Entertainment
സ്ലോ മോഷന്‍ ഇല്ലാതെ രജിനികാന്തിന് നിലനില്‍ക്കാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല: രാം ഗോപാല്‍ വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 13, 04:41 am
Thursday, 13th February 2025, 10:11 am

ഒരു താരം, നടന്‍ എന്നിവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് രാം ഗോപാല്‍ വര്‍മ. അഭിനയം എന്നാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നും ഒരു താരമാകുക എന്നാല്‍ ഒരു പ്രകടനം കാഴ്ചവയ്ക്കുക എന്നുമാണ് രാം ഗോപാല്‍ വര്‍മ പറഞ്ഞത്.

ആളുകള്‍ താരങ്ങളെ ഡെമിഗോഡുകളെ പോലെയാണ് കാണുന്നത്, ഡെമിഗോഡുകള്‍ക്ക് കഥാപാത്രങ്ങളാകാന്‍ കഴിയില്ല – രാം ഗോപാല്‍ വര്‍മ

രണ്ടും തമ്മില്‍ നല്ല വ്യത്യാസം ഉണ്ടെന്നും രജിനികാന്ത് ഒരു നല്ല നടനാണോ എന്ന് ചോദിച്ചാലും സ്ലോ മോഷന്‍ ഇല്ലാതെ രജിനികാന്തിന് നിലനില്‍ക്കാന്‍ കഴിയുമോ എന്നും തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമയില്‍ അമിതാഭ് ബച്ചന് വയറുവേദനയുള്ള രംഗം കണ്ടുവെന്നും അമിതാഭ് ബച്ചനെ അത്രയും ദുര്‍ബലമായ അവസ്ഥയില്‍ താന്‍ കാണാന്‍ ആഗ്രഹിക്കാത്തതുകൊണ്ട് ആ സീന്‍ ഇഷ്ടപ്പെട്ടില്ലെന്നും രാം ഗോപാല്‍ വര്‍മ പറഞ്ഞു. ആളുകള്‍ താരങ്ങളെ ഡെമിഗോഡുകളെ (അര്‍ദ്ധദേവന്മാര്‍) പോലെയാണ് കാണുന്നതെന്നും ഡെമിഗോഡുകള്‍ക്ക് കഥാപാത്രങ്ങളാകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രാം ഗോപാല്‍ വര്‍മ.

‘അഭിനയം എന്ന് പറയുന്നത് കഥാപാത്രത്തെ കുറിച്ചാണ്. ഒരു സ്റ്റാര്‍ എന്നത് പെര്‍ഫോമന്‍സിനെ കുറിച്ചും. രണ്ടും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. രജിനികാന്ത് ഒരു നല്ല നടനാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല.

ഭിക്ഷു മാത്ര (രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത സത്യ എന്ന സിനിമയിലെ കഥാപാത്രം) പോലെയുള്ള ഒന്ന് അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. പക്ഷെ അദ്ദേഹത്തിന് അദ്ദേഹത്തെ അങ്ങനെ കാണാനായിരിക്കും ഇഷ്ടം.

സ്ലോ മോഷന്‍ ഇല്ലാതെ രജിനികാന്തിന് നിലനില്‍ക്കാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല.

ഒരു സിനിമയില്‍ അമിതാഭ് ബച്ചന് വയറുവേദനയുള്ള ഒരു രംഗം ഉണ്ടായിരുന്നത് ഞാന്‍ ഓര്‍ക്കുന്നു. പികു എന്ന സിനിമക്കും വളരെ മുമ്പായിരുന്നു അത്. അമിതാഭിനെ ഇത്രയും ദുര്‍ബലമായ അവസ്ഥയില്‍ കാണാമെന്ന് ഞാന്‍ കരുതിയില്ല.

അതുകൊണ്ടുതന്നെ എനിക്ക് ആ രംഗം ഇഷ്ടപ്പെട്ടില്ല. ആളുകള്‍ താരങ്ങളെ ഡെമിഗോഡുകളെ പോലെയാണ് കാണുന്നത്, ഡെമിഗോഡുകള്‍ക്ക് കഥാപാത്രങ്ങളാകാന്‍ കഴിയില്ല,’ രാം ഗോപാല്‍ വര്‍മ പറയുന്നു.

Content highlight: Ram Gopal Varma says Without slow motion, I don’t know if Rajinikanth can exist