Entertainment
റഹ്‌മാനെ വഴക്ക് പറയാനാണ് മണിരത്നം പോയത്, എന്നാൽ ട്യൂൺ കേട്ട് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു: രാജീവ് മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 15, 12:33 pm
Thursday, 15th June 2023, 6:03 pm

സിനിമ പ്രേമികൾക്ക് ഏറ്റവും ഇഷ്ടമുള്ള കോമ്പോയാണ് മണിരത്നം-എ.ആർ റഹ്‌മാൻ. ഇരുവരും ഒത്തുചേർന്നിട്ടുള്ളപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചിട്ടുള്ളത് എവർ ഗ്രീൻ ഹിറ്റുകളാണ്. തൊണ്ണൂറുകൾ മുതൽ എ. ആർ റഹ്‌മാൻ ഗാനങ്ങൾ റീമേക്കുകളുടെ രൂപത്തിലും പ്രേക്ഷകർ ആസ്വദിക്കുന്നുണ്ട്. ഏറെ ശ്രദ്ധേയമായിട്ടുള്ള മണിരത്നം സിനിമകൾക്ക് കാമറ ചലിപ്പിച്ച സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ തന്റെ സിനിമ ഓർമകൾ പങ്കുവെക്കുകയാണ്.

ഷൂട്ട് ചെയ്യേണ്ട സമയം ആയിട്ടും എ.ആർ റഹ്‌മാൻ ‘ഹമ്മ ഹമ്മ’ എന്ന ഗാനം കമ്പോസ് ചെയ്ത് നൽകിയിരുന്നില്ലെന്ന് രാജീവ് മേനോൻ പറഞ്ഞു. സംവിധായകൻ മണിരത്നം എ.ആർ റഹ്മാനോട് ദേഷ്യപ്പെടാനായി ചെന്നപ്പോൾ മനോഹരമായ മറ്റൊരു ട്യൂൺ കേൾപ്പിച്ചെന്നും അത് കേട്ടപ്പോൾ മണിരത്നത്തിന്റെ കണ്ണുകൾ നിറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഒ 2 ഇന്ത്യ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബോംബെ എന്ന ചിത്രം ചെയ്യുമ്പോൾ ‘ഹമ്മ ഹമ്മ’ എന്ന പാട്ട് ഷൂട്ട് ചെയ്യേണ്ട സമയമായിട്ടും ഗാനം കംപോസ് ചെയ്ത് കിട്ടിയിട്ടുണ്ടായിരുന്നില്ല. ഈ ഗാനം ഷൂട്ട് ചെയ്തതിനു ശേഷം വേണം ഞങ്ങൾക്ക് കലാപത്തിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ. പാട്ട് ഇന്ന് കിട്ടും നാളെ കിട്ടും എന്നോർത്ത് ഞങ്ങൾ ഇരിക്കുകയായിരുന്നു. പക്ഷെ വിവരം ഒന്നുമുണ്ടായില്ല. അന്ന് മൊബൈൽ ഫോൺ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. ആരുടെയോ ഫോണിൽ നിന്നും റഹ്മാനെ വിളിച്ചു. അപ്പോൾ അദ്ദേഹം വീട്ടിലേക്ക് വരാൻ പറഞ്ഞു. ഞാനും മണി സാറും അടുത്ത ദിവസം ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു,’ രാജീവ് മേനോൻ പറഞ്ഞു.

ഞങ്ങൾ എ.ആർ റഹ്‌മാൻ പറഞ്ഞതനുസരിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നു. അപ്പോൾ റഹ്‌മാൻ പറഞ്ഞത് അദ്ദേഹത്തിന്റെ കയ്യിൽ ഇപ്പോഴും ഗാനം ആയിട്ടില്ലെന്നാണ്. പിന്നെ എന്തിനാണ് ഞങ്ങളെ ഇങ്ങോട്ട് വിളിച്ചതെന്ന് മണിരത്നം ചോദിച്ചു.

എന്റെ കയ്യിൽ മറ്റൊരു ട്യൂൺ ഉണ്ടെന്ന് പറഞ്ഞ്‌ അദ്ദേഹം ഒരു ട്യൂൺ കേൾപ്പിച്ചു. അത് ബോംബെയുടെ തീം മ്യൂസിക് ആയിരുന്നു. അത് കേട്ടപ്പോൾ എന്റെയും മണിയുടെയും (മണിരത്നം) കണ്ണിൽ നിന്ന് കണ്ണുനീർ വന്നു.

റഹ്‌മാൻ, നിങ്ങളെന്താണ് ഈ കമ്പോസ് ചെയ്തിരിക്കുന്നത്, ഞാൻ താങ്കളെ വഴക്ക് പറയാനായി വന്നപ്പോൾ ഈ ഗാനം കൊണ്ട് എന്നെ കരയിപ്പിച്ചല്ലോ എന്നാണ് മണി പറഞ്ഞത്. ഈ ഗാനത്തിനായി മൂന്ന് ദിവസം എടുത്തതുകൊണ്ടാണ് തനിക്ക് ‘ഹമ്മ ഹമ്മ’ ചെയ്യാൻ കഴിയാത്തിരുന്നതെന്ന് റഹ്‌മാൻ പറഞ്ഞു. ആ ചിത്രത്തിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് വഴി റഹ്‌മാൻ ഫോർമുലകൾ ബ്രേക്ക് ചെയ്യുകയായിരുന്നു,’ രാജീവ് പറഞ്ഞു.

Content Highlights: Rajiv Menon on A.R Rahman and Manirathnam