തിരുവനന്തപുരം: ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം നിലനില്‍ക്കുന്നില്ലെന്ന് ശശി തരൂര്‍ എം.പി. 22ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
“ഒരു പുസ്തകമോ സിനിമയോ ലേഖനമോ എന്തിന് ഒരു തലക്കെട്ട് പോലും അത് മതപരമായ വ്രണപ്പെടുത്തലുകള്‍ ഉണ്ടാക്കുന്നെന്ന ഒരു പ്രചരണത്തിന്റെ പേരില്‍ മാത്രം എതിര്‍ക്കപ്പെടുന്ന ഒരു പ്രവണത നിലനില്‍ക്കുന്നുണ്ട്. ബ്രിട്ടീഷുകാര്‍ 20 കളില്‍ നിര്‍മ്മിച്ച നിയമവും അത്തരം വ്യക്തികള്‍ക്ക് അനുകൂലമാണ്. എന്നാല്‍ ഒരു പുസ്തകത്തിലോ സിനിമയിലോ പുറത്തു നിന്നൊരാള്‍ ഇടപെടുന്നതിന് ഞാന്‍ എതിരാണ്.” തരൂര്‍ പറയുന്നു.
“പത്മാവതിയെ സംബന്ധിച്ച വിവാദങ്ങള്‍ തീര്‍ത്തും അനാവശ്യമാണ്. ആ ചിത്രത്തെ പറ്റി ഓര്‍ത്ത് അഭിമാനം കൊള്ളുന്ന ഒരു രജപുത്ര രാജകുമാരിയെ എനിക്കറിയാം.” ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
അപര്‍ണ സെന്‍, സജിത മഠത്തില്‍, കമല്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഓപ്പണ്‍ ഫോറം നിയന്ത്രിച്ചത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ഗൗരിദാസന്‍ നായരാണ്.