national news
ഭീല്‍ ആദിവാസികളെ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ബജ്‌റംഗ്ദള്‍ പരാതി; യു.എസ് പൗരന്‍ അടക്കം രണ്ടുപേർ കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 23, 09:24 am
Wednesday, 23rd April 2025, 2:54 pm

ജയ്പൂർ: ഭീല്‍ ആദിവാസികളെ മതം മാറ്റാന്‍ ശ്രമിച്ചെന്ന ബജ്‌റംഗ്ദളിന്റെ പരാതിയില്‍ യു.എസ് പൗരന്‍ അടക്കം രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് രാജസ്ഥാന്‍ പൊലീസ്. കോട്ട ജില്ലാ ആസ്ഥാനത്ത് നിന്ന് ഏകദേശം 18 കിലോമീറ്റർ അകലെയുള്ള മോത്തിപുര ഗ്രാമത്തിലാണ് സംഭവം.

മോത്തിപുര ഗ്രാമത്തിലെ ജോയ് മാത്യു, മകളുടെ ഭര്‍ത്താവും യു.എസ് പൗരനുമായ കോളിന്‍ മൈക്കൽ എന്നിവരെയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇരുവരും ഭീല്‍ ആദിവാസികളെ മതം മാറ്റാന്‍ ശ്രമിച്ചെന്നും ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചെന്നുമാണ് ബജ്‌റംഗ്ദള്‍ ആരോപിക്കുന്നത്.

മൈക്കലിനെതിരെ വിദേശ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്യൽ സെല്ലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും കോട്ട (റൂറൽ) എസ്.പി സുജിത് ശങ്കർ പറഞ്ഞു.

ഭീല്‍ ആദിവാസികളെ മതം മാറ്റാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് ചിലര്‍ ഹെല്‍പ്പ്‌ലൈനില്‍ വിളിച്ചെന്നും അതിനാലാണ് ഇടപെട്ടതെന്നും ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രന്‍വാള്‍ അവകാശപ്പെട്ടു. ചരണ്‍ ചൗക്കി എന്ന പ്രദേശത്ത് ജോയ് മാത്യുവും മൈക്കലും സ്ത്രീകളെയും കുട്ടികളെയും മതം മാറ്റാന്‍ ശ്രമിച്ചുവെന്നും യോഗേഷ് ആരോപിച്ചു.

താനും മറ്റ് അംഗങ്ങളും മോത്തിപുരയിലെത്തിയപ്പോൾ ഭീല്‍ സമുദായത്തിലെ 50 ഓളം അംഗങ്ങൾ ചരൺ ചൗക്കിൽ ഒത്തുകൂടിയതായി കണ്ടെന്ന് യോഗേഷ് പറഞ്ഞു. ‘അവിടെ ഒരു പരിപാടി നടക്കുകയായിരുന്നു. പരിപാടിക്കിടെ അവർ ഹിന്ദു ദേവതകളെക്കുറിച്ച് ആക്ഷേപകരമായ പരാമർശങ്ങൾ നടത്തി. തുടർന്ന് ഒരു പ്രാർത്ഥനാ സെഷനും നടത്തി. അതിൽ പങ്കെടുത്തവർക്ക് കുരിശിന്റെ ആകൃതിയിലുള്ള ലോക്കറ്റുകൾ വിതരണം ചെയ്തു,’ യോഗേഷ് ആരോപിച്ചു.

Content Highlight: Bajrang Dal alleges attempt to convert Bhil tribals; Two people, including US citizen, in custody