'കുടുംബങ്ങള്‍ തകരും, ശപിക്കും'; ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നടക്കമുള്ള പ്രതിഷേധത്തിന് പിന്നാലെ യൂറോപ്രൈഡിന് ആതിഥ്യം വഹിക്കില്ലെന്ന് പ്രഖ്യാപിച്ച് സെര്‍ബിയ
World News
'കുടുംബങ്ങള്‍ തകരും, ശപിക്കും'; ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നടക്കമുള്ള പ്രതിഷേധത്തിന് പിന്നാലെ യൂറോപ്രൈഡിന് ആതിഥ്യം വഹിക്കില്ലെന്ന് പ്രഖ്യാപിച്ച് സെര്‍ബിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th August 2022, 9:58 am

ബെല്‍ഗ്രേഡ്: യൂറോപ്രൈഡ് 2022ന് (EuroPride 2022) ആതിഥ്യം വഹിക്കില്ലെന്ന് പ്രഖ്യാപിച്ച് സെര്‍ബിയ. സെര്‍ബിയന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ വുസിക് (Aleksandar Vucic) ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് പ്രൈഡ് പരേഡ് സംഘടിപ്പിക്കുന്നതിനെതിരെ ആയിരക്കണക്കിന് പേര്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പരിപാടിക്ക് ആതിഥ്യം വഹിക്കുന്നതില്‍ നിന്നും സെര്‍ബിയ പിന്മാറുന്നതായി പ്രസിഡന്റ് പ്രഖ്യാപിച്ചത്.

എന്നാല്‍ ഈ തീരുമാനത്തില്‍ താന്‍ സന്തുഷ്ടനല്ലെന്നും രാജ്യത്തിന് മറ്റ് പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, എന്നതിനാലാണ് പിന്മാറുന്നതെന്നും അലക്‌സാണ്ടര്‍ വുസിക് പറഞ്ഞു.

”ഈ വര്‍ഷം സെപ്റ്റംബറില്‍ സെര്‍ബിയയില്‍ വെച്ച് നടക്കേണ്ടിയിരുന്ന പ്രൈഡ് പരേഡ് നീട്ടിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്. സെര്‍ബിയയുടെ മുന്‍ പ്രവിശ്യയായ കൊസോവോയുമായുള്ള സമീപകാല സംഘര്‍ഷങ്ങളും, ഊര്‍ജ- ഭക്ഷ്യ മേഖലയിലെ പ്രശ്നങ്ങളും കാരണമാണ് തീരുമാനം,” വുസിക് പത്രസമ്മേളനത്തില്‍ പറഞ്ഞു.

”ലളിതമായി പറഞ്ഞാല്‍, ഒരു ഘട്ടത്തില്‍, നിങ്ങള്‍ക്ക് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയില്ല. കൂടുതല്‍ സന്തോഷകരമായ മറ്റൊരു സമയത്ത്, ഈ പരിപാടി (പ്രൈഡ് പരേഡ്) നടന്നേക്കാം,” സെര്‍ബിയന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, പരേഡ് എന്തുതന്നെയായാലും സംഘടിപ്പിക്കുമെന്നും എന്ത് തരത്തിലുള്ള നിരോധനമായാലും അതെല്ലാം നിയമവിരുദ്ധമാണെന്നുമാണ് യൂറോപ്രൈഡ് 2022ന്റെ സംഘാടകര്‍ വിഷയത്തില്‍ പ്രതികരിച്ചത്.

”സെര്‍ബിയക്ക് യൂറോപ്രൈഡ് റദ്ദാക്കാനാവില്ല. അങ്ങനെ ചെയ്യാനുള്ള ഏതൊരു ശ്രമവും ഭരണഘടനയുടെ വ്യക്തമായ ലംഘനമായിരിക്കും,” യൂറോപ്രൈഡ് 2022 സംഘാടകന്‍ മാര്‍ക്കോ മിഹൈലോവിക് പറഞ്ഞു.

പരിപാടി ഒരിക്കലും റദ്ദാക്കില്ലെന്ന് യൂറോപ്രൈഡിന് ലൈസന്‍സ് നല്‍കാനുള്ള അധികാരമുള്ള യൂറോപ്യന്‍ പ്രൈഡ് ഓര്‍ഗനൈസേഴ്സ് അസോസിയേഷന്‍ (European Pride Organisers Association) പ്രസിഡന്റ് ക്രിസ്റ്റിന്‍ ഗാരിനയും വ്യക്തമാക്കി.

സെര്‍ബിയന്‍ പ്രധാനമന്ത്രിയായ അന്ന ബ്ര്‌നാബിക് (Ana Brnabic) താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ആദ്യമായി തുറന്നുപറഞ്ഞ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ്, എന്നിരിക്കെയാണ് രാജ്യം യൂറോപ്രൈഡിന് ആതിഥ്യം വഹിക്കുന്നതില്‍ നിന്നും പിന്മാറിയത് എന്നതും ശ്രദ്ധേയമാണ്.

ഓഗസ്റ്റ് മാസം ആദ്യമായിരുന്നു തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ പ്രൈഡ് പരേഡിനെതിരെ പ്രതിഷേധം നടന്നത്. തീവ്ര വലതുപക്ഷ പാര്‍ട്ടികളും സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചും പരിപാടിക്കെതിരെ രംഗത്തെത്തിയിരുന്നു. ‘കുടുംബ ബന്ധങ്ങള്‍ സംരക്ഷിക്കാന്‍’ എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.

”ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നവരെയും അതില്‍ പങ്കെടുക്കുന്നവരെയും ഞാന്‍ ശപിക്കും,” എന്നാണ് സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു പുരോഹിതന്‍ (Bishop of Banat, Nikanor) പ്രതികരിച്ചത്.

സെപ്റ്റംബര്‍ 12 മുതല്‍ 18 വരെയുള്ള തീയതികളിലായിരുന്നു യൂറോപ്രൈഡ് 2022 പരേഡ് സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ വെച്ച് നടക്കാനിരുന്നത്.

ഇന്റര്‍നാഷണല്‍ എല്‍.ജി.ബി.ടി പ്രൈഡ് പരേഡായ ഈ പരിപാടി 1992 മുതല്‍ മിക്കവാറും എല്ലാ വര്‍ഷവും സംഘടിപ്പിച്ച് വരുന്നുണ്ട്. വിവിധ യൂറോപ്യന്‍ നഗരങ്ങളിലായാണ് പരേഡ് നടക്കാറുള്ളത്.

Content Highlight: Serbian president says they will not host the event EuroPride 2022 due to wide protest against it