ചരിത്രത്തില്‍ ഇങ്ങനെയൊരു കഥയുണ്ടായിരുന്നെന്ന് രേഖപ്പെടുത്തുന്ന രേഖാചിത്രം
movie review
ചരിത്രത്തില്‍ ഇങ്ങനെയൊരു കഥയുണ്ടായിരുന്നെന്ന് രേഖപ്പെടുത്തുന്ന രേഖാചിത്രം
അമര്‍നാഥ് എം.
Thursday, 9th January 2025, 3:40 pm
നമുക്ക് പരിചിതമായ ഒരു സംഭവത്തില്‍ നമ്മളറിയാതെ പോയ ഒരു കഥയുണ്ടായിരുന്നെന്ന് പറയുന്ന ഴോണറാണ് ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി. അത്തരത്തിലുള്ള ഴോണറിലൊരുങ്ങുന്ന സിനിമയെന്ന നിലയില്‍ രേഖാചിത്രത്തിന് മേലെ വലിയ പ്രതീക്ഷകള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. ശരിക്കും ഇങ്ങനെ സംഭവിച്ചിരുന്നോ എന്ന് നമുക്ക് തന്നെ ഒരു ഘട്ടത്തില്‍ തോന്നിപ്പോകും. അവിടെയാണ് രേഖാചിത്രത്തിന്റെ വിജയം.

ഡ്യൂട്ടിക്കിടെ ഓണ്‍ലൈന്‍ റമ്മി കളിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷനിലാകുന്ന ഇന്‍സ്‌പെക്ടര്‍ വിവേക്. തിരികെ ഡ്യൂട്ടിക്ക് കയറുന്ന ദിവസം അയാളെ കാത്തിരിക്കുന്നത് പുതിയൊരു സ്ഥലവും കേസുമായിരുന്നു. രേഖാചിത്രത്തിന്റെ കഥ ആരംഭിക്കുന്നത് ഇങ്ങനെയാണ്. അന്വേഷണത്തിന് പിന്നാലെ പോകുന്ന വിവേകിന്റെ കൂടെ നമ്മളും യാത്ര ചെയ്യുകയാണ്.

പല പല സ്ഥലങ്ങളും പലതരത്തിലുള്ള ആളുകളെയും ആ യാത്രയില്‍ നമ്മള്‍ കാണുന്നുണ്ട്. ഒരുഘട്ടത്തില്‍ ആ യാത്ര എത്തുന്നത് മലയാളത്തിലെ ഒരു ക്ലാസിക് ചിത്രത്തിന്റെ ലൊക്കേഷനിലാണ്. സീറ്റ് എഡ്ജ് ത്രില്ലറായിട്ടല്ല രേഖാചിത്രം ഒരുങ്ങിയത്. കുറ്റാന്വേഷണത്തോടൊപ്പം സ്വല്പം ഡ്രാമയും ചേര്‍ന്ന കഥപറച്ചിലാണ് ചിത്രത്തിന്റേത്.

മലയാളസിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഴോണറാണ് ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി. നമുക്ക് പരിചിതമായ ഒരു സംഭവത്തില്‍ നമ്മളറിയാതെ പോയ ഒരു കഥയുണ്ടായിരുന്നെന്ന് പറയുന്ന ഴോണറാണ് ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി. അത്തരത്തിലുള്ള ഴോണറിലൊരുങ്ങുന്ന സിനിമയെന്ന നിലയില്‍ രേഖാചിത്രത്തിന് മേലെ വലിയ പ്രതീക്ഷകള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. ശരിക്കും ഇങ്ങനെ സംഭവിച്ചിരുന്നോ എന്ന് നമുക്ക് തന്നെ ഒരു ഘട്ടത്തില്‍ തോന്നിപ്പോകും. അവിടെയാണ് രേഖാചിത്രത്തിന്റെ വിജയം.

ഇത്തരത്തിലൊരു കഥ സിനിമക്കായി തെരഞ്ഞെടുക്കുമ്പോള്‍ അതിനാവശ്യമായ തെരഞ്ഞെടുപ്പുകള്‍ നല്ല രീതിയില്‍ സംവിധായകനും തിരക്കഥാകൃത്തും എടുത്തിട്ടുണ്ടെന്ന് സിനിമയിലുടനീളം കാണാന്‍ സാധിക്കും. ഓരോ കഥാപാത്രത്തിനും കൃത്യമായ സ്‌പേസ് നല്‍കാന്‍ എഴുത്തുകാരനും കഴിഞ്ഞിട്ടുണ്ട്. ഒരു കഥാപാത്രം പോലും അനാവശ്യമായിരുന്നെന്ന് നമുക്ക് തോന്നില്ല.

ചിത്രത്തിന് പ്രോപ്പറായിട്ടുള്ള ഇന്റര്‍വല്‍ ഇല്ല എന്നതും മറ്റ് സിനിമകളില്‍ നിന്ന് രേഖാചിത്രത്തെ വ്യത്യസ്തമായി നിര്‍ത്തുന്നുണ്ട്. ആദ്യപകുതി ഒരു പ്രത്യേകഘട്ടത്തിലെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് ചെറിയൊരു ബ്രേക്ക് തന്നത് വ്യത്യസ്തമായ അനുഭവമായി തോന്നി.

Asif Ali

ആസിഫ് അലി

പെര്‍ഫോമന്‍സില്‍ മികച്ചു നിന്നത് ആസിഫ് അലി തന്നെയാണ്. വിനോദ് എന്ന പൊലീസ് ഓഫീസറുടെ ശരീരഭാഷകള്‍ ആസിഫില്‍ ഭദ്രമായിരുന്നു. തലവനിലെ മുന്‍കോപക്കാരനായ കാര്‍ത്തിക്കില്‍ നിന്ന് വിനോദിലേക്ക് എത്തുമ്പോള്‍ ഒന്നിനൊന്ന് വ്യത്യസ്തമായ പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ ആസിഫിന് സാധിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം എവിടെ നിര്‍ത്തിയോ അവിടെ നിന്ന് വീണ്ടും തുടങ്ങുമെന്ന് തന്നെയാണ് ആസിഫ് രേഖാചിത്രത്തിലൂടെ വ്യക്തമാക്കിയത്.

Anaswara Rajan

അനശ്വര രാജന്‍

കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത് അനശ്വര രാജനാണ്. കഥാപാത്രത്തിന്റെ ഇമോഷനുകളെല്ലാം പ്രേക്ഷകരിലേക്ക് കണക്ട് ചെയ്യിക്കാന്‍ അനശ്വരക്ക് സാധിച്ചിട്ടുണ്ടെന്ന് സംശയമേതുമില്ലാതെ പറയാം. ഇവര്‍ രണ്ടുപേരും കഴിഞ്ഞാല്‍ പിന്നെ ഞെട്ടിച്ചത് സെറിന്‍ ഷിഹാബാണ്. ആട്ടത്തിന് ശേഷം സെറിന് കിട്ടിയ ശക്തമായ കഥാപാത്രം തന്നെയാണ് രേഖാചിത്രത്തിലേത്. ഇതുപോലുള്ള മികച്ച കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് മുന്നോട്ടുപോകാന്‍ കഴിയട്ടെയെന്ന് കരുതുന്നു.

നിഷാന്ത് സാഗര്‍, ഭാമ അരുണ്‍, സിദ്ദിഖ്, മനോജ് കെ. ജയന്‍, ശ്രീകാന്ത് മുരളി, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരെല്ലാം അവരവരുടെ വേഷങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. സ്‌പോയിലറായേക്കാവുന്ന ചില കഥാപാത്രങ്ങളും സിനിമയില്‍ വന്നുപോകുന്നുണ്ട്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും വരുമ്പോള്‍ ഉയര്‍ന്നുകേട്ട ഒന്നാണ് മമ്മൂട്ടിയുടെ സാന്നിധ്യം. മലയാളത്തില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത രീതിയില്‍ അതിനെ പ്രസന്റ് ചെയ്ത രീതിയും കൈയടി അര്‍ഹിക്കുന്നുണ്ട്.

രണ്ട് കാലഘട്ടത്തെ കൃത്യമായി ചിത്രീകരിക്കാന്‍ കഴിഞ്ഞ അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും, ഷാജി നടുവിലിന്റെ പ്രൊഡക്ഷന്‍ ഡിസൈനും എടുത്തു പറയേണ്ട ഒന്നാണ്. സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തില്‍ മുജീബ് മജീദ് ഒരുക്കിയ സംഗീതവും മികച്ചുനിന്നു. സമീറ സനീഷിന്റെ വസ്ത്രാലങ്കാരവും ഷമീര്‍ മുഹമ്മദിന്റെ അളന്നുമുറിച്ചുള്ള കട്ടുകളും രേഖാചിത്രത്തെ മികച്ച അനുഭവമാക്കി മാറ്റിയിട്ടുണ്ട്.

ഹൊറര്‍ ത്രില്ലറിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന ജോഫിന്‍ ടി. ചാക്കോയുടെ രണ്ടാം വരവ് വെറുതെയായില്ല. തിയേറ്ററില്‍ നിന്ന് തന്നെ കാണേണ്ട മികച്ചൊരു ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ തന്നെയാണ് രേഖാചിത്രം.

Content Highlight: Rekhachithram movie Review

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം