D' Election 2019
വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി; മലയാളത്തില്‍ രാഹുലിന്റെ ട്വീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 24, 11:54 am
Friday, 24th May 2019, 5:24 pm

 

ന്യൂദല്‍ഹി: വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാന്‍ ബഹുമാനിക്കുന്നെന്നും എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നതായും രാഹുല്‍ പറഞ്ഞു.

‘വിജയിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍, നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങള്‍ക്കും നന്ദി പറയുന്നു. എല്ലാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാന്‍ നന്ദി അറിയിക്കുന്നു’ എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. മലയാളത്തിലായിരുന്നു ട്വീറ്റ്.

കേരളത്തില്‍ ഒരു സ്ഥാനാര്‍ഥിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്നേവരെ ലഭിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ ഗാന്ധി ജയിച്ചത്. 431,770 വോട്ടുകള്‍ക്കാണ് രാഹുല്‍ വിജയിച്ചത്. അതേസമയം വയനാട്ടില്‍ ജയിച്ച രാഹുല്‍ അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയോട് തോറ്റു.

അമേഠിയില്‍ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി രാഹുലിനെ പരാജയപ്പെട്ടത്. വോട്ടെണ്ണലിന്റെ ഒന്നോ രണ്ടോ റൗണ്ടിലൊഴികെ ബാക്കിയുള്ള എല്ലാ ഘട്ടത്തിലും ലീഡ് നിലനിര്‍ത്തിയത് സ്മൃതിയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് മാത്രം 303 സീറ്റുകളാണ് ലഭിച്ചത്. എന്‍.ഡി.എ 349 സീറ്റാണ് പിടിച്ചത്. കോണ്‍ഗ്രസിന് 52 സീറ്റും യു.പി.എയ്ക്ക് 85 സീറ്റുകളുമാണ് ലഭിച്ചത്