Entertainment
മാത്യുവിന്റെ ആ പാട്ട് തമിഴ്‌നാട്ടില്‍ ഫേമസാണ്, അവന്റെ ക്യാരക്ടര്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടു:ശിവാംഗി കൃഷ്ണകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 29, 11:09 am
Tuesday, 29th April 2025, 4:39 pm

തമിഴ് റിയാലിറ്റി ഷോയായ സൂപ്പര്‍ സിംഗര്‍ 7ല്‍ പങ്കെടുത്ത് ശ്രദ്ധ നേടിയ വ്യക്തിയാണ് ശിവാംഗി കൃഷ്ണകുമാര്‍ മലയാളികളില്‍ പോലും ഏറെ ആരാധകരുള്ള തമിഴ് നടിയും ഗായികയുമാണ് ശിവാംഗി. എന്നാല്‍ 2020ലെ കുക്ക് വിത്ത് കോമാളി എന്ന കോമഡി-പാചക പരിപാടിയിലൂടെയാണ് ശിവാംഗി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഈ പരിപാടിയിലൂടെ മലയാളികള്‍ക്കിടയില്‍ പോലും ശിവാംഗിക്ക് ആരാധകരെ ലഭിച്ചു.

ആഷിക് അബു നിര്‍മിച്ച് ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ലൗലി എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശിവാംഗി തന്റെ സാന്നിധ്യമറിയിക്കുകയാണ്. ഈച്ചയും യുവാവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രത്തില്‍ ഈച്ചക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ശിവാംഗിയാണ്. മാത്യു തോമസിനെക്കുറിച്ച് സംസാരിക്കുകയാണ് ശിവാംഗി.

മാത്യു തോമസിന്റെ നിലവുക്ക് എന്‍മേല്‍ എന്നടീ കോപം എന്ന സിനിമയിലെ ഗോള്‍ഡന്‍ സ്പാരോ എന്ന പാട്ട് തമിഴ്‌നാട്ടില്‍ വൈറലായെന്ന് ശിവാംഗി പറഞ്ഞു. ആ സിനിമയില്‍ മാത്യുവിന്റെ രാജേഷ് എന്ന കഥാപാത്രം വലിയ രീതിയില്‍ ചര്‍ച്ചയായെന്നും അതുപോലൊരു ഫ്രണ്ടിനെ കിട്ടണമെന്ന് പലരും അഭിപ്രായപ്പെട്ടെന്നും ശിവാംഗി കൂട്ടിച്ചേര്‍ത്തു.

 

എന്നാല്‍ അതിന് മുന്നേ ലിയോ എന്ന സിനിമയും മാത്യുവിന് തമിഴ്‌നാട്ടില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടെന്നും ശിവാംഗി പറഞ്ഞു. വിജയ്‌യുടെ മകനായി മാത്യു ചെയ്ത വേഷം വലിയ തംരഗമായെന്നും ആ സിനിമയില്‍ മാത്യു വളരെ മികച്ച പെര്‍ഫോമന്‍സായിരുന്നു നടത്തിയതെന്നും ശിവാംഗി കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു ശിവാംഗി.

‘മാത്യു ഇപ്പോള്‍ തമിഴ്‌നാട്ടില്‍ ഫേമസാണല്ലോ. ഗോള്‍ഡന്‍ സ്പാരോ എന്ന പാട്ടുണ്ടല്ലോ. നിലവുക്ക് എന്‍മേല്‍ എന്നടീ കോപം എന്ന പടത്തിലെ. ആ പാട്ട് തമിഴ്‌നാട്ടില്‍ വൈറലായിരിക്കുകയാണ്. ആ പടത്തിലെ മാത്യുവിന്റെ ക്യാരക്ടറും ചര്‍ച്ചയായി. രാജേഷ് എന്നാണ് മാത്യുവിന്റെ ക്യാരക്ടറിന്റെ പേര്. രാജേഷിനെപ്പോലൊരു ഫ്രണ്ടിനെ കിട്ടിയിരുന്നെങ്കില്‍ എന്നാണ് പലരുടെയും ആഗ്രഹം.

എന്നാല്‍ അതിന് മുന്നേ മാത്യുവിനെ തമിഴ്‌നാട്ടിലുള്ളവര്‍ക്ക് അറിയാം. ലിയോയില്‍ വിജയ് സാറിന്റെ മകനായിട്ട് മാത്യു അഭിനയിച്ചിരുന്നല്ലോ. ആ ക്യാരക്ടറും അന്ന് ഒരുപാട് പേരുടെ സംസാരവിഷയമായിരുന്നു. ആ ക്യാരക്ടറിനെപ്പോലൊരു മകനെ കിട്ടണമെന്നൊന്നും ആരും ആഗ്രഹിക്കില്ല. പക്ഷേ, അത് നല്ല ക്യാരക്ടറായിരുന്നു,’ ശിവാംഗി പറഞ്ഞു.

Content Highlight: Sivaangi Krishnakumar about Mathew Thomas and his Tamil films