ചാനല്‍ അവതാരകനായി കരിയര്‍ ആരംഭിച്ച് തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ശിവകാര്‍ത്തികേയന്‍. എന്റര്‍ടൈന്മെന്റ് സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാന്‍ താരത്തിന് സാധിച്ചു. കനാ എന്ന സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രത്തിലൂടെ നിര്‍മാണരംഗത്തും തന്റെ സാന്നിധ്യം അറിയിച്ചു. പോയ വര്‍ഷം ഇറങ്ങിയ മാവീരന്‍ എന്ന ചിത്രം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ശിവകാര്‍ത്തികേയന്റെ വേറിട്ട പ്രകടനമായിരുന്നു സിനിമയില്‍.
രവികുമാര്‍ സംവിധാനം ചെയ്യുന്ന അയലാന്‍ ആണ് ശിവയുടെ പുതിയ ചിത്രം. 2016ലാണ് സിനിമ അനൗണ്‍സ് ചെയ്തത്. ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ അഭിനയിച്ചതിനെക്കുറിച്ച് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശിവകാര്‍ത്തികേയന്‍ വിശദീകരണം നല്‍കി. ‘അന്ന് പാന്‍ ഇന്ത്യന്‍ എന്ന വാക്ക് ഞങ്ങള്‍ക്ക് പരിചയമില്ലായിരുന്നു. ബാഹുബലി 2 മാത്രമായിരുന്നു ആ സമയത്ത് ഞങ്ങള്‍ക്ക് പരിചയമുള്ള ഒരേയൊരു വലിയ സിനിമ. അതിന് ശേഷം കെ.ജി.എഫ് പാര്‍ട്ടുകള്‍ വന്നു.
അതൊക്കെ കണ്ടപ്പോള്‍ നമ്മുടെ ഈ ചെറിയ സ്‌പേസില്‍ നിന്ന് ഇങ്ങനെ ഒരു വിഷന്‍ ഉള്ള സിനിമ ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇതുപോലെ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ എടുക്കാന്‍ നമുക്കും സാധിക്കും എന്ന് കാണിച്ചു കൊടുക്കുക. അത് മാത്രമായിരുന്നു ഞങ്ങളുടെ ചിന്ത. 2018ലാണ് ഞങ്ങള്‍ ഷൂട്ടിങ് തുടങ്ങിയത്. അതിന് ശേഷം രണ്ട് വര്‍ഷം ലോക്ക്ഡൗണ്‍ വന്നു. പിന്നീട് ഷൂട്ടിങ് റീസ്റ്റാര്‍ട്ട് ചെയ്ത സമയത്ത് പ്രൊഡ്യൂസര്‍ക്ക് സാമ്പത്തികമായി ചില പ്രശ്‌നങ്ങള്‍ വന്നു. ഈ സിനിമ മുടങ്ങും എന്ന സ്ഥിതി വന്നിരുന്നു.
ആ സമയത്ത് ഞാന്‍ കാരണം ഇനി കൂടുതല്‍ ബാധ്യത വരാന്‍ പാടില്ല എന്ന ചിന്ത കാരണമാണ് അത്തരമൊരു തീരുമാനം എടുത്തത്. എന്താണെന്ന് വെച്ചാല്‍ ഈ വിഷന്‍ ആളുകളുടെ മുന്നില്‍ എത്തണം. അവര്‍ ഈ സിനിമ കണ്ട് ഇഷ്ടപ്പെട്ടാല്‍ ഇതുപോലുള്ള കണ്ടന്റുകള്‍ ഇനിയും ഇവിടെ വരും. അതിന് ഇത് മാത്രമാണ് വഴി. അതു കൊണ്ടാണ് ഞാന്‍ അവരോട്, നിങ്ങള്‍ സിനിമ പൂര്‍ത്തിയാക്കൂ അത് ഇറക്കൂ, എന്നെക്കുറിച്ച് ആലോചിക്കണ്ട എന്ന് പറഞ്ഞത്’ ശിവകാര്‍ത്തികേയന്‍ പറഞ്ഞു.