Advertisement
Sports News
'ഇനി ഒരു തിരിച്ചുവരവില്ല ശശിയേ, കരിയര്‍ തന്നെ അവസാനിച്ചു'; സഞ്ജുവിനെ വലിച്ചുകീറി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 13, 05:21 pm
Sunday, 13th August 2023, 10:51 pm

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ട്വന്റി-20 മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. നാല് മത്സരം കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും രണ്ട് മത്സരം വെച്ച് വിജയിച്ചിട്ടുണ്ട്. അവസാന മത്സരത്തില്‍ ജയിക്കുന്ന ടീമിന് പരമ്പര നേടാം.

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും പരാജിതനാകുന്ന കാഴ്ചയാണ് അഞ്ചാം മത്സരത്തിലും കാണാന്‍ സാധിച്ചത്. ഒമ്പത് പന്ത് നേരിട്ട സഞ്ജു 13 റണ്‍സ് മാത്രമാണ് നേടിയത്. രണ്ട് ബൗണ്ടറി താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

റോമേറെ ഷെപ്പേര്‍ഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ നിക്കോളസ് പൂരന് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്.

ലോകകപ്പ്, ഏഷ്യാ കപ്പ് ടീമുകളില്‍ താരം ഇടം നേടുമെന്ന് വിശ്വസിക്കുന്ന ആരാധകരുടെയും ക്രിക്കറ്റ് പ്രേമികളുടെയും സകല പ്രതീക്ഷകളും കളയുന്ന പ്രകടനമാണ് സഞ്ജു കാഴ്ചവെക്കുന്നത്. ഈ പരമ്പരയില്‍ ആദ്യ രണ്ട് മത്സരത്തിലും സഞ്ജുവിന് ബാറ്റിങ് അവസരം ലഭിച്ചിരുന്നു. ആദ്യ മത്സരത്തില്‍ 12 പന്ത് നേരിട്ട് 12 റണ്‍സ് നേടി സഞ്ജു റണ്ണൗട്ടായപ്പോള്‍ രണ്ടാം മത്സരത്തില്‍ വെറും ഏഴ് റണ്‍സെടുത്ത് പുറത്തായി.

മികച്ച ടാലെന്റുള്ള സഞ്ജുവില്‍ നിന്നും ആരാധകര്‍ ഒരിക്കലും വലിയ ഇന്നിങ്‌സുകളല്ല പ്രതീക്ഷിക്കുന്നത്. അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനായി കാഴ്ചവെക്കുന്ന തരത്തിലുള്ള ഇമ്പാക്ട് ഫുള്‍ ഇന്നിങ്‌സാണ് ആരാധകര്‍ എന്നും താരത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാല്‍ സഞ്ജുവിന് അത് നല്‍കാന്‍ സാധിക്കുന്നില്ല.

അഞ്ചാം മത്സരത്തിന് ശേഷം ആരാധകര്‍ താരത്തെ എയറില്‍ നിര്‍ത്തുന്ന കാഴ്ചയാണ് നിലവില്‍ കാണാന്‍ സാധിക്കുന്നത്.

ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിന് വേണ്ടി വാദിക്കുന്ന ഒരുപാട് പേരുണ്ട് എന്നാല്‍ സഞ്ജുവിന് അതിനുളള ആഗ്രഹമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിന് ഇനി അവസരം നല്‍കരുതെന്നും ഹെയ്‌റ്റേഴ്‌സ് വാദിക്കുന്നുണ്ട്. സഞ്ജുവിന്റെ പി.ആറുകളോട് വേറെ പണിക്ക് പോകാന്‍ പറയുന്നവരും കുറച്ചൊന്നുമല്ല.

ഈ പരമ്പരയില്‍ സഞ്ജു ഒഴികെ ബാക്കി എല്ലാവരും ഒരു പോയിന്റിലെങ്കിലും പരമ്പരയില്‍ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ടെന്നും എന്നാല്‍ സഞ്ജു മാത്രം ഒന്നും ചെയ്തില്ലൈന്നും ആരാധകര്‍ പറയുന്നു.

അതേസമയം അഞ്ചാം മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 165 റണ്‍സ് നേടി. 66 റണ്‍സ് നേടിയ സൂര്യകുമാറാണ് ടോപ് സ്‌കോറര്‍. യുവതാരം തിലക് വര്‍മ 27 റണ്‍സ് നേടി. വിന്‍ഡീസിനായി ഷെപ്പേര്‍ഡ് നാല് വിക്കറ്റ് നേടി.

 

Content Highlight: Sanju Samson Gets slammed by fans in Twitter fo his bad performance against