Advertisement
Entertainment news
ഹെലികോപ്റ്ററില്‍ വന്ന മമ്മൂക്കയെ കാണാന്‍ എന്റെ വീട്ടില്‍ ക്ഷണിക്കാത്ത ആളുകള്‍ പോലുമെത്തി: സാജു നവോദയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 11, 06:18 pm
Monday, 11th December 2023, 11:48 pm

കോമഡിയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനായി മാറിയ വ്യക്തിയാണ് പാഷാണം ഷാജിയെന്ന പേരില്‍ അറിയപ്പെടുന്ന സാജു നവോദയ.

താരം മമ്മൂട്ടിയുടെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ വളരെ രസകരമായ ഒരു അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സാജു.

‘ഞാന്‍ എന്റെ വീട് വെച്ചിട്ട് ഹൗസ് വാമിങ്ങിന് ആദ്യം വിളിക്കുന്നത് മമ്മൂക്കയെ ആയിരുന്നു. ഒരു ചാനലില്‍ ഇന്റര്‍വ്യൂവിന് ഇരിക്കുമ്പോള്‍ കാര്‍ഡ് കൊടുത്തിട്ട് അന്ന് വരണം എന്ന് മമ്മൂക്കയോട് പറഞ്ഞു.

ഞാന്‍ ഉറപ്പായും വരുമെന്ന് അന്ന് മമ്മൂക്ക ഇന്റര്‍വ്യൂവില്‍ പറഞ്ഞു. ഇത് ഇന്റര്‍വ്യൂവില്‍ എന്റെ നാട്ടുകാരെല്ലാം കേട്ടിരുന്നു. പക്ഷെ ആ ദിവസം മമ്മൂക്കക്ക് വാഗമണ്ണില്‍ ഒരു ഷൂട്ടിങ് ഉണ്ടായിരുന്നു.

അപ്പോള്‍ അന്ന് വരാന്‍ കഴിയില്ലെന്ന് ഇക്ക എന്നോട് പറഞ്ഞതാണ്. പക്ഷേ അന്ന് പതിവില്ലാതെ പരിപാടിയില്‍ ഞാന്‍ വിളിച്ചിട്ടില്ലാത്ത ആളുകള്‍ പോലും വന്നിരുന്നു. ജനം വീട്ടിലേക്ക് ഇങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്.

അപ്പോള്‍ ഞാന്‍ ഫുഡൊക്കെ എത്തുമോ എന്ന സംശയത്തിലായി. മമ്മൂക്ക വരുമെന്ന് കരുതിയാണ് ആളുകളൊക്കെ വന്നത്. പിന്നെ രാത്രി ഇടിയും മഴയുമൊക്കെ വന്നത് കാരണം എല്ലാരും പോയി, പരിപാടിയൊക്കെ കഴിഞ്ഞു.

പിറ്റേന്ന് രാവിലെ ഞാന്‍ ജങ്ഷനില്‍ ചെന്നപ്പോള്‍ ആളുകളൊക്കെ ‘ഇന്നലെ വന്നല്ലേ’ എന്ന് ചോദിക്കാന്‍ തുടങ്ങി. ഞാന്‍ ആര് വന്ന കാര്യമാണെന്ന് ചോദിച്ചപ്പോള്‍ ഇന്നലെ മമ്മൂക്ക വന്നില്ലേയെന്ന് ചോദിച്ചു.

ഇല്ലെന്ന് മറുപടി പറഞ്ഞപ്പോള്‍ ‘ഒന്ന് പോ അവിടുന്ന്, ഞങ്ങള്‍ കണ്ടതാണ്’ എന്നാണ് പറഞ്ഞത്. മമ്മൂക്കയെ നിങ്ങള്‍ കണ്ടോ, അതിന് മമ്മൂക്ക വന്നില്ലല്ലോയെന്ന് ഞാന്‍ വീണ്ടും ചോദിച്ചു. ചുമ്മാതൊന്നും പനങ്ങാട് ഹെലികോപ്റ്റര്‍ വരില്ല എന്നാണ് അവര് പറഞ്ഞത്.

അന്ന് രാത്രി ഒരു ഹെലികോപ്റ്റര്‍ വന്നത് അവര് കണ്ടിരുന്നു. മമ്മൂക്ക ഹെലികോപ്റ്ററില്‍ വന്ന് എന്റെ ടെറസില്‍ ഇറങ്ങി ഫങ്ഷന്‍ അറ്റന്‍ഡ് ചെയ്തിട്ട് തിരിച്ച് കയറില്‍ തൂങ്ങി കയറി പോയെന്നാണ് അവരൊക്കെ പറയുന്നത്. അങ്ങനെയുള്ള ഒരു നല്ല അനുഭവം എനിക്ക് കിട്ടിയിട്ടുണ്ട്,’ സാജു നവോദയ പറഞ്ഞു.


Content Highlight: Saju Navodaya Talks About His House Warming