അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് മഹാനായ സിദ്ദിഖ് എന്നോട് ചോദിച്ചിട്ടുണ്ട് ; ചര്‍ച്ചയായി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തല്‍
Movie Day
അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് മഹാനായ സിദ്ദിഖ് എന്നോട് ചോദിച്ചിട്ടുണ്ട് ; ചര്‍ച്ചയായി രേവതി സമ്പത്തിന്റെ വെളിപ്പെടുത്തല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 24th August 2024, 12:35 pm

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ സംഭവങ്ങളും വിവാദമായിരിക്കെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം സിനിമാ മേഖലയെ പിടിച്ചുകുലുക്കിയിരിക്കുകയാണ്.

രഞ്ജിത്തില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ടുവെന്ന് കാണിച്ച് ചലച്ചിത്ര നടീനടന്‍മാരുടെ കൂട്ടായ്മയായ അമ്മയ്ക്ക് നടി പരാതി അയച്ചിരുന്നെങ്കിലും അതില്‍ ഒരു നടപടിയും സംഘടന കൈക്കൊണ്ടിരുന്നില്ല.

എന്നാല്‍ അമ്മയുടെ തലപ്പത്ത് ഇന്നുള്ള നടന്‍ സിദ്ദിഖിനെതിരെ 2019 ല്‍ നടിയും മോഡലുമായ രേവതി സമ്പത്ത് ഉന്നയിച്ച ഒരു ആരോപണം കൂടി ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്.

2016 ല്‍ നടന്‍ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ച് രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച കുറിപ്പിലും സിദ്ദിഖില്‍ നിന്ന് നേരിട്ട ലൈംഗികാതിക്രമത്തെ കുറിച്ച് നടി തുറന്നുപറഞ്ഞിരുന്നു.

സിദ്ദിഖിന്റെ സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂവിന് ശേഷം തിരുവനന്തപുരത്ത് നടന്ന സംഭവത്തെക്കുറിച്ചാണ് രേവതി ഫേസ്ബുക്കില്‍ എഴുതിയത്.

അന്ന് തനിക്ക് 21 വയസായിരുന്നു പ്രായമെന്നും സിദ്ദിഖ് തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ഒരു സിനിമയ്ക്ക് വേണ്ടി അഡ്ജസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നുമായിരുന്നു രേവതി സമ്പത്ത് പറഞ്ഞത്. ദി ന്യൂസ് മിനുട്ടിന് നല്‍കിയ പ്രതികരണത്തിലും രേവതി സമ്പത്ത് അന്നത്തെ സംഭവത്തെ കുറിച്ച് വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു പരാതി പറഞ്ഞതിന്റെ പേരില്‍ തനിക്ക് സോഷ്യല്‍ മീഡിയ വഴി വലിയ ആക്രമണമാണ് നേരിടേണ്ടി വന്നതെന്നും രേവതി പറഞ്ഞിരുന്നു.

‘ഇത്തരം കാര്യങ്ങള്‍ തുറന്നുപറഞ്ഞ് പ്രശസ്തയാകാന്‍ ഞാന്‍ ശ്രമിച്ചുവെന്നാണ് കമന്റുകള്‍. എങ്ങനെയാണ് പ്രശസ്തി ഇവിടെ ഒരു ഘടകമാകുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല. എന്നോട് ചോദിച്ച മറ്റൊരു ചോദ്യം എന്തുകൊണ്ടാണ് നിങ്ങള്‍ ഇത് വെളിപ്പെടുത്താന്‍ ഇത്രയും സമയം എടുത്തത് എന്നതാണ്. അതിന് ഒറ്റ മറുപടിയേ ഉള്ളൂ. തുറന്നുപറയുക എളുപ്പമല്ല എന്നതാണ് അത്. സംവിധായകന്‍ രാജേഷ് ടച്ച് റിവറില്‍ നിന്ന് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച് നേരത്തെ ഒരു പോസ്റ്റ് ഇട്ടപ്പോഴും സിദ്ദിഖിനെ കുറിച്ച് തുറന്നു പറയാന്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു,’ ദി ന്യൂസ് മിനുട്ടിന് നല്‍കിയ പ്രതികരണത്തില്‍ അവര്‍ പറയുന്നു.

2016 ല്‍ സിദ്ദിഖിന്റെ മകന്‍ അഭിനയിക്കുന്ന ഒരു തമിഴ് സിനിമയിലെ ഓഫറിനെക്കുറിച്ച് സംസാരിക്കാന്‍ സിദ്ദിഖ് തന്നെ ബന്ധപ്പെട്ടിരുന്നെന്ന് രേവതി പറയുന്നു.

‘ സുഖമായിരിക്കട്ടെ എന്ന തന്റെ സിനിമയുടെ പ്രിവ്യൂ നിള തിയേറ്ററില്‍ കഴിഞ്ഞപ്പോള്‍, ഈ ഓഫറിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മസ്‌കറ്റ് ഹോട്ടലില്‍ വരാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. അവിടെ എത്തിയ എന്നോട് ‘അഡ്ജസ്റ്റ്‌മെന്റിന്’ തയ്യാറാണോ എന്ന് ചോദിച്ചു.

സിനിമാ മേഖലയില്‍ ഈ വാക്കിന് ഇങ്ങനെയൊരു അര്‍ത്ഥം ഉണ്ടാകുന്നതില്‍ വിഷമമുണ്ട്. എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, അദ്ദേഹം ആവശ്യം വ്യക്തമായി പറഞ്ഞു. അതൊന്നും നടക്കില്ല എന്ന് മനസ്സിലായപ്പോള്‍ എന്ത് വേണമെങ്കിലും ചെയ്യൂ എന്ന് പറഞ്ഞു.

അദ്ദേഹം അത്രയും ശക്തനായതിനാല്‍ എനിക്ക് അദ്ദേഹത്തിനെതിരെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. എനിക്ക് ഇപ്പോള്‍ ലഭിക്കുന്ന ഈ ആക്രമണങ്ങള്‍ കാണുമ്പോള്‍ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് തെളിയുകയാണ്,’ രേവതി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിദ്ദീഖും നടി കെ.പി.എ.സി ലളിതയും ചേര്‍ന്ന് ദിലീപിന് അനുകൂലമായി ഒരു വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ഡബ്ല്യു.സി.സിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചുകൊണ്ടുള്ള ആ പത്രസമ്മേളനത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടും അന്ന് രേവതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.

‘ഈ വീഡിയോ ഞാന്‍ വീണ്ടും വീണ്ടും കാണുകയായിരുന്നു. ഈ നടന്‍, സിദ്ദിഖ്, 2016-ല്‍ തിരുവനന്തപുരത്തെ നിള തിയേറ്ററില്‍ ‘സുഖമയിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂവില്‍ എന്നോട് ലൈംഗികമായി മോശമായി പെരുമാറിയ ആളാണ്. 21-ാം വയസ്സില്‍ അദ്ദേഹത്തിന്റെ ആ പെരുമാറ്റം എന്നെ തളര്‍ത്തി. അതിന്റെ ആഘാതം ഇപ്പോഴും എന്നിലുണ്ട്.

ഇയാള്‍ക്ക് ഒരു മകളുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അവള്‍ അയാളുടെ കൈകളില്‍ സുരക്ഷിതയാണോ എന്ന കാര്യത്തില്‍ ഞാന്‍ അത്ഭുതപ്പെടുകയാണ്. നിങ്ങളുടെ മകള്‍ക്ക് ഇങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ എന്തു ചെയ്യുമായിരുന്നു മിസ്റ്റര്‍ സിദ്ദിഖ്?

ഇദ്ദേഹത്തെപ്പോലുള്ള ഒരാള്‍ക്ക് എങ്ങനെയാണ് WCC പോലുള്ള ഒരു കൂട്ടായ്മക്കെതിരെ വിരല്‍ചൂണ്ടാനാവുക? അതിന് നിങ്ങള്‍ അര്‍ഹനാണോ? സ്വയം ചിന്തിക്കൂ, ഉളുപ്പുണ്ടോ? സിനിമയിലെ മാന്യന്മാര്‍ എന്ന് സ്വയം വിളിക്കപ്പെടുന്ന ഈ മുഖംമൂടികളെ ഓര്‍ത്ത് ലജ്ജിക്കുന്നു’, എന്നായിരുന്നു രേവതിയുടെ പോസ്റ്റ്.

സിദ്ദിഖിനെ കുറിച്ചുള്ള തന്റെ പോസ്റ്റ് കണ്ടതിന് ശേഷം സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ചിലര്‍ തന്നെ സ്വകാര്യമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും രേവതി വ്യക്തമാക്കിയിരുന്നു.

Content Highlight: Siddique asked me if I was ready for ‘adjustments’: Actor Revathy Sampath statement on discussion