേഷവും വമിപ്പിക്കുന്നവർക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് എസ്‌. ശാരദക്കുട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശാരദക്കുട്ടി വിമർശനം അറിയിച്ചിരിക്കുന്നത്.

‘കരച്ചിലിൻ്റെ അളവും പുറത്തു കാണുന്ന ധൈര്യവും നോക്കി സ്നേഹം അളക്കുന്നവരോട് പറയാനുള്ളത്’ എന്നുപറഞ്ഞുകൊണ്ട് തുടങ്ങുന്ന കുറിപ്പിൽ സമചിത്തത, വിപദിധൈര്യം, സാമൂഹിക ഉത്തരവാദിത്തം ഇതെല്ലാമാണ് വിവേകമതികളായ മനുഷ്യരുടെ ലക്ഷണമെന്നും സ്നേഹമെന്നത് അച്ഛനോടു മാത്രമുണ്ടാവേണ്ട ചെറുവികാരവുമല്ലെന്നും പറയുന്നു.

ഒന്നു മനസിലാക്കണം, നിങ്ങളുടെ അച്ഛനല്ല, അവരുടെ അച്ഛനാണ് കണ്മുന്നിൽ വെടിയേറ്റ് ജീവൻ നഷ്ടപ്പെട്ടത്. എന്നിട്ടും മക്കളെയും അമ്മയെയും ചേർത്തു പിടിച്ച് ധൈര്യം വിടാതെ സംസാരിക്കുന്ന അവർ വെറുപ്പിൻ്റെ, അവിവേകത്തിൻ്റെ, മതവിദ്വേഷത്തിൻ്റെ ഒരു ശബ്ദവും പുറപ്പെടുവിക്കുന്നില്ലെന്നും ശാരദക്കുട്ടി കൂട്ടിച്ചേർത്തു.

‘മനുഷ്യനെന്ന പദത്തിൻ്റെ അർത്ഥം അറിയാത്ത കീടജന്മങ്ങളെ കൊണ്ട് ഭൂമി നിറയുമ്പോൾ ആരതീ, നിങ്ങൾ വലിയൊരു പ്രതീക്ഷയാണ്. ആശ്വാസവും മാതൃകയുമാണ്,’ ആരതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ശാരദക്കുട്ടി പറഞ്ഞു.

‘കരച്ചിലിൻ്റെ അളവും പുറത്തു കാണുന്ന ധൈര്യവും നോക്കി സ്നേഹം അളക്കുന്നവരോട് പറയാനുള്ളത്. സമചിത്തത, വിപദിധൈര്യം, സാമൂഹിക ഉത്തരവാദിത്തം ഇതെല്ലാമാണ് വിവേകമതികളായ മനുഷ്യരുടെ ലക്ഷണം. സ്നേഹമെന്നത് അച്ഛനോടു മാത്രമുണ്ടാവേണ്ട ചെറുവികാരവുമല്ല.

ധീരമായി പ്രതിസന്ധിയെ നേരിടുന്നവരുടെ ചുണ്ടിൻ്റെ നിറവും ക്ലീവേജും കൺപീലിയും പൗഡറും വയറും നോക്കി ഹൂശ് … ശബ്ദമുണ്ടാക്കി, സ്വന്തം മനസ്സിലെ മാലിന്യം കയ്യിട്ടു വാരി നക്കുന്നതല്ല സംസ്കാരലക്ഷണം.

ഒന്നു മനസ്സിലാക്കണം, നിങ്ങളുടെ അച്ഛനല്ല, അവരുടെ അച്ഛനാണ് കണ്മുന്നിൽ വെടിയേറ്റ് ജീവൻ നഷ്ടപ്പെട്ടത്. എന്നിട്ടും മക്കളെയും അമ്മയെയും ചേർത്തു പിടിച്ച് ധൈര്യം വിടാതെ സംസാരിക്കുന്ന അവർ വെറുപ്പിൻ്റെ, അവിവേകത്തിൻ്റെ, മതവിദ്വേഷത്തിൻ്റെ ഒരു ശബ്ദവും പുറപ്പെടുവിക്കുന്നില്ല.

മനുഷ്യനെന്ന പദത്തിൻ്റെ അർത്ഥം അറിയാത്ത കീടജന്മങ്ങളെ കൊണ്ട് ഭൂമി നിറയുമ്പോൾ ആരതീ, നിങ്ങൾ വലിയൊരു പ്രതീക്ഷയാണ്. ആശ്വാസവും മാതൃകയുമാണ്,’ ശാരദക്കുട്ടി കുറിച്ചു.

ട്വന്റിഫോര്‍ ന്യൂസ്, എഷ്യാനെറ്റ് ന്യൂസ്, റിപ്പോര്‍ട്ടര്‍ ടി.വി തുടങ്ങിയ മാധ്യമങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പങ്കുവെച്ച ആരതിയുടെ വീഡിയോക്ക് താഴെയാണ് ചിലര്‍ വിദ്വേഷ കമന്റുകളുമായെത്തിയത്. സ്ത്രീകള്‍ ധൈര്യത്തോടെ പെരുമാറുന്നതിലുള്‍പ്പെടെയുള്ള എതിര്‍പ്പും സഹായം ചെയ്ത കശ്മീരികള്‍ക്ക് നന്ദി പറഞ്ഞതിനടക്കമുള്ള എതിര്‍പ്പുമാണ് കമന്റുകളിലുള്ളത്.

അച്ഛനെ മുന്നിലിട്ട് കൊന്നിട്ട്‌ പോലും ഒരു മ്ലാനതയുമില്ലാതെ മേക്കപ്പും മറ്റുമിട്ട് മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് പ്രതികരിക്കുന്ന തലമുറയാണെന്നടക്കം കമന്റുകളുണ്ട്. മരണവിവരം പറയുമ്പോള്‍ തൊണ്ട ഇടറുന്ന മക്കള്‍ക്കിടയില്‍ ഇങ്ങനെയും ഒരു മകളോ എന്നടക്കമാണ് ഓരോ സൈബര്‍ ഹാന്റിലുകളുടെയും രോധനം.

ആരതി തീവ്രവാദികളെ വിളിച്ച് വരുത്തി അച്ഛനെ വെടിവെപ്പിച്ചതായിരിക്കുമെന്നും അവളുടെ ലുക്കില്‍ നിന്നും സംസാരിക്കുന്നതില്‍ നിന്നും അതാണ് തോന്നുന്നതെന്നും ആളുകള്‍ ആരോപിക്കുന്നു. അച്ഛനെ തിരിഞ്ഞുനോക്കാതെ മക്കളെ രക്ഷിച്ചുവെന്നും വിമര്‍ശനമുണ്ട്.

ജന്മം കൊടുത്ത അച്ഛനോടുള്ള സ്‌നേഹം ഇത്രയും നിസാരമാണോയെന്നും ഇവളെന്താ ഫാഷന്‍ഷോക്കോ സിനിമയിലോ സീരിയലിലോ അഭിനയിക്കുകയോ ആണോയെന്നും ചിലര്‍ ചോദിക്കുന്നു. കണ്‍ മുന്നിലിട്ട് സ്വന്തം അച്ഛനെ വെടിവെച്ചു കൊന്നിട്ട് ഒരു കൂസലും ഇല്ലാതെ മീഡിയയുടെ മുന്നില്‍ വന്ന് അഭിനയം കാഴ്ച വെയ്ക്കുന്ന ഇവളൊരു മകള്‍ ആണോയെന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

 

Content Highlight: When the earth is filled with vermin who don’t know the meaning of the word human, Aarti, you are a great hope: Sharadakutty