ലോകകപ്പ് ഫൈനലില്‍ ഞാന്‍ കളിക്കേണ്ടതായിരുന്നു, എന്നാല്‍... രോഹിത് ഭായ് എന്നോട് ക്ഷമ പറഞ്ഞു; സഞ്ജു സാംസണ്‍
Sports News
ലോകകപ്പ് ഫൈനലില്‍ ഞാന്‍ കളിക്കേണ്ടതായിരുന്നു, എന്നാല്‍... രോഹിത് ഭായ് എന്നോട് ക്ഷമ പറഞ്ഞു; സഞ്ജു സാംസണ്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 22nd October 2024, 11:15 am

ഒരു പതിറ്റാണ്ടിലധികം നീണ്ടുനിന്ന കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ഇന്ത്യ 2024 ടി-20 ലോകകപ്പില്‍ മുത്തമിട്ടത്. കലാശപ്പോരാട്ടത്തില്‍ സൗത്ത് ആഫ്രിക്കയെ തോല്‍പിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. അവസാന ഓവര്‍ വരെ ആവേശം തിങ്ങി നിന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ സ്വപ്‌നങ്ങളെ ചാമ്പലാക്കി ഒരിക്കല്‍ക്കൂടി ഇന്ത്യ ടി-20 ലോകകപ്പില്‍ മുത്തമിട്ടു.

രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഒറ്റ മത്സരത്തില്‍ പോലും താരത്തിന് പ്ലെയിങ് ഇലവന്റെ ഭാഗമാകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറുടെ റോളില്‍ സഞ്ജു കളത്തിലിറങ്ങിയിരുന്നു.

 

ലോകകപ്പ് ഫൈനലിന്റെ പ്ലെയിങ് ഇലവനില്‍ തന്റെ പേരും ഉള്‍പ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് സഞ്ജു സാംസണ്‍. തന്നോട് തയ്യാറാകാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ടോസിന് തൊട്ടുമുമ്പ് പഴയ പ്ലെയിങ് ഇലവനെ തന്നെ കളത്തിലിറക്കാന്‍ ടീം തീരുമാനിക്കുകയായിരുന്നു എന്നും സഞ്ജു പറയുന്നു.

വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനിലിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ലോകകപ്പ് ഫൈനല്‍ ദിവസം രാവിലെ ഞാന്‍ ടീമിന്റെ ഭാഗമാകാന്‍ സാധ്യതകളുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. അതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും എന്നോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ടോസിന് തൊട്ടുമുമ്പ് അതേ ടീമിനെ (മുന്‍ മത്സരങ്ങളിലെ പ്ലെയിങ് ഇലവന്‍) തന്നെ കളത്തിലിറക്കാന്‍ ടീം തീരുമാനിക്കുകയായിരുന്നു. ടോസിന് ശേഷം രോഹിത് ഭായ് എന്റെയടുത്ത് വരികയും ഇതിന് ക്ഷമ ചോദിക്കുകയും ചെയ്തു,’ സഞ്ജു പറഞ്ഞു.

ലോകകപ്പില്‍ സഞ്ജുവിന് ഒരിക്കലെങ്കിലും അവസരം നല്‍കണമായിരുന്നു എന്നാണ് അഭിമുഖത്തിന് പിന്നാലെ ആരാധകര്‍ പറയുന്നത്. ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനം ലോകകപ്പിന് മുമ്പായിരുന്നെങ്കില്‍ സഞ്ജു ഉറപ്പായും ടീമിനൊപ്പമുണ്ടാകുമായിരുന്നു എന്നും അവര്‍ പറയുന്നു.

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ മോശമല്ലാത്ത പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം മത്സരത്തില്‍ ഏഴ് പന്തില്‍ നിന്നും പത്ത് റണ്‍സ് മാത്രമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്.

എന്നാല്‍ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയാണ് സഞ്ജു തിളങ്ങിയത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 40 പന്തില്‍ സെഞ്ച്വറി നേടിയ സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്താളുകളില്‍ ഇടം നേടി.

ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന നേട്ടമാണ് ഇതിന് പിന്നാലെ സഞ്ജു സ്വന്തമാക്കിയത്. ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കിയ താരങ്ങളുടെ പട്ടികയില്‍ രോഹിത് ശര്‍മയ്ക്ക് ശേഷം രണ്ടാമനായി ഇടം നേടാനും ഈ സെഞ്ച്വറി സഞ്ജുവിനെ സഹായിച്ചു.

 

ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഇനി സൗത്ത് ആഫ്രിക്കയെ അവരുടെ തട്ടകത്തിലെത്തിയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. ഈ പരമ്പരയിലും സഞ്ജു ടീമിനൊപ്പമുണ്ടാകുമെന്നും എവേ ഗ്രൗണ്ടിലും മികച്ച പ്രകടനം നടത്തുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content highlight: Sanju Samson about World Cup final