സഞ്ജുവിന്റെ മണ്ടത്തരം, തലതിരിഞ്ഞ പരീക്ഷണം, തലക്ക് അടിയേറ്റ് രാജസ്ഥാന്‍; ഇനി അരുതേ എന്ന് ആരാധകര്‍
IPL
സഞ്ജുവിന്റെ മണ്ടത്തരം, തലതിരിഞ്ഞ പരീക്ഷണം, തലക്ക് അടിയേറ്റ് രാജസ്ഥാന്‍; ഇനി അരുതേ എന്ന് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th April 2023, 11:17 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആദ്യ ഹോം മത്സരത്തിറങ്ങിയിരിക്കുകയാണ്. അസമിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് രാജസ്ഥാന്റെ എതിരാളികള്‍.

ടോസ് നേടിയ രാജസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും ക്യാപ്റ്റന്‍ ശിഖര്‍ ധവാന്റെയും മികച്ച ഇന്നിങ്‌സിന്റെ ബലത്തില്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടിയിരുന്നു.

പ്രഭ്‌സിമ്രാന്‍ 34 പന്തില്‍ നിന്നും 60 റണ്‍സ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ 56 പന്തില്‍ നിന്നും 86 റണ്‍സ് സ്വന്തമാക്കി. 16 പന്തില്‍ നിന്നും 27 റണ്‍സ് നേടിയ ജിതേഷ് ശര്‍മയും സ്‌കോറിങ്ങിലേക്ക് കാര്യമായ സംഭാവനകള്‍ ചെയ്തിരുന്നു.

198 റണ്‍സ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ രാജസ്ഥാന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത് യശസ്വി ജെയസ്വാളും ആര്‍. അശ്വിനും ചേര്‍ന്നായിരുന്നു. രാജസ്ഥാന്റെ സ്ഥിരം ഫോര്‍മുലയായ ജെയ്‌സ്വാള്‍ – ബട്‌ലര്‍ കോംബോയില്‍ നിന്നും മാറിയായിരുന്നു രാജസ്ഥാന്‍ അശ്വിന് പ്രൊമോഷന്‍ നല്‍കിയത്.

നാല് പന്ത് നേരിട്ട് പൂജ്യം റണ്‍സിനായിരുന്നു അശ്വിന്‍ മടങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ ഒന്നാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ രാജസ്ഥാന് ഈ മത്സരത്തില്‍ ഒന്നാം വിക്കറ്റില്‍ തന്നെ തിരിച്ചടി നേരിടുകയും ചെയ്തു.

ആദ്യ വിക്കറ്റില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സാധിക്കാതെ പോയതും അശ്വിന്‍ പൂജ്യത്തിന് പുറത്തായതും ആരാധകരെ ഏറെ നിരാശരാക്കിയിട്ടുണ്ട്. ഇത്തരം തലതിരിഞ്ഞ പരീക്ഷണങ്ങള്‍ ഇനി വേണ്ട എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

 

 

ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെയായിരുന്നു ആദ്യ വിക്കറ്റായി ജെയ്‌സ്വാളിനെ രാജസ്ഥാന് നഷ്ടമായത്. പിന്നാലെയെത്തിയ ജോസ് ബട്‌ലര്‍ മികച്ച രീതിയില്‍ ബാറ്റ് വീശി. ഒരറ്റത്ത് അശ്വിനെ നിര്‍ത്തി മറുവശത്ത് സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു ബട്‌ലറിന്റെ തന്ത്രം. എന്നാല്‍ നാലാം ഓവറിലെ രണ്ടാം പന്തില്‍ അശ്വിന്‍ ഡക്കായി മടങ്ങി.

11 പന്തില്‍ നിന്നും 19 റണ്‍സുമായി ബട്‌ലറും മടങ്ങിയതോടെ ബര്‍സാപര സ്റ്റേഡിയം മൂകമായി. എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആഞ്ഞടിച്ചു. 25 പന്തില്‍ നിന്നും 42 റണ്‍സ് നേടി സഞ്ജുവും മടങ്ങി.

നിലവില്‍ 14 ഓവര്‍ പിന്നിടുമ്പോള്‍ 121 റണ്‍സിന് നാല് എന്ന നിലയിലാണ് രാജസ്ഥാന്‍. 25 പന്തില്‍ നിന്നും 21 റണ്‍സുമായി ദേവ്ദത്ത് പടിക്കലും 11 പന്തില്‍ നിന്നും 20 റണ്‍സുമായി റിയാന്‍ പരാഗുമാണ് ക്രീസില്‍.

 

 

Content Highlight: Rajasthan Royals’ experiment failed, Ashwin out for  duck