Entertainment
കേരളത്തില്‍ മമ്മൂട്ടിയെ, ആന്ധ്രയില്‍ മോഹന്‍ലാലിനെ, ബോക്‌സ് ഓഫീസില്‍ ബിഗ് എംസിനെ മലര്‍ത്തിയടിച്ച് ആലപ്പുഴ ജിംഖാന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 11:31 am
Tuesday, 29th April 2025, 5:01 pm

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രം ആദ്യ ഷോ അവസാനിച്ചതുമുതല്‍ അതിഗംഭീര പ്രതികരണങ്ങളാണ് ഏറ്റുവാങ്ങിയത്. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് 50 കോടി കളക്ഷന്‍ നേടിയ ചിത്രം മികച്ച രീതിയില്‍ മുന്നോട്ട് കുതിക്കുകയാണ്.

വേള്‍ഡ്‌വൈഡായി റിലീസ് ചെയ്ത ചിത്രത്തിന്റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലിന് ആന്ധ്രയില്‍ മികച്ച ആരാധകപിന്തുണയുള്ളതുകൊണ്ടാണ് തെലുങ്ക് പതിപ്പും മലയാളത്തോടൊപ്പം പുറത്തിറക്കിയത്. മൂന്ന് ദിവസം കൊണ്ട് ഒരു കോടിക്ക് മുകളില്‍ ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു. എന്നാല്‍ തുടരും സിനിമയെക്കാള്‍ മികച്ച മുന്നേറ്റം മറ്റൊരു മലയാളചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ആന്ധ്രയില്‍ നടത്തുകയാണ്.

നസ്‌ലെനെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയാണ് ആന്ധ്രയില്‍ സൂപ്പര്‍ഹിറ്റിലേക്ക് കുതിക്കുന്നത്. ഏപ്രില്‍ 25നാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് തിയേറ്ററുകളിലെത്തിയത്. ആദ്യദിവസം വെറും 70 ലക്ഷം മാത്രം കളക്ട് ചെയ്ത ആലപ്പുഴ ജിംഖാന പിന്നീടുള്ള രണ്ട് ദിവസങ്ങളിലും ഒരു കോടിക്കു മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി.

മൂന്ന് ദിവസം കൊണ്ട് 3.4 കോടിയാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് നേടിയത്. നസ്‌ലെന്റെ മുന്‍ ചിത്രമായ പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് സെന്‍സേഷണല്‍ ഹിറ്റായിരുന്നു. തെലുങ്കിലെ മുന്‍നിര സംവിധായകനായ രാജമൗലിയുടെ മകന്‍ എസ്.എസ്. കാര്‍ത്തികേയയാണ് പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് വിതരണം ചെയ്തത്.

ആന്ധ്രയില്‍ നടന്ന പ്രേമലുവിന്റെ സക്‌സസ് മീറ്റില്‍ രാജമൗലി ചിത്രത്തിന്റെ ക്രൂവിനെ മുഴുവന്‍ അഭിനന്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. പ്രേമലുവിലൂടെ ആന്ധ്രയില്‍ ലഭിച്ച സ്റ്റാര്‍ഡം മികച്ച രീതിയില്‍ നസ്‌ലെന്‍ കൊണ്ടുപോകുന്നുണ്ടെന്ന സൂചനയാണ് ആലപ്പുഴ ജിംഖാനയുടെ തെലുങ്ക് പതിപ്പ് പ്രേക്ഷകര്‍ ഏറ്റെടുത്തതിലൂടെ ലഭിക്കുന്നത്.

തല്ലുമാല എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ഖാലിദ് റഹ്‌മാന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. കണ്ടുമടുത്ത സ്‌പോര്‍ട്‌സ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ട്രീറ്റ്‌മെന്റായിരുന്നു ആലപ്പുഴ ജിംഖാനയുടേത്. നസ്‌ലെന് പുറമെ ലുക്മാന്‍ അവറാന്‍, ഗണപതി, ബേബി ജീന്‍, ഫ്രാങ്കോ, അനഘ രവി തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. വേള്‍ഡ്‌വൈഡ് ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടിക്കുമുകളില്‍ ആലപ്പുഴ ജിംഖാന സ്വന്തമാക്കി.

Content Highlight: Telugu version Alappuzha Gymkhana collected more than Thudarum movie’s Telugu version