Advertisement
Entertainment
പലരും ആ ഇമേജില്‍ നിങ്ങള്‍ തളക്കപ്പെടുമെന്ന് പറഞ്ഞു, പ്രേക്ഷകരുടെ സ്‌നേഹമായാണ് ഞാന്‍ അതിനെ കണ്ടത്: കുഞ്ചാക്കോ ബോബന്‍

 

സംവിധായകന്‍ ഫാസില്‍ മലയാള സിനിമക്ക് സമ്മാനിച്ച നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി എത്തുന്നത്. ആദ്യ ചിത്രം തന്നെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാക്കി മാറ്റിയ കുഞ്ചാക്കോ ബോബന്‍ ഒരുകാലത്ത് ചോക്ലേറ്റ് ഹീറോ എന്ന ലേബലില്‍ നിറഞ്ഞുനിന്നു. നിറം, അനിയത്തിപ്രാവ്, പ്രേം പൂജാരി എന്നിങ്ങനെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ തിരിച്ചുവരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന കുഞ്ചാക്കോ ബോബനെയാണ് കാണാന്‍ സാധിക്കുന്നത്. ഏറ്റവും അവസാനം ഇറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയും സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോള്‍ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ സക്‌സസ് മീറ്റില്‍ സംസാരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

പലപ്പോഴും പലരും ചോക്ലേറ്റ് നടന്‍ എന്ന ലേബലില്‍ തന്നെ തളച്ചിരിക്കുകയാണെന്ന് പറഞ്ഞപ്പോഴും ഒരു സ്‌നേഹത്തിന്റെ തളക്കപ്പെടലായാണ് താന്‍ അതിനെ കണ്ടിട്ടുള്ളതെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബന്‍. ഒരു അഭിനേതാവെന്ന നിലയില്‍ താന്‍ അതിന്റെ എല്ലാവശങ്ങളും ഏറെ സ്‌നേഹത്തോടെയാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. സിനിമയെ കൂടുതല്‍ സ്നേഹിച്ച് തുടങ്ങിയപ്പോളാണ് ഒരു ചോക്ലേറ്റ് ഇമേജിനപ്പുറം തനിക്ക് മറ്റ് സിനിമകളും കഥാപാത്രങ്ങളും ചെയ്യണമെന്ന ആഗ്രഹം തോന്നി തുടങ്ങിയതെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

‘പലരും പറയുന്നത് പോലെ ഒരു ചോക്ലേറ്റ് ഇമേജ് അല്ലെങ്കില്‍ ചോക്ലേറ്റ് നായകന്‍ എന്നൊരു ഇമേജ് നില്‍ക്കുമ്പോഴും പലരും ആ ഇമേജില്‍ തളക്കപ്പെടുന്നു എന്ന് പറയുമ്പോഴും ഒരു സ്‌നേഹത്തിന്റെ തളക്കപ്പെടലായിട്ടാണ് അത് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. അതൊരു വ്യക്തിയെന്ന നിലയില്‍ അല്ലെങ്കില്‍ അഭിനേതാവെന്ന നിലയില്‍ അതിന്റെ എല്ലാ നല്ല വശങ്ങളും സ്‌നേഹപൂര്‍വം സ്വീകരിച്ചിട്ടുണ്ട്.

അതിനപ്പുറം സിനിമയെ സ്‌നേഹിച്ച് തുടങ്ങിയപ്പോള്‍ ആണ് ആ ഇമേജിനപ്പുറമുള്ള സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും യാത്ര ചെയ്യണമെന്നുള്ള ഒരു ആഗ്രഹം ജനിക്കുന്നത്. അതിന്റെ തുടര്‍ച്ചയായിട്ട് സിനിമകള്‍ക്ക് വേണ്ടിയും കഥാപാത്രങ്ങള്‍ക്ക് വേണ്ടിയും പലരോടും പോയി ചോദിക്കുകയും, അവസരങ്ങള്‍ക്ക് വേണ്ടി ആഗ്രഹിക്കുകയും അവരെ നിര്‍ബന്ധിക്കുകയും ചെയ്തിട്ടുണ്ട്. ആ കൂട്ടത്തില്‍ എന്നെ സ്നേഹിക്കുകയും എന്നില്‍ ഒരു നടനുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മനസിലാക്കിയ ഒരുപാട് ആളുകളുണ്ട്. അതില്‍ സംവിധായകരുണ്ട്, തിരക്കഥാകൃത്തുക്കളുണ്ട്, നിര്‍മാതക്കള്‍ ഉണ്ട് അങ്ങനെ ഒരുപാട് ആളുകളുണ്ട്,’ കുഞ്ചാക്കോ ബോബന്‍ പറയുന്നു.

 

Content Highlight: Kunchacko Boban says that he accept his cholate hero image in film from audience