Kerala
53 വര്‍ഷം പുതുപ്പള്ളി ഉമ്മന്‍ ചാണ്ടി ഭരിച്ചിട്ടും അവിടം ഒരു പാര്‍ട്ടി ഗ്രാമമായില്ല, മറ്റാരെങ്കിലുമായിരുന്നെങ്കില്‍ പാര്‍ട്ടി പൊലീസ് സ്റ്റേഷനും പാര്‍ട്ടി കോടതിയുമൊക്കെ ഉണ്ടായേനെ: രമേഷ് പിഷാരടി
കോട്ടയം: 53 വര്‍ഷം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി ഭരിച്ചിട്ടും അവിടം ഒരു പാര്‍ട്ടി ഗ്രാമമായില്ലെന്നും മറ്റാരെങ്കിലുമായിരുന്നെങ്കില്‍ അവിടെ പാര്‍ട്ടി പൊലീസ് സ്റ്റേഷനും പാര്‍ട്ടി കോടതിയും ഉണ്ടായേനെയെന്ന് നടനും കോണ്‍ഗ്രസ് അനുഭാവിയുമായ രമേഷ് പിഷാരടി. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസാരിക്കവേയായിരുന്നു ഇടതുപക്ഷത്തിനെതിരെ പിഷാരടി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
‘ 53 വര്‍ഷമാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളി ഭരിച്ചത്. എന്നിട്ടും പുതുപ്പള്ളി കോണ്‍ഗ്രസിന്റെ ഒരു പാര്‍ട്ടി ഗ്രാമമല്ല. ഇവിടെ എല്ലാ സ്വാതന്ത്ര്യത്തോടും അവകാശത്തോടും കൂടി എല്ലാവര്‍ക്കും പറയാനും പ്രവര്‍ത്തിക്കാനുമെല്ലാമുള്ള അവകാശമുണ്ട്. ഇവിടെ മറ്റാരെങ്കിലുമായിരുന്നെങ്കില്‍
പാര്‍ട്ടി പൊലീസ് സ്റ്റേഷനും പാര്‍ട്ടി കോടതിയും പാര്‍ട്ടി തീരുമാനങ്ങളും ഉണ്ടാകുമായിരുന്നു.
ഇന്ന് അതില്ലാതെ നമുക്കെല്ലാം വളരെ സ്വതന്ത്രമായി നമുക്ക് നമ്മുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ പറയാനും പ്രവര്‍ത്തിക്കാനും പറ്റുന്നത് ഈ പാര്‍ട്ടി ഇവിടെ ഇത്രനാള്‍ ഭരിച്ചതുകൊണ്ടാണ്. അത് അങ്ങനെ തന്നെ തുടരേണ്ടത് ഈ നാടിന്റെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണ്,’ രമേഷ് പിഷാരടി പറഞ്ഞു.
പുതുപ്പള്ളി പ്രചരണവുമായി ബന്ധപ്പെട്ട് വരേണ്ടതില്ല എന്നായിരുന്നു കരുതിയതെന്നും കഴിഞ്ഞ കുറച്ചു നാളുകളായി മിണ്ടാതിരിക്കുന്ന ട്രെന്‍ഡാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും പിഷാരടി പറഞ്ഞു.
മിണ്ടുകയാണെങ്കില്‍ തന്നെ ഒന്നോ രണ്ടോ പഴഞ്ചൊല്ലുകള്‍ പറയുകയോ മറ്റോ മതിയെന്നാണ് വിചാരിച്ചത്. എന്നാല്‍ എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞു, അനവസരത്തില്‍ ഒട്ടും ചേരാത്ത പഴഞ്ചൊല്ല് പറഞ്ഞിട്ട് കാര്യമില്ലെന്നും അവിടെ പോയി എന്തെങ്കിലും രണ്ട് വാക്ക് സംസാരിക്കണമെന്നും, അങ്ങനെയാണ് ഇവിടേക്ക് വന്നത്.
അടുത്തിടെ ഒരാള്‍ എന്നോട് പറഞ്ഞു ചാണ്ടി ഉമ്മന്‍ ഉമ്മന്‍ ചാണ്ടി സാറിനെ അതുപോലെ തന്നെ അനുകരിക്കുകയാണെന്നും മുടിയൊക്കെ അങ്ങനെ തന്നെ ഇരിക്കുന്നു എന്നൊക്കെ. ഇപ്പോള്‍ ഞാനൊക്കെ അദ്ദേഹത്തെ അനുകരിക്കുകയാണെങ്കില്‍ ശരി. ഇത് അനുകരണം എന്താണ് പൈതൃകം എന്താണ് എന്ന് കണ്ടാല്‍ മനസിലാത്തവരോട് എന്ത് പറയാനാണ്. ഉമ്മന്‍ചാണ്ടി സാറിന്റെ മകന്‍ അദ്ദേഹത്തെപ്പോലെയല്ലേ ഇരിക്കൂ. അതില്‍ എന്ത് അനുകരണമാണ് ഉള്ളത്, പിഷാരടി ചോദിച്ചു.
കോണ്‍ഗ്രസ് ഒരു കാര്യത്തിലും തള്ളേണ്ടതില്ലെന്നും എന്നാല്‍ ചെയ്ത കാര്യങ്ങളെങ്കിലും വിളിച്ചു പറയാന്‍ തയ്യാറാകേണ്ടതുണ്ടെന്നും പിഷാരടി പരിപാടിയില്‍ പറഞ്ഞു.
‘നമ്മള്‍ തള്ളണ്ട. ചെയ്തത് എങ്കിലും പറഞ്ഞാല്‍ മതി. ഇവിടെ ഓടുന്ന എല്ലാ ട്രെയ്‌നുകളും കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. ഒരു ആഘോഷവും ഇല്ലായിരുന്നു. എന്നാല്‍ വന്ന ഒരു ട്രെയിനെ കുറിച്ചും വരുമെന്ന് പറയുന്ന ട്രെയിനിന്റെ പേരിലും എന്ത് വലിയ ആഘോഷമാണ് നടന്നുകൊണ്ടിക്കുന്നത്. കേരളത്തില്‍ എല്ലാ മെഡിക്കല്‍ കോളേജും കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. പക്ഷേ നമ്പര്‍ വണ്‍ ആയെന്ന് തള്ളുന്നത് മറ്റുള്ളവരാണ്. നമ്മള്‍ ചെയ്ത കാര്യങ്ങളെങ്കിലും എല്ലാകാലത്തും നമ്മള്‍ പറയേണ്ടതുണ്ട്. അതിനുള്ള സാഹചര്യവും കാലവുമാണ് വന്നിരിക്കുന്നത്.
25 വര്‍ഷം തന്നാല്‍ കേരളം സിംഗപ്പൂരാക്കിത്തരാം എന്ന് ഒരു നേതാവ് അടുത്തിടെ പറഞ്ഞു. ഒന്നുകില്‍ ഇവര്‍ സിംഗപ്പൂര്‍ കണ്ടിട്ടില്ല. അത് ഉറപ്പാണ്. അല്ലാതെ എങ്ങനെ ഇങ്ങനെ പറയാന്‍ പറ്റും. 35 വര്‍ഷം കൊണ്ട് വടക്കേ ഇന്ത്യയില്‍ ഒരു സിംഗപ്പൂര്‍ ഉണ്ടാക്കിയത് നമ്മള്‍ കണ്ടതാണല്ലോ,’ പിഷാരടി പറഞ്ഞു.
Content Highlight: Ramesh pisharody about Puthuppally Election and Cricise Left parties