നോട്ട് നിരോധനം, വേദനയ്‌ക്കൊടുവില്‍ സന്തോഷം നല്‍കുന്ന കുഞ്ഞിന്റെ ജനനം പോലെയായിരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ന്യൂദല്‍ഹി: നോട്ട് നിരോധനത്തെ പ്രസവവേദനയോട് ഉപമിച്ച് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. നോട്ട് നിരോധനം, വേദനയ്‌ക്കൊടുവില്‍ സന്തോഷം നല്‍കുന്ന കുഞ്ഞിന്റെ ജനനം പോലെയായിരിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
ദല്‍ഹി ബി.ജെ.പിയുടെ ഐ.ടി സെല്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നോട്ട് നിരോധനം രാജ്യത്തെ കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്ക് എങ്ങനെ നയിക്കുമെന്നതിനെ പറ്റി സംസാരിക്കവെ കറന്‍സിയുടെ ഉപയോഗം പരാമാവധി കുറയ്ക്കുക എന്നതായിരുന്നു നോട്ട് നിരോധനത്തിനു പിന്നിലെ സര്‍ക്കാര്‍ പ്രേരണയെന്നും അദ്ദേഹം വ്യക്തമാക്കി.
ബാങ്കുകളില്‍ നിക്ഷേപിച്ചതുകൊണ്ടു മാത്രം കള്ളപ്പണം അതല്ലാതാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് സഭയില്‍ സംസാരിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും പ്രസാദ് പറഞ്ഞു. രണ്ടു പേര്‍ സംസാരിക്കുന്നത് കേള്‍ക്കാനായിരുന്നു താന്‍ അക്ഷമനായി കാത്തിരുന്നത്. മന്‍മോഹന്‍ സിങ്ങും രാഹുല്‍ ഗാന്ധിയുമായിരുന്നു അത്, രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ ഓണ്‍ലൈന്‍ പണമിടപാടുകളില്‍ 400 മുതല്‍ 1000 ശതമാനം വരെ വര്‍ധനയുണ്ടായി. നവംബര്‍ എട്ടുമുതല്‍ ഇന്നുവരെ രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ 400 മുതല്‍ 1000 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. മാസ്റ്റര്‍, വിസാ കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള പണമിടപാടുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇ-വാലറ്റുകളിലൂടെയുള്ള പണമിടപാടുകള്‍ ദിനംപ്രതി 17 ലക്ഷമായിരുന്നത് 63 ലക്ഷമായി ഉയര്‍ന്നു. ഇവാലറ്റുകളിലൂടെ അനുദിനം 52 കോടി രൂപയുടെ പണമിടപാടുകള്‍ നടന്നിരുന്ന സ്ഥാനത്ത് ഇന്ന് 191 കോടി രൂപയുടെ ഇടപാടുകളാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡിജിറ്റല്‍ പണമിടപാട് വര്‍ദ്ധിക്കുന്നതിലൂടെ മുഴുവന്‍ പണത്തിനും നികുതി ലഭിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും. കൂടുതല്‍ പണം ബാങ്കുകളിലേക്കെത്തുന്നതോടെ മികച്ച ജനക്ഷേമ പദ്ധതികള്‍ രൂപീകരിക്കുന്നതിന് സര്‍ക്കാരിനും അവസരം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.