Malayalam Cinema
ആ സിനിമയില്‍ തന്നെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്ന് രാജു ചോദിച്ചിരുന്നു: ലാല്‍ ജോസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 11:40 am
Tuesday, 29th April 2025, 5:10 pm

മലയാള സിനിമയ്ക്ക് ഏറെ ഹിറ്റുകള്‍ സമ്മാനിച്ച ജനപ്രിയ സംവിധായകനാണ് ലാല്‍ ജോസ്. കമലിനൊപ്പം പതിനാലോളം സിനിമകളില്‍ സഹായിയായി പ്രവര്‍ത്തിച്ച ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്രസംവിധായകനായത്. പിന്നീട് മീശമാധവന്‍, അറബിക്കഥ, ക്ലാസ്‌മേറ്റ്‌സ് അയാളും ഞാനും തമ്മില്‍, ഡയമണ്ട് നെക്‌ലെയ്‌സ് തുടങ്ങി ഒരുപിടി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ ലാല്‍ ജോസിന് സാധിച്ചു.

ഇപ്പോള്‍ ഡയമണ്ട് നെക്ലെസ് എന്ന ചിത്രത്തില്‍ എന്തുകൊണ്ടാണ് തന്നെ പരിഗണിക്കാതിരുന്നത് എന്ന് പൃഥിരാജ് പറഞ്ഞതിനെ പറ്റി സംസാരിക്കുകയാണ് ലാല്‍ ജോസ്.

അയാളും ഞാനും തമ്മില്‍ സിനിമയുടെ സമയത്ത് തന്റെ അടുത്ത് ഡയമണ്ട് നെക്ലെയ്സ് സിനിമയില്‍ ഫഹദ് ചെയ്ത കഥാപാത്രത്തിന് തന്നെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് പൃഥ്വിരാജ് ചോദിച്ചിരുന്നുവെന്നും എന്തുകൊണ്ട് ലാല്‍ ജോസിന്റെ മനസില്‍ ആ കഥാപാത്രത്തിന് തന്റെ മുഖം വന്നില്ലെന്ന് പറയുകയുണ്ടായെന്നും ലാല്‍ ജോസ് പറഞ്ഞു. പൃഥ്വിരാജിന് പറ്റിയ വേഷമാണ് എന്ന് പിന്നീട് തനിക്ക് തോന്നിയെന്നും എന്നാല്‍ സിനിമയുടെ കഥ തിരക്കഥാകൃത്ത് പറഞ്ഞപ്പോള്‍ ആദ്യം വന്നത് ഫഹദിന്റെ മുഖമാണെന്നും ലാല്‍ ജോസ് കൂട്ടിച്ചേര്‍ത്തു. സഫാരി ടിവിയില്‍ സംസാരിക്കുകയായിരുന്നു ലാല്‍ ജോസ്.

അയാളും ഞാനും തമ്മില്‍ സിനിമയെ പറ്റി സംസാരിക്കാന്‍ ആയിട്ട് ഞാന്‍ രാജുവിന്റെ അടുത്ത് പോയി. ആ സമയത്ത് ഡയമണ്ട് നെക്ലെയ്‌സ് റിലീസായിരുന്നു അപ്പോള്‍ പൃഥ്വിരാജ് ആദ്യം എന്നോട് ചോദിച്ചത് ‘ലാലുവേട്ടാ ഡയമണ്ട് നെക്ലൈസ് എന്ന സിനിമ ചെയ്യുമ്പോള്‍ അരുണ്‍ കുമാര്‍ എന്ന കഥാപാത്രമായിട്ട് എന്നെ എന്താണ് പരിഗണിക്കാതിരുന്നത്’ എന്നാണ്.

‘അതില്‍ ഫഹദ് നന്നായി ചെയ്തിട്ടുണ്ട്. പക്ഷേ ആ ഒരു ക്യാരക്ടറിന് എന്തുകൊണ്ടാണ് എന്റെ മുഖം ലാലുവേട്ടന്റെ മനസില്‍ വരാതിരുന്നത്’ എന്ന് രാജു ചോദിച്ചിരുന്നു. രാജുവിന് ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണ് അത് എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് തോന്നി. പക്ഷേ ആ കഥ ഇഖ്ബാല്‍ എന്നോട് പറയുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വന്നത് ഫഹദിന്റെ മുഖമാണ്. ഫഹദിന്റെ എക്‌സ്പ്രഷനും കള്ളച്ചിരിയുമാണ് മനസിലേക്ക് വന്നത്. അദ്ദേഹം ഓക്കെ കൂടി പറഞ്ഞപ്പോള്‍ പിന്നെ വേറൊരു ഓപ്ഷനും ആലോചിച്ചില്ല,’ ലാല്‍ ജോസ് പറഞ്ഞു.

Content  Highlight: Lal Jose is talking about Prithviraj’s statement that he was not considered for the role in the film Diamond Necklace.