Entertainment
സ്റ്റീഫന്‍ നെടുമ്പള്ളിയോട് പേടിയുള്ളതുകൊണ്ടാണ് വര്‍മ എന്ന കഥാപാത്രം ആ ചോദ്യം അങ്ങനെ ചോദിച്ചത്: സായ് കുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Aug 25, 01:32 pm
Sunday, 25th August 2024, 7:02 pm

പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ സിനിമയായിരുന്നു 2019ല്‍ റിലീസ് ചെയ്ത ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറി. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരനില്‍ നിന്ന് ഖുറേഷി അബ്രാമെന്ന അധോലോക നായകനിലേക്കുള്ള മോഹന്‍ലാലിന്റെ മാറ്റം ആരാധകര്‍ ആഘോഷമാക്കി മാറ്റി.

ചിത്രത്തില്‍ മോഹന്‍ലാല്‍ ആരാധകര്‍ ഏറെ ആഘോഷിച്ച സീനുകളിലൊന്നാണ് മോഹന്‍ലാലും സായ് കുമാറും തമ്മിലുള്ള സംഭാഷണം. സായ് കുമാര്‍ അവതരിപ്പിച്ച മഹേശ വര്‍മ എന്ന കഥാപാത്രം ഏറെക്കാലത്തിന് ശേഷം താരത്തിന് കിട്ടിയ മികച്ച വേഷങ്ങളിലൊന്നായിരുന്നു. ആ സീനിലെ സായ് കുമാറിന്റെ പ്രകടനത്തെ നിരവധിപ്പേര്‍ പ്രശംസിച്ചിരുന്നു. ആ സീന്‍ ചെയ്യുമ്പോള്‍ എടുത്ത തയാറെടുപ്പുകളെക്കുറിച്ച് സംസാരിക്കുകയാണ് സായ് കുമാര്‍.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം എന്തിനും മടിക്കാത്തവനാണെന്ന് തന്റെ കഥാപാത്രത്തിന് അറിയാമെന്ന് സായ് കുമാര്‍ പറഞ്ഞു. അയാളുടെ പിതൃത്വത്തെക്കുറിച്ച് തനിക്ക് അറിയാമെന്നുള്ള കാര്യം ഡയലോഗിലൂടെ മനസിലാക്കിക്കൊടുക്കണെന്ന് തോന്നിയതുകൊണ്ടാണ് അങ്ങനെ സംസാരിച്ചതെന്നും സായ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റീഫനോടുള്ള പേടിയും ആ ഡയോലഗില്‍ കാണാമെന്നും സായ് കുമാര്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ അവതരിപ്പിച്ച വര്‍മ എന്ന കഥാപാത്രം സ്റ്റീഫനെ ജയിലില്‍ കാണാന്‍ പോകുന്ന സീനിലെ ഡയലോഗ് മോഹന്‍ലാല്‍ ഫാന്‍സ് ഒരുപാട് ആഘോഷിച്ചു. പക്ഷേ ആ ഡയലോഗിന് ഒരു കൗണ്ടര്‍ ഡയലോഗും ഉണ്ടായിരുന്നു. അത് പറയുമ്പോള്‍ സ്റ്റീഫനോടുള്ള പേടിയും, ആ ക്യാരക്ടറിനെക്കുറിച്ച് തനിക്കും ചിലത് അറിയാമെന്നുള്ള കാര്യങ്ങള്‍ പറയാതെ പറയണം.

സ്റ്റീഫന്‍ എന്നയാള്‍ എന്തും ചെയ്യാന്‍ മടിക്കാത്തയാളാണെന്ന് വര്‍മക്കറിയാം. ആ ഒരു കാര്യവും കൂടി മനസില്‍ വെച്ചുകൊണ്ടാണ് അവിടയെും ഇവിടയെും തൊടാത്ത രീതിയില്‍ ചുറ്റിവളച്ച് ‘ആരാണ് സ്റ്റീഫന്റെ തന്ത’ എന്ന് ചോദിക്കുന്നത്. അയാളുടെ നിഗൂഢതയെപ്പറ്റി കുറച്ചൊക്കെ തനിക്കും അറിയാമെന്നുള്ള ധ്വനിയും ആ ഡയലോഗിലുണ്ട്. അങ്ങനെയാണ് ഞാനത് അവതരിപ്പിച്ചത്,’ സായ് കുമാര്‍ പറഞ്ഞു.

Content Highlight: Saikumar about his scene with Mohanlal in Lucifer