'കുറച്ച് കൂടെ ക്ഷമിച്ചു കൂടെ മാധ്യമങ്ങളെ..ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതല്ല നവോത്ഥാനം'; യുവതി പ്രവേശത്തില്‍ പ്രതിഭ എം.എല്‍.എ
കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്നതല്ല നവോത്ഥാനമെന്ന് കായംകുളം എം.എല്‍.എ പ്രതിഭ. ശബരിമല വിഷയത്തിലെ പുനഃപരിശോധനാ ഹരജികളിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ‘കുറച്ച് കൂടെ ക്ഷമിച്ചുകൂടെ മാധ്യമങ്ങളെ..’ എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് നിലപാട് വ്യക്തമാക്കി എം.എല്‍.എ രംഗത്തെത്തിയിരിക്കുന്നത്. നവോത്ഥാനം എന്നാല്‍ സ്ത്രീകളെ മലകയറ്റുന്നതല്ലെന്നും സ്ത്രീകള്‍ നേരിടുന്ന ആക്ഷേപങ്ങളെ ചെറുക്കുന്നതിന് വേണ്ടി സി.പി.ഐ.എം വനിതാ മതില് തീര്‍ത്തിരുന്നെന്നും പ്രതിഭ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആര്.എസ്.എസുകാരും കോണ്‍ഗ്രസുകാരും ഇതിനെതിരെ കള്ള പ്രചരണങ്ങള്‍ നടത്തിയിരുന്നെന്നും അത് ഫലം കാണാതെ വന്നപ്പോള്‍ വിധി സ്റ്റേ ചെയ്തത് സി.പി.ഐ.എം ആണെന്ന മട്ടിലാണ് പ്രചരണം നടക്കുന്നതെന്നും പ്രതിഭ വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയും എം.എല്‍.എ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. സുപ്രീംകോടതി വിധിയുമായി മല കയറാന്‍ വന്നാല്‍ നിങ്ങള്‍ എന്തിനാണ് ക്യാമറയുമായി പിന്നാലെ പോകുന്നതെന്നും എം.എല്‍.എ ചോദിച്ചു.
‘ശബരിമല ധര്‍മ്മശാസ്താവേ … 10 വോട്ടിന് വേണ്ടി ഒരു നേരത്തെ വാര്‍ത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാന്‍ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ’ എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;
കുറച്ച് കൂടെ ക്ഷമിച്ചു കൂടെ മാധ്യമങ്ങളെ .. അന്നും ഇന്നും എന്നും പറയുന്നു നവോത്ഥാനം എന്നാൽ സ്ത്രീകളെ മല കയറ്റുന്നതല്ല.. എന്നാൽ പുരോഗമന സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടന്ന ആക്ഷേപങ്ങളെ ചെറുക്കാൻ പഴയ ഇരുണ്ട കാലത്തേക്ക് നടക്കേണ്ടവരല്ല സ്ത്രീകൾ എന്ന് പറയാൻ ഞങ്ങൾ വനിതാ മതിൽ തീർത്തു. ഈ നാടിനെ വിശ്വാസങ്ങളുടെ തീയിൽ വെന്തു വെണ്ണീറാക്കാൻ ആഗ്രഹിച്ചവർക്ക് എന്റെ പാർട്ടി കൊടുത്ത വ്യക്തമായ മറുപടി ആയിരുന്നു വനിതാ മതിൽ. RSS കാരും പകൽ കോൺഗ്രസും രാത്രി RSS കാരും ആയി കഴിയുന്ന ചിലർ CPIM ന് എതിരെ വനിതാ മതിലിനെതിരെ വ്യാപകമായ കള്ളപ്രചരണങ്ങൾ അഴിച്ചു വിട്ടു. ഒന്നും ഫലം കണ്ടില്ല. ഇപ്പോ സി പി ഐ എം ആണ് സ്റ്റേ വെച്ചത് എന്ന മട്ടിൽ തുടങ്ങി പ്രചരണം..
ഇനി സുപ്രീം കോടതി വിധിയും കൊണ്ട് മല കയറാൻ ആരെങ്കിലും വന്നാൽ നിങ്ങൾ എന്തിനാണ് ക്യാമറയുമായി അവരുടെ പിന്നാലെ പോകുന്നത്. എന്തിനാണ് നമ്മുടെ നാട് കത്തിക്കാൻ കൂട്ട് നിൽക്കുന്നത്. ഭൂപരിഷ്ക്കരണം അട്ടിമറിക്കാൻ കൂട്ടുനിന്നവരൊക്കെ ഇന്ന് ഇന്ത്യയിലെ നമ്പർ 1 ഗവൺമെന്റ് ആയ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റിനെ തകർക്കാൻ അണിയറയിൽ നടത്തുന്ന നീക്കങ്ങൾ തലയിൽ അല്പമെങ്കിലും ആൾ താമസമുള്ളവർക്ക് മനസ്സിലാകും.. ഞങ്ങൾക്കറിയാം വരുന്ന ദിവസങ്ങളിൽ നിങ്ങളൊക്കെ സജീവമാകും. കാരണം വിശ്വാസ സമൂഹമാകുന്ന അട്ടിൻ കുഞ്ഞുങ്ങളുടെ ചോര കുടിയ്ക്കാനായി കഴിഞ്ഞ വർഷം ആട്ടിൻ തോലുമിട്ട് ആട്ടിൻ കുഞ്ഞുങ്ങൾക്കിടയിലേക്ക് വരാൻ ചെന്നായ്ക്കളെ നിങ്ങൾ അഴിച്ചു വെച്ച ആട്ടിൻ തോൽ കുപ്പായം പൊടി തട്ടിയെടുക്കുന്ന ദുർഗന്ധം അത് അറിയാൻ തുടങ്ങിയിട്ടുണ്ട….
ശബരിമല ധർമ്മശാസ്താവേ … 10 വോട്ടിന് വേണ്ടി ഒരു നേരത്തെ വാർത്തക്കുവേണ്ടി ഈ നാട് നശിപ്പിക്കാൻ നോക്കുന്നവരെ അങ്ങ് തന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ